സിഡ്‌നി: സ്റ്റുപിഡ്, സ്റ്റുപിഡ്, സ്റ്റുപിഡ്... ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വലിച്ചെറിഞ്ഞ ഋഷഭ് പന്തിനെ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ കമന്ററി ബോക്സിലിരുന്നു ഉച്ചത്തില്‍ പരിഹസിച്ചത് ഇങ്ങനെയായിരുന്നു. അതേ പന്തിനെ ഇപ്പോള്‍ ആരാധകര്‍ വിശേഷിപ്പിക്കുന്നത് ജീനിയസ്, ജീനിയസ്, ജീനിയസ് എന്നാണ്. ആരാധകര്‍ മാത്രമല്ല, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും പ്രശംസയുമായി രംഗത്ത് വന്നുകഴിഞ്ഞു. ബാറ്റര്‍മാരുടെ ശവപ്പറമ്പായി മാറിയ സിഡ്‌നി പിച്ചില്‍ അസാധാരണ ധൈര്യത്തോടെ ഓസിസ് പേസര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച പന്തിനെ വാനോളം പുകഴ്ത്തുകയാണ് സച്ചിന്‍.

ഓസീസിനെതിരായ അഞ്ചാം ടെസ്റ്റില്‍ ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പന്ത് പക്ഷേ അഴിഞ്ഞാടുകയായിരുന്നു. വെറും 29 പന്തില്‍ താരം അര്‍ധ സെഞ്ച്വറി പിന്നിട്ടു. ഒന്നാം ഇന്നിങ്സില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ 40 റണ്‍സെടുത്ത പന്തായിരുന്നു. രണ്ടാം ഇന്നിങ്സിലാണ് താരം നിര്‍ണായക അര്‍ധ സെഞ്ച്വറിയുമായി കളം വാണത്. 33 പന്തില്‍ 4 സിക്സും 6 ഫോറും സഹിതം പന്ത് 61 റണ്‍സുമായാണ് കളം വിട്ടത്.

ഓസ്‌ട്രേലിയയ്ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ത്തടിച്ച് അര്‍ധസെഞ്ചറി നേടിയ ഋഷഭ് പന്ത് തകര്‍ത്തത് അര നൂറ്റാണ്ട് പഴക്കമുള്ള റെക്കോര്‍ഡായിരുന്നു. ഓസീസ് മണ്ണില്‍ ഒരു വിദേശ താരം നേടുന്ന വേഗമേറിയ ടെസ്റ്റ് അര്‍ധസെഞ്ചറിയെന്ന നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്. 29 പന്തില്‍ ആറു ഫോറും മൂന്നു സിക്‌സും സഹിതമാണ് പന്ത് റെക്കോര്‍ഡ് വേഗത്തില്‍ അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയത്.

1895ല്‍ ഇംഗ്ലണ്ടിന്റെ ജോണ്‍ ബ്രൗണും 1975ല്‍ വെസ്റ്റിന്‍ഡീസ് താരം റോയ് ഫ്രെഡറിക്‌സും 33 പന്തില്‍ നേടിയ അര്‍ധസെഞ്ചറികളുടെ റെക്കോര്‍ഡാണ് പന്ത് പുതുക്കിയത്. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചറി കൂടിയാണിത്. 2022ല്‍ ബെംഗളൂരുവില്‍ ശ്രീലങ്കയ്ക്കെതിരെ 28 പന്തില്‍ അര്‍ധസെഞ്ചറി നേടിയ പന്തിന്റെ തന്നെ പേരിലാണ് ഏറ്റവും വേഗമേറിയ അര്‍ധസെഞ്ചറിയുടെ റെക്കോര്‍ഡും.

ഓസീസിന്റെ പ്രധാന ബോളറായ മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഡീപ് മിഡ്വിക്കറ്റിലൂടെ നേടിയ പടുകൂറ്റന്‍ സിക്‌സറിലൂടെയാണ് പന്ത് അര്‍ധസെഞ്ചറി പൂര്‍ത്തിയാക്കിയത്. അര്‍ധസെഞ്ചറിക്കു തൊട്ടുപിന്നാലെ അതേ ദിശയില്‍ സ്റ്റാര്‍ക്കിനെതിരെ ഒരിക്കല്‍ക്കൂടി പടുകൂറ്റന്‍ സിക്‌സര്‍ നേടിയാണ് പന്ത് നേട്ടം ആഘോഷിച്ചത്.

എന്നാല്‍ അടുത്ത ഓവറില്‍ കമിന്‍സിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 33 പന്തില്‍ ആറു ഫോറും നാലു സിക്‌സും സഹിതം 61 റണ്‍സുമായി ഓസീസ് നായകന്‍ പാറ്റ് കമിന്‍സിന് ഇന്നിങ്‌സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചാണ് പന്ത് മടങ്ങിയത്.

സിഡ്‌നിയില്‍ പന്തിന്റെ ബാറ്റിങ് പ്രകടനത്തെ പുകഴ്ത്തി സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ രംഗത്തെത്തി. 'മിക്ക ബാറ്റര്‍മാരും 50 ശതമാനത്തിനു താഴെ സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്‌തൊരു പിച്ചില്‍, 184 സട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്ത് അര്‍ധസെഞ്ചറി നേടിയ പ്രകടനം ശ്രദ്ധേയമാണ്. ആദ്യ പന്തു മുതല്‍ത്തന്നെ പന്ത് ഓസീസ് ബോളര്‍മാരെ തകര്‍ത്തെറിഞ്ഞു. പന്തിന്റെ ബാറ്റിങ് ഏറ്റവും സുന്ദരമായ കാഴ്ചകളിലൊന്നാണ്. എന്തൊരു ഇന്നിങ്‌സായിരുന്നു അത്' സച്ചിന്‍ കുറിച്ചു.

മത്സരത്തില്‍ താരത്തിന്റെ സാഹസികത നിറഞ്ഞ ചില ഷോട്ടുകളുടെ ചിത്രങ്ങള്‍ പങ്കിട്ടാണ് ആരാധകര്‍ പന്തിനെ പുകഴ്ത്തുന്നത്. 27 കോടിയ്ക്ക് ഇത്തവണ പന്തിനെ ടീമിലെത്തിച്ച ഐപിഎല്‍ ടീം ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ജീനിയസ്, ജീനിയസ്, ജീനിയസ് എന്ന ക്യാപ്ഷനോടെ താരത്തിന്റെ വിവിധ ബാറ്റിങ് പൊസിഷനുകളുടെ ചിത്രം പങ്കിട്ടു. ചിലപ്പോള്‍ ധൈര്യശാലിയായി പെരുമാറുന്നതും വിലപ്പെട്ടതാണെന്ന കുറിപ്പും ടീം ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.