ഗുവാഹത്തി: ഐപിഎൽ 2026 പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനോടേറ്റ തോൽവിയിൽ പവർപ്ലേയിലെ ബാറ്റിങ് പ്രകടനം നിർണ്ണായകമായെന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു നായകൻ രജത് പാട്ടിദാർ. രാജസ്ഥാൻ ബാറ്റർമാർ, പ്രത്യേകിച്ച് യുവതാരം വൈഭവ് സൂര്യവംശി പവർപ്ലേയിൽ നടത്തിയ ബാറ്റിംഗാണ് ആർസിബിയിൽ നിന്ന് വിജയം തട്ടിയെടുത്തതെന്ന് പാട്ടിദാർ പറഞ്ഞു. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തകർപ്പൻ ജയം.

202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാനെ വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിങ്ങാണ് തുണച്ചത്. 26 പന്തിൽ നിന്ന് 78 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. പവർപ്ലേ അവസാനിക്കുമ്പോൾ തന്നെ ഒരു വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന ശക്തമായ നിലയിലായിരുന്നു രാജസ്ഥാൻ. "അവരുടെ ബാറ്റർമാർ പവർപ്ലേയിൽ കളിച്ച രീതി, പ്രത്യേകിച്ച് വൈഭവ് ഉണ്ടാക്കിയ ആഘാതം, അതാണ് മത്സരത്തിൽ വലിയ വ്യത്യാസമുണ്ടാക്കിയത്," - മത്സരശേഷം രജത് പാട്ടിദാർ വ്യക്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ആർസിബിയുടെ തുടക്കം പാളിയിരുന്നു. ജോഫ്ര ആർച്ചറുടെ പന്തുകൾക്ക് മുന്നിൽ തകർന്ന് 62 റൺസിന് 4 വിക്കറ്റെന്നും പിന്നീട് 94 റൺസിന് 6 വിക്കറ്റെന്നും നിലയിലേക്ക് വീണ ആർസിബിയെ പാട്ടിദാർ തന്നെയാണ് കരകയറ്റിയത്. 40 പന്തിൽ 63 റൺസ് നേടിയ ക്യാപ്റ്റന്റെ ഇന്നിങ്‌സും അവസാന ഓവറുകളിൽ വെങ്കടേഷ് അയ്യർ (15 പന്തിൽ പുറത്താവാതെ 29) നടത്തിയ മിന്നൽ പ്രകടനവുമാണ് സ്കോർ 201-ൽ എത്തിച്ചത്.

തകർച്ചയിൽ നിന്ന് 202 റൺസ് ലക്ഷ്യം ഉയർത്താൻ സാധിച്ചത് പോസിറ്റീവ് സൂചനയാണെന്നും ഈ തോൽവിയിൽ നിന്ന് ടീമിന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും പാട്ടിദാർ കൂട്ടിച്ചേർത്തു. വൈഭവ് സൂര്യവംശിയും ധ്രുവ് ജുറലും (പുറത്താവാതെ 81) ചേർന്നൊരുക്കിയ 108 റൺസിന്റെ കൂട്ടുകെട്ട് രാജസ്ഥാന് ജയം എളുപ്പമാക്കി. രവീന്ദ്ര ജഡേജ 24 റൺസുമായി പുറത്താവാതെ നിന്നു. 18 ഓവറിൽ തന്നെ രാജസ്ഥാൻ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ രാജസ്ഥാൻ തങ്ങളുടെ തുടർച്ചയായ നാലാം ജയം ആഘോഷിച്ചപ്പോൾ, സീസണിലെ ബെംഗളൂരുവിന്റെ ആദ്യ തോൽവിയായി ഇത് മാറി.