- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉത്തർപ്രദേശ് ടി20 പ്രീമിയർ ലീഗിൽ റിങ്കു സിങിന്റെ ബാറ്റിംഗ് വെടിക്കെട്ട്; 45 പന്തില് സെഞ്ചുറി; മീററ്റ് മാവെറിക്സ് ആറ് വിക്കറ്റിൻ്റെ അവിശ്വസനീയ ജയം
ലക്നൗ: ഉത്തർപ്രദേശ് ടി20 പ്രീമിയർ ലീഗിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ താരം റിങ്കു സിങ്. ഗോരഖ്‌പൂർ ലയൺസിനെതിരായ മത്സരത്തിൽ 48 പന്തിൽ പുറത്താകാതെ 108 റൺസാണ് റിങ്കു അടിച്ചു കൂട്ടിയത്. റിങ്കുവിൻ്റെ മികവിൽ മീററ്റ് മാവെറിക്സ് ആറ് വിക്കറ്റിൻ്റെ അവിശ്വസനീയ ജയം സ്വന്തമാക്കി. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മീററ്റ് എട്ടാം ഓവറിൽ 38 റൺസിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് പരാജയം മുന്നിൽക്കണ്ടപ്പോഴാണ് അഞ്ചാമനായി റിങ്കു ക്രീസിലെത്തിയത്.
പിന്നീട് നടന്നത് റിങ്കുവിൻ്റെ ഒറ്റയാൾ പോരാട്ടമായിരുന്നു. ഷാദ് യുവരാജുമൊത്ത് അഞ്ചാം വിക്കറ്റിൽ അപരാജിതമായ 130 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയപ്പോൾ അതിൽ 108 റൺസും റിങ്കുവിൻ്റെ ബാറ്റിൽ നിന്നായിരുന്നു. ഏഴ് ഫോറുകളും എട്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു റിങ്കുവിന്റെ ഇന്നിംഗ്സ്. ഇന്നിംഗ്സിൻ്റെ തുടക്കത്തിൽ 34 പന്തിൽ 58 റൺസെടുത്ത റിങ്കു, അവസാന ഓവറുകളിൽ കത്തിക്കയറി. അടുത്ത 14 പന്തുകളിൽ നിന്ന് 51 റൺസാണ് താരം അടിച്ചുകൂട്ടിയത്. സിക്സർ പറത്തി സെഞ്ചുറി പൂർത്തിയാക്കിയ റിങ്കു, തുടർച്ചയായി മൂന്ന് പന്തുകൾ സിക്സറിന് പറത്തിയാണ് ടീമിൻ്റെ വിജയം ഉറപ്പിച്ചത്. ഷാദ് യുവരാജ് 22 പന്തിൽ 22 റൺസെടുത്ത് മികച്ച പിന്തുണ നൽകി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗോരഖ്‌പൂർ ലയൺസ്, ക്യാപ്റ്റൻ ധ്രുവ് ജുറെലിൻ്റെയും (38) നിഷാന്ത് കുശ്‌വാഹയുടെയും (37) പ്രകടനങ്ങളുടെ ബലത്തിൽ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഈ വിജയത്തോടെ, കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ടാം ജയം നേടിയ മീററ്റ് പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യാ കപ്പ് ടീമിലേക്കുള്ള തിരഞ്ഞെടുത്തതിൽ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് റിങ്കു സിങ്ങിൻ്റെ തകർപ്പൻ പ്രകടനം.