ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ 20 പേരുടെ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോഹ്ലിയും പുറത്ത്. ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മോശം ഫോമാണ് ഇരു താരങ്ങള്‍ക്കും വിനയായത്.

അതേസമയം ഋഷഭ് പന്ത് ആദ്യ പത്തില്‍ ഇടംപിടിച്ചത് ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷത്തിന് വകയായി. അഞ്ചുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തേയ്ക്കാണ് പന്ത് ഉയര്‍ന്നത്. മുംബൈ ടെസ്റ്റില്‍ രണ്ടു ഇന്നിംഗ്സുകളിലും അര്‍ധ ശതകം കണ്ടെത്തിയതാണ് പന്തിന് ഗുണമായത്. പട്ടികയില്‍ ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യന്‍ താരം യശ്വസി ജയ്സ്വാള്‍ ആണ്. കഴിഞ്ഞ മത്സരങ്ങളിലെ മോശം ഫോമിനെ തുടര്‍ന്ന് ഒരു സ്ഥാനം നഷ്ടപ്പെട്ടങ്കിലും നാലാം സ്ഥാനത്താണ് യശ്വസി.

ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. കെയ്ന്‍ വില്യംസണ്‍, ഹാരി ബ്രൂക്ക്, യശസ്വി ജയ്‌സ്വാള്‍, സ്റ്റീവ് സ്മിത്ത് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. മുംബൈ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 90 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്‍ നാലു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 16-ാം സ്ഥാനത്ത് എത്തി. പട്ടികയില്‍ രോഹിത്തും കോഹ് ലിയും യഥാക്രമം 26,22 സ്ഥാനങ്ങളിലാണ്.

ബൗളര്‍മാരുടെ പട്ടികയില്‍ ന്യൂസിലന്‍ഡിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജഡേജ ആറാം സ്ഥാനത്താണ്. സൗത്ത് ആഫ്രിക്കയുടെ കഗിസോ റബാഡയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ ബൗളര്‍ വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി 46-ാം സ്ഥാനത്ത് എത്തി. ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജും നാല് സ്ഥാനങ്ങള്‍ ഉയര്‍ത്തി 19-ാം സ്ഥാനത്ത് എത്തി.