ലക്നൗ: ദേശീയ ടീമിൽ നിന്ന് പുറത്താകാൻ കാരണം തോളെല്ലിനേറ്റ പരിക്ക് കാരണമാണെന്ന് വ്യക്തമാക്കി ഇന്ത്യൻ ക്രിക്കറ്റ് താരം റിയാൻ പരാഗ്. പൂർണ ഫിറ്റ്നസ് വീണ്ടെടുത്താൽ ഇന്ത്യൻ ടീമിനായി ഏകദിന, ടി20 ഫോർമാറ്റുകളിൽ കളിക്കാൻ തനിക്ക് കഴിയുമെന്നും 24 വയസ്സുകാരനായ ഓൾറൗണ്ടർ പ്രത്യാശ പ്രകടിപ്പിക്കുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അസം വിദർഭയെ 58 റൺസിന് തോൽപ്പിച്ചതിന് ശേഷം ലക്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിയാൻ പരാഗ്.

ഒരു വർഷത്തിലേറെയായി ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടില്ലാത്ത റിയാൻ പരാഗ്, 2024 ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെയാണ് അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. താരത്തിന്റെ ഏകദിന അരങ്ങേറ്റം 2024 ഓഗസ്റ്റിൽ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു. കഴിഞ്ഞ മാസം, നവംബറിൽ, ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ ഇന്ത്യ എയ്ക്ക് വേണ്ടി റിയാൻ കളിച്ചിരുന്നു. ഡിസംബർ 9-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലേക്ക് റിയാൻ പരാഗിനെ പരിഗണിക്കുമെന്ന സാധ്യതയുണ്ടായിരുന്നെങ്കിലും, ഒടുവിൽ താരത്തെ ടീമിലേക്ക് തിരഞ്ഞെടുത്തില്ല.

"ഞാൻ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. ഇത് എന്റെ വിശ്വാസമാകാം, അല്ലെങ്കിൽ അമിത ആത്മവിശ്വാസമാകാം. നിങ്ങൾക്ക് എന്തും പറയാം. പക്ഷേ, എന്റെ തോളെല്ലിന് പരിക്കേറ്റതുകൊണ്ടാണ് ഞാൻ നിലവിൽ ഇന്ത്യക്ക് വേണ്ടി കളിക്കാത്തതെന്ന് എനിക്കറിയാം. അല്ലാത്തപക്ഷം, എനിക്ക് വൈറ്റ് ബോൾ ഫോർമാറ്റുകളിൽ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഞാൻ പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കുമ്പോൾ, എന്നെ വീണ്ടും ഇന്ത്യൻ ജേഴ്സിയിൽ നിങ്ങൾ കാണും," റിയാൻ പരാഗ് പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ അസം അഞ്ച് മത്സരങ്ങളിൽ രണ്ട് വിജയങ്ങൾ നേടിയെങ്കിലും, ക്യാപ്റ്റൻ റിയാൻ പരാഗിന് ബാറ്റുകൊണ്ട് തിളങ്ങാനായില്ല. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 7.80 ശരാശരിയിൽ 39 റൺസ് മാത്രമാണ് റിയാൻ നേടിയത്. ഈ ടൂർണമെന്റിൽ അദ്ദേഹം ഇതുവരെ പന്തെറിഞ്ഞിട്ടുമില്ല. എന്നിരുന്നാലും, തന്റെ സമീപകാല പ്രകടനത്തിലെ ഇടിവിൽ റിയാൻ പരാഗ് ആശങ്കാകുലനല്ല. "ഇത്തരം ഘട്ടങ്ങളിലൂടെ ഞാൻ പലതവണ കടന്നുപോയിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും (ഐപിഎൽ) മൂന്ന്-നാല് വർഷത്തോളം എനിക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. ഞാൻ ഇപ്പോൾ ഒരു പരിക്കിൽ നിന്ന് മടങ്ങിവരികയാണ്" താരം കൂട്ടിച്ചേർത്തു.