ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ടോസിട്ടതും ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ റിഷഭ് പന്ത്. ഇതിഹാസ താരം എം എസ് ധോണിക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. 2008 മുതല്‍ 2014 വരെയാണ് ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നത്. ഇതില്‍ 27 ജയം നേടിയപ്പോള്‍ 18 തോല്‍വി നേരിട്ടു. 15 മത്സരങ്ങള്‍ സമനിലയായി.

സ്ഥിരം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ അഭാവത്തിലാണ് പന്ത് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഒന്നാം ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റതാണ് ശുഭ്മന്‍ ഗില്ലിന് രണ്ടാം മത്സരം നഷ്ടമാകാന്‍ കാരണം. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ശുഭ്മന്‍ ഗില്ലിന് പകരമായി സായി സുദര്‍ശന്‍ ടീമിലെത്തി. അക്‌സര്‍ പട്ടേലിനെ പുറത്തിരുത്തി പകരം നിതീഷ് കുമാര്‍ റെഡ്ഡിയെയും കളിപ്പിക്കുന്നുണ്ട്. മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, സായി സുദര്‍ശന്‍, ധ്രുവ് ജുറേല്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്.

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: എയ്ഡന്‍ മാര്‍ക്രം, റയാന്‍ റിക്ലത്തണ്‍, വിയാന്‍ മള്‍ഡര്‍, തെംബ ബവൂമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റന്‍ സ്റ്റമ്പ്‌സ്, കൈല്‍ വെരെയ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ ജാന്‍സന്‍, സെനുരാന്‍ മുത്തുസാമി, സൈമണ്‍ ഹാമര്‍, കേശവ് മഹാരാജ്.