പുണെ: ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ സ്പിൻ ബൗളർ ആർ. അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന ഏഴാമത്തെ താരമായി അശ്വിൻ മാറി. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ മൂന്ന് നിർണായക വിക്കറ്റുകൾ താരം സ്വന്തമാക്കി. 104-ാം ടെസ്റ്റ് മത്സരത്തിലാണ് അശ്വിന്റെ ചരിത്ര നേട്ടം. ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനെയാണ് താരം മറികടന്നത്

നഥാൻ ലിയോണിൻ്റെ 530 വിക്കറ്റ് നേട്ടത്തെ മറികടക്കാൻ മൂന്ന് വിക്കറ്റ് കൂടി അശ്വിന് വേണമായിരുന്നു.ടോം ലാതം, വിൽ യംഗ്, ഡെവൺ കോൺവേ എന്നിവരുടെ വിക്കറ്റുകൾ നേടിയാണ് താരം ചരിത്ര നേട്ടം സ്വന്തമാക്കിയത്.

800 വിക്കറ്റുകൾ വീഴ്ത്തിയ ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരൻ ആണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ (708), ഇംഗ്ലണ്ടിൻ്റെ ജെയിംസ് ആൻഡേഴ്‌സൺ (704), ഇന്ത്യയുടെ അനിൽ കുംബ്ലെ (619), ഇംഗ്ലണ്ടിൻ്റെ സ്റ്റുവർട്ട് ബ്രോഡ് (604), ഓസ്‌ട്രേലിയയുടെ ഗ്ലെൻ മഗ്രാത്ത് (604) എന്നിവരാണ് പട്ടികയിൽ ഉള്ളത്.

ഈ വിക്കറ്റുകളുടെ നേട്ടത്തോടെ നടന്നു കൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്‌ത്തുന്ന താരമെന്ന റെക്കോർഡും അശ്വിൻ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ താരത്തിന്‍റെ വിക്കറ്റ് നേട്ടം 188 ആയി. ആസ്ട്രേലിയൻ സ്പിന്നർ നഥാൻ ലിയോണിനെയാണ് (187 വിക്കറ്റുകൾ) താരം മറികടന്നത്. ഓസീസ് താരങ്ങളായ പാറ്റ് കമ്മിൻസ് (175), മിച്ചൽ സ്റ്റാർക് (147) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിൽ.