ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർസിബി) ടീം വിൽപ്പനയ്ക്ക് വെയ്ക്കുന്നതായി റിപ്പോർട്ടുകൾ. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ സീസണിൽ ഐപിഎൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ടീമിന്റെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് കൈമാറ്റ നടപടികൾക്ക് ഒരുങ്ങുന്നത്. 17,600 കോടി രൂപ (2 ബില്യൺ യുഎസ് ഡോളർ) വിലയിട്ടാണ് ടീമിനെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ ഉജ്ജ്വല പ്രകടനത്തിലൂടെ കിരീടം നേടിയതിലുള്ള ആത്മവിശ്വാസത്തിലാണ് ഉടമകൾ ഉയർന്ന വില നിശ്ചയിച്ചിരിക്കുന്നത്. ടീമിനായി 18 സീസണുകളിൽ കളിച്ച സൂപ്പർ താരം വിരാട് കോഹ്ലി വാണിജ്യ കരാർ പുതുക്കിയിട്ടില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതും ടീം വിൽപ്പനയ്ക്കുള്ള സൂചനയായി വിലയിരുത്തപ്പെടുന്നു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ആദ്യമായി ഐപിഎൽ കിരീടം നേടിയത്. കിരീട നേട്ടത്തിന്റെ തിളക്കത്തിൽ നിൽക്കുന്ന ഘട്ടത്തിൽ തന്നെ ടീമിനെ വിൽപ്പനയ്ക്ക് വെക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

ടീം കൈമാറുന്ന പുതിയ ഉടമകൾക്ക് വിജയ് മല്യയുടെ കാലത്തെ ബാധ്യതകളും ഏറ്റെടുക്കേണ്ടി വരും. 2012-ലാണ് ഡിയാജിയോ ആർസിബിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തത്. വിജയ് മല്യയുടെ ഉടമസ്ഥതയിലായിരുന്നു 2007-ൽ ടീം ഐപിഎല്ലിൽ അരങ്ങേറിയത്. മല്യയുടെ ബിസിനസ് തകർച്ചയെ തുടർന്ന് യുണൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡ് ഡിയാജിയോയുടെ കീഴിലെത്തുകയായിരുന്നു. ഡിയാജിയോയുടെ പ്രധാന ബിസിനസ് കായിക മേഖലയല്ലാത്തതിനാൽ, ടീമിന് വേണ്ടി പണം മുടക്കുന്നതിനോടും ടീമിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വരുന്ന വൻ ചിലവുകളോടും കമ്പനിക്കുള്ളിലെ ചില ഓഹരി ഉടമകൾക്ക് എതിർപ്പുണ്ടായിരുന്നു. ഈ കാരണങ്ങളാണ് വിൽപ്പന നീക്കത്തിലേക്ക് നയിച്ചതെന്നാണ് സൂചനകൾ.

ഈ വർഷം മാർച്ചിൽ ചുമതലയേറ്റ ഡിയാജിയോയുടെ പുതിയ സിഇഒ പ്രവീൺ സോമേശ്വറിന്റെ നിലപാടും വിൽപ്പന നടപടികൾക്ക് വേഗത കൂട്ടിയിട്ടുണ്ട്. കിരീടം നേടിയ ശേഷമുള്ള വിജയാഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി ആരാധകർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസുകളും നടപടികളും പുരോഗമിക്കുകയാണ്. ഈ സാഹചര്യങ്ങൾ വിൽപ്പനയെ എങ്ങനെ ബാധിക്കുമെന്നും ആരാകും ടീമിനെ ഏറ്റെടുക്കുക എന്നതും കായിക ലോകം ഉറ്റുനോക്കുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ചതും ആരാധക പിന്തുണയുമുള്ള ടീമുകളിലൊന്നാണ് ആർസിബി.