- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റിസ്വാൻ ബിഗ് ബാഷ് നിർത്തി പാക്കിസ്ഥാനിലേക്ക് മടങ്ങണം'; ഐപിഎല്ലിൽ രാജസ്ഥാൻ സ്ക്വാഡിലുള്ളപ്പോൾ ബെഞ്ചിലിരിക്കില്ലെന്ന് യൂനിസ് ഖാൻ പറഞ്ഞിട്ടുണ്ടെന്നും കമ്രാൻ അക്മൽ

ഇസ്ലാമാബാദ്: ഓസ്ട്രേലിയൻ ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിൽ കളിക്കുന്നത് നിർത്തി പാക്കിസ്ഥാനിലേക്ക് മടങ്ങാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനോട് മുൻ പാക്ക് താരം കമ്രാൻ അക്മൽ. നിലവിൽ മെൽബൺ റെനഗേഡ്‌സിനുവേണ്ടി കളിക്കുന്ന റിസ്വാൻ ഫോം കണ്ടെത്താൻ വിഷമിക്കുന്നതിനാലും, അടുത്തിടെ 'റിട്ടയേർഡ് ഔട്ട്' ആയതിന് സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം നേരിട്ടതിനും പിന്നാലെയാണ് അക്മലിന്റെ ഈ പരാമർശം.
ഈ സീസണിൽ മോശം പ്രകടനത്തിലൂടെയാണ് റിസ്വാൻ കടന്നുപോകുന്നതെന്ന് അക്മൽ ചൂണ്ടിക്കാട്ടി. എട്ട് ഇന്നിംഗ്സുകളിൽ നിന്ന് 20.87 ശരാശരിയിലും 101.82 സ്ട്രൈക്ക് റേറ്റിലും വെറും 167 റൺസാണ് റിസ്വാന് നേടാനായത്. സിഡ്നി തണ്ടറിനെതിരായ മത്സരത്തിൽ 23 പന്തിൽ 26 റൺസ് നേടിയതിന് ശേഷം, ടീം മാനേജ്മെന്റിന്റെ തീരുമാനപ്രകാരം 33-കാരനായ റിസ്വാനോട് റിട്ടയേർഡ് ഔട്ടാകാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് അദ്ദേഹത്തിന് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായ പരിഹാസവും വിമർശനവും നേടിക്കൊടുത്തു.
ബാബർ അസമും റിസ്വാനും തങ്ങളുടെ സ്ട്രൈക്ക് റേറ്റ് എങ്ങനെ മെച്ചപ്പെടുത്തണമെന്ന് താൻ മുമ്പും സംസാരിച്ചിട്ടുണ്ടെന്ന് കമ്രാൻ അക്മൽ പറഞ്ഞു. റിസ്വാന്റെ കാര്യത്തിൽ ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും, അദ്ദേഹം പാക്കിസ്ഥാന്റെ മികച്ച താരമാണെന്നും അക്മൽ ഓർമ്മിപ്പിച്ചു. ആദ്യ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോൾ യൂനിസ് ഖാനെ ബെഞ്ചിലിരുത്തിയിരുന്നു.
എന്നാൽ താൻ പാക്കിസ്ഥാൻ ക്യാപ്റ്റനാണെന്നും ബെഞ്ചിലിരിക്കില്ലെന്നും തന്നെ ബഹുമാനത്തോടെ തിരിച്ചയക്കണമെന്നും ടീം മാനേജ്‌മെന്റിനോട് യൂനിസ് ഖാൻ പറഞ്ഞ സംഭവവും അക്മൽ ഉദാഹരണമായി ചൂണ്ടിക്കാട്ടി. ഇത്തരം ടി20 ലീഗുകളുടെ വേഗതയും ഓരോ രാജ്യവും ക്രിക്കറ്റിനെ എത്ര ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും കളിക്കാർ മനസിലാക്കണം. എല്ലാ ടീമുകളിലും ശരാശരിക്ക് മുകളിൽ പ്രകടനം നടത്താൻ കഴിവുള്ള താരങ്ങളുള്ളതുകൊണ്ട്, അതിനനുസരിച്ച് കളിക്കാർ സ്വയം വളരേണ്ടതുണ്ടെന്നും അക്മൽ കൂട്ടിച്ചേർത്തു.


