അഡ്ലെയ്ഡ്: ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ അവസാന ഓവറിൽ ത്രില്ലർ ജയം കുറിച്ചതിന് പിന്നാലെ യുവപേസർ അർഷ്ദീപ് സിംഗിനെ പ്രശംസിച്ച് നായകൻ രോഹിത് ശർമ. അർഷ്ദീപ് നിർണായകമായ രണ്ട് വിക്കറ്റ് നേടിയിരുന്നു. അവസാന ഓവർ മനോഹരമായി എറിഞ്ഞ അർഷ്ദീപാണ് ഇന്ത്യക്ക് അഞ്ച് റൺസിന്റെ വിജയം സമ്മാനിച്ചത്. പിന്നാലെയാണ് രോഹിത് ശർമ യുവതാരത്തെ പ്രകീർത്തിച്ചത്. മഴനിയമപ്രകാരം 5 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മഴ കളിച്ച മത്സരം 16 ഓവറായി ചുരുക്കിയപ്പോൾ പുതുക്കി നിശ്ചയിച്ച 151 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാദേശിനെ ഇന്ത്യ 16 ഓവറിൽ 145-6 എന്ന സ്‌കോറിൽ എറിഞ്ഞൊതുക്കുകയായിരുന്നു.

''ലോകകപ്പിൽ തുടരണമെങ്കിൽ ഞങ്ങൾക്ക് ഈ മത്സരം ജയിക്കണമായിരന്നു. എന്നാൽ പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ ഞങ്ങൾക്ക് സാധിച്ചു. മഴയ്ക്ക് മുമ്പ് അവരുടെ പക്കൽ 10 വിക്കറ്റ് ബാക്കിയുണ്ടായിരുന്നു. എന്നാൽ ഇടവേളയ്ക്ക് ശേഷം കളിമാറി. ടീമിൽ ജസ്പ്രിത് ബമ്രയില്ല. അദ്ദേഹത്തിന് പകരം മറ്റാരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണമായിരുന്നു. അങ്ങനെയാണ് അവസാന ഓവർ എറിയാൻ അർഷ്ദീപ് സിംഗിനെ ഏൽപ്പിക്കുന്നത്. മുഹമ്മദ് ഷമിയെ കൊണ്ട് ചെയ്യിപ്പിക്കണോ എന്ന ചിന്തയും ഉണ്ടായിരുന്നു. എന്നാൽ പുതിയൊരാൾ ചെയ്യട്ടെയെന്നാണ് കരുതിയത്. അവൻ അനായാസമായി സാഹചര്യം കൈകാര്യം ചെയ്യുകയും ചെയ്തു. അതിനുള്ള പരിശീലനമൊക്കെ അർഷ്ദീപിന് നൽകിയിരുന്നു.'' രോഹിത് മത്സരശേഷം പറഞ്ഞു.

കെ എൽ രാഹുലിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''രാഹുലിന്റെ കഴിവ് എന്താണെന്ന് ഞങ്ങൾക്ക് നല്ല ബോധ്യമുണ്ട്. അവന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താൽ ടീമിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ സാധിക്കും. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയെന്ന് ഏഷ്യാകപ്പ് തെളിയിച്ചതാണ്. അദ്ദേഹത്തിന് കുറച്ച് ഇന്നിങ്സുകൾ മതിയായിരുന്നു ഫോമിലെത്താൻ. അത് ലഭിച്ചു. ബംഗ്ലാദേശിനെതിരെ സമ്മർദ്ദമേറിയ മത്സരമായിരുന്നു. അതിനൊത്ത് ഞങ്ങളുടെ ഫീൽഡിംഗും മെച്ചപ്പെട്ടു.'' രോഹിത് പറഞ്ഞുനിർത്തി.

അർധസെഞ്ചുറിയുമായി പുറത്താകാതെ നിന്ന കോലിയായിരുന്നു മത്സരത്തിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. പഴയ വിരാട് കോലിയിലേക്ക് തിരിച്ചെത്തുകയാണോ എന്നായിരുന്നു മത്സര ശേഷം വിഖ്യാത കമന്റേറ്റർ ഹർഷാ ഭോഗ്‌ലെയുടെ ചോദ്യം.

'കടുത്ത മത്സരമായിരുന്നു. ഞങ്ങളാഗ്രഹിക്കാത്ത തരത്തിൽ മത്സരം കടുത്തതായി. ബാറ്റ് കൊണ്ട് മനോഹരമായ മറ്റൊരു ദിനമായി എന്ന് തോന്നുന്നു. എന്നേപ്പോലെ കളിക്കാനാണ് ഇന്നിങ്‌സിൽ ശ്രമിച്ചത്. സമ്മർദമുള്ളപ്പോഴായിരുന്നു ബാറ്റിംഗിന് ഇറങ്ങിയത്.പന്ത് നന്നായി വീക്ഷിക്കുകയായിരുന്നു. ഞാൻ സന്തോഷത്തോടെയുള്ള അവസ്ഥയിലാണ്. ഒന്നുമായും താരതമ്യം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കാലം ഭൂതകാലം തന്നെയാണ്' എന്നും കോലി മത്സരത്തിന് ശേഷമുള്ള സമ്മാനവേളയിൽ പറഞ്ഞു. നാലാം ഓവറിലെ രണ്ടാം പന്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ രണ്ട് റൺസിൽ മടങ്ങിയപ്പോൾ ക്രീസിലെത്തിയ കോലി 44 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 64* റൺസുമായി പുറത്താവാതെ നിന്നു.

ട്വന്റി 20 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ജയത്തോടെ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യ ഒന്നാമതെത്തി. നാല് മത്സരങ്ങളിൽ ആറ് പോയിന്റാണ് ഇന്ത്യക്ക്. ദക്ഷിണാഫ്രിക്കയോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ജയത്തോടെ സെമി സാധ്യതകൾ ഇന്ത്യ സജീവമാക്കി.