അഡ്‌ലെയ്ഡ് : ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ട് ഇന്ത്യയെ പത്ത് വിക്കറ്റിന് തോൽപ്പിച്ച് നാണം കെടുത്തിയിരിക്കുന്നു. ഇന്ത്യ ഉയർത്തിയ 169 റൺസിന്റെ വിജയലക്ഷ്യം 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്ന ജോസ് ബട്ലറും അലക്‌സ് ഹെയ്ൽസും ചേർന്ന് ഇന്ത്യക്ക് സമ്മാനിച്ചത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേട്.

ഇന്നത്തെ 10 വിക്കറ്റ് തോൽവിയോടെ ടി20 ലോകകപ്പ് ചരിത്രത്തിൽ ഒന്നിൽ കൂടുതൽ തവണ 10 വിക്കറ്റ് തോൽവി വഴങ്ങുന്ന ഒരേയൊരു ടീമായി ഇന്ത്യ. ടി20 ടീം റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഒന്ന് പൊരുതാൻ പോലും കഴിയാതെയാണ് ഇന്ത്യ സെമിയിൽ അടിയറവ് പറഞ്ഞത്. ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർക്കെതിരെ മികച്ച റെക്കോർഡുള്ള ഭുവനേശ്വർ കുമാറിനെ ആദ്യ ഓവറിൽ തന്നെ മൂന്ന് ബൗണ്ടറിയടക്കം 13 റൺസടിച്ച ബട്ലർ തന്നെയാണ് ഇംഗ്ലണ്ടിന്റെ വെടിക്കെട്ടിന് തുടക്കമിട്ടത്.പതിയെത്തുടങ്ങി കത്തിക്കയറിയ ഹെയൽസുംകൂടി ആയതോടെ ഇന്ത്യക്ക് മത്സരം ഉത്തരമില്ലാത്ത ഇംഗ്ലീഷ് പരീക്ഷയായി.

ഇന്ത്യ പരാജയപ്പെട്ട് പുറത്താകുമ്പോൾ ചർച്ചയാകുന്നത് ടൂർണ്ണമെന്റിലുടനീളമുള്ള ടീമിന്റെ ഫോം തന്നെയാണ്.തട്ടിയും മുട്ടിയും വലിയ പരിക്കില്ലാതെ സെമിവരെ എത്തിയെന്നൊഴിച്ചാൽ ആധികാരികമായിരുന്നില്ല ഇന്ത്യയുടെ വിജയം.ഇതിന് ്അപവാദം പാക്കിസ്ഥാനെതിരായ ഒന്നാം മത്സരം മാത്രമായിരുന്നു.ഈ പുറത്താകലിൽ ഇന്ത്യ പരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഐപിഎല്ലും മൂന്ന് ഇന്ത്യൻ ടീമിനുള്ള പ്രതിഭയുമൊക്കെയുണ്ടെന്ന് മേനിപറയാമെങ്കിലും എന്താണ് ഇന്ത്യയുടെ ഈ ഐസിസി ടൂർണമെന്റുകളിലെ തുടർ തോൽവികൾക്ക് കാരണം എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.പത്ത് വർഷത്തിലേറെ കഴിഞ്ഞിരിക്കുന്നു ഇന്ത്യ ഒരു ഐസിസി ടൂർണ്ണമെന്റിൽ കിരീടം നേടിയിട്ട്.

2022 ടി20 ലോകകപ്പിൽ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണം പവർപ്ലേയിലെ മെല്ലെപ്പോക്കാണ്. അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലിനും മാറി നിൽക്കാൻ കഴിയില്ല. ഇരുവരുടേയുംമെല്ലപ്പോക്ക് സെമിക്ക് മുൻപ് വരെ സൂര്യകുമാർ യാദവ്, വിരാട് കോലി എന്നിവരുടെ പ്രകടനത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയി. എന്നാൽ പവർപ്ലേയിൽ എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്ന് ഇന്ത്യക്ക് സെമിയിൽ ഇംഗ്ലണ്ട് ശരിക്കും കാണിച്ച് കൊടുത്തു.

നെതർലൻഡ്സിനെതിരെ ഒരു അർധ സെഞ്ചുറി മാത്രമാണ് രോഹിത്തിന്റെ നേട്ടം. അതും രണ്ട് തവണ ഡച്ച് ഫീൽഡർമാർ കൈവിട്ട ക്യാച്ചിന്റെ ആനുകൂല്യത്തിൽ. രണ്ട് അർധ സെഞ്ചുറി നേടിയ രാഹുലിന്റെ ഈ നേട്ടങ്ങൾ പക്ഷേ ദുർബലരായ ബംഗ്ലാദേശിനും സിംബാബ്വെയ്ക്കും എതിരെയാണ്. ഇരുവരും വലിയ സമ്മർദത്തിലാണ് ഇന്നിങ്സ് തുടങ്ങുന്നത് പതിവാക്കിയത്.

അഡലെയ്ഡ് പോലെ ബാറ്റിങിനേയും സ്ട്രോക് പ്ലേയേയും സഹായിക്കുന്ന ഒരു പിച്ചിൽ പോലും രോഹിത്തും രാഹുലും വീണ്ടും തലതാഴ്‌ത്തി. അഡലെയ്ഡ് ആണ് ഓസ്ട്രേലിയയിൽ ബിഗ് ബാഷിൽ ഏറ്റവും വലിയ സ്‌കോർ പിറക്കുന്ന ഗ്രൗണ്ട്. അവിടെ ഇംഗ്ലണ്ട് പോലെ ഒരു ശക്തമായ ടീമിനെ പരാജയപ്പെടുത്താൻ 180ൽ അധികം റൺസ് വേണമായിരുന്നു. ഹെയ്ൽസും ബട്ലറും ബാറ്റ് വീശിയ നിലയ്ക്ക് ആണെങ്കിൽ 200 പോലും വളരെ എളുപ്പത്തിൽ അവർ മറികടക്കുമായിരുന്നുവെന്ന് വേണം കരുതാൻ.

ചോരുന്ന കൈകൾകൊണ്ട് ലോകകപ്പ് ഉയർത്താനാകില്ല.അത്ര മോശമായിരുന്നു ഇന്ത്യയുടെ ഫീൽഡിങ് ഈ ലോകകപ്പിൽ. ശരാശരിക്കും താഴെ മാത്രമായി പലപ്പോഴും. ചോരുന്ന കൈകൾ നിലത്തിട്ടത്ത് നിരവധി ക്യാച്ചുകൾ. ഫീൽഡിലെ ചടുലതകൊണ്ട് ഒരു മികച്ച നേട്ടം പോലും ഓർത്തുവെക്കാൻ ഇല്ല. രവീന്ദ്ര ജഡേജയെപ്പോലെയൊരു ലോകോത്തര ഫീൽഡറുടെ സേവനവും ഇന്ത്യക്ക് നഷ്ടമായത് തിരിച്ചടിയായി.പോസിറ്റീവ് ആയി കളിക്കുന്ന ഇന്ത്യയെ വലിയ മത്സരങ്ങളിൽ കാണാനേ കഴിയുന്നില്ല.

കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ഇത്തവണ കപ്പ് ലക്ഷ്യമിട്ട് ഇന്ത്യൻ ടീം മിഷൻ ഓസ്ട്രേലിയക്ക് തുടക്കം കുറിച്ചിരുന്നു. രോഹിത്തിന്റെ കീഴിൽ അക്രമണോത്സുകത മുഖമുദ്രയാക്കിയ ടീം ഇംഗ്ലണ്ടിലും നാട്ടിലും പോസിറ്റീവ് ബാറ്റിങിന്റെ വക്താക്കളായി പരമ്പര ജയങ്ങൾ ഒന്നിന് പിന്നാലെ ഒന്നായി സ്വന്തമാക്കി. ഇതായിരിക്കണം ടീമിന്റെ മുഖമുദ്ര എന്ന് പ്രഖ്യാപിച്ച ക്യാപ്റ്റനെ പിന്നീടങ്ങോട്ട് കാണാനെ സാധിച്ചില്ല. ഐപിഎല്ലിൽ തോൽക്കുമെന്ന് ഉറപ്പിച്ച മത്സരം പോലും ജയിപ്പിക്കുന്ന രോഹിത്തിലെ ക്യാപ്റ്റൻസി മാജിക്കും ഇപ്പോൾ കാണാനേയില്ല.

ആത്മവിശ്വാസ നഷ്ടപ്പെട്ട് എതിരാളികളുടെ പിഴവിനായി കാത്തിരിക്കുന്ന പോലെയാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യൻ താരങ്ങളെ കണ്ടത്.ഗ്രൗണ്ടിൽ ഒരു കില്ലർ ആറ്റിറ്റിയൂട് ഇല്ലാതെ എങ്ങനെയാണ് എതിരാളികളെ വിറപ്പിക്കുക.ടീം തിരഞ്ഞെടുപ്പിലും ഇന്ത്യക്ക് പാളിപ്പോയി. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും തകർത്തടിച്ച പലരേയും ഇന്ത്യ തഴഞ്ഞു. മലയാളി താരം സഞ്ജു സാംസൺ ഒരു മികച്ച ഹിറ്ററാണ്. പോസിറ്റീവായി ബാറ്റ് ചെയ്യുന്ന താരമാണ്. ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ തുടങ്ങി നല്ല ഫോമിലുള്ള പല താരങ്ങളേയും ഇന്ത്യ ഒഴിവാക്കി. ദീപക് ഹൂഡയെ ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയ ശേഷം പ്ലേയിങ് ഇലവനിൽ അക്സർ പട്ടേലിനെ ഇന്ത്യ പരീക്ഷിച്ചു. ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഇന്ത്യക്ക് ഒരു സംഭാവനയും നൽകാൻ താരത്തിന് കഴിഞ്ഞില്ല.

ഫിനിഷറുടെ റോളിൽ കൊണ്ടുപോയ ദിനേശ് കാർത്തിക്കിന്റെ ബാറ്റ് സൈലന്റ് മോദിലായിരുന്നു. പകരം പന്തിനെ കൊണ്ടുവന്ന് മാറ്റമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല. ബൗളിങ്ങിൽ ബുറയുടെ വിടവ് നികത്താൻ പോന്ന ഒരാളെ ഇന്ത്യക്ക് കണ്ടെത്താൻ കഴിഞ്ഞില്ല. അർഷ്ദീപും ഭുവനേശ്വറും ഷമിയും മോശമാക്കിയില്ലെങ്കിലും ലോകകപ്പ് ജയിക്കാൻ പോന്ന പ്രകടനം ഇവരിൽ നിന്ന് ഉണ്ടായില്ല. ആദ്യ ലോകകപ്പ് കളിക്കുന്ന അർഷ്ദീപ് പ്രതീക്ഷ നൽകുന്ന താരമാണെന്നത് മാത്രമാണ് ഇന്ത്യക്ക് ഭാവിയിലേക്കുള്ള നേട്ടം.

മറ്റേതെങ്കിലും രാജ്യമായിരുന്നെങ്കിൽ ലോകകപ്പ് തോൽവിക്ക് പിന്നാലെ പല വമ്പന്മാരുടെ തലയും ഉരുളും എന്നത് സംശയമില്ലാത്ത കാര്യമാണ്.പക്ഷെ നമ്മുടെ സെലക്ടർമാരായതിനാൽ അതും കണ്ടറിയണം