ദുബായ്: ഐസിസിയുടെ ഏകദിന റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് മുന്നേറ്റം. പാകിസ്ഥാൻ താരം ബാബർ അസമിനെ പിന്തള്ളി രോഹിത് ബാറ്റർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനമാണ് ബാബർ അസമിന് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം സമാപിച്ച വിൻഡീസിനെതിരെയുള്ള പരമ്പരയിൽ 47, 0, 9 എന്നിങ്ങനെയായിരുന്നു ബാബറിന്റെ സ്കോറുകൾ. ഇതോടെ 751 റേറ്റിംഗ് പോയിന്റുമായി താരം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അതേസമയം, കഴിഞ്ഞ മാർച്ചിൽ അവസാനമായി ഏകദിനം കളിച്ച രോഹിത് 756 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 784 റേറ്റിംഗ് പോയിന്റോടെയാണ് ഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പരമ്പര ആരംഭിക്കുന്നതിന് മുൻപ് ഗില്ലിനെക്കാൾ 16 പോയിന്റ് മാത്രം പിന്നിലായിരുന്ന ബാബറിന് മോശം ഫോമാണ് തിരിച്ചടിയായത്.

പട്ടികയിൽ 736 പോയിന്റുമായി വിരാട് കോഹ്‌ലി നാലാം സ്ഥാനത്തും ന്യൂസിലൻഡിന്റെ ഡാരിൽ മിച്ചൽ അഞ്ചാം സ്ഥാനത്തുമുണ്ട്. ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണ 671 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ഇന്ത്യൻ താരം കുൽദീപ് യാദവാണ് രണ്ടാമത്. പാകിസ്ഥാനെതിരായ പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റ് വീഴ്ത്തിയ വെസ്റ്റ് ഇൻഡീസ് സ്പിന്നർ ഗുഡകേഷ് മോട്ടി അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പന്ത്രണ്ടാമതെത്തി. ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ പട്ടികയിൽ ഒമ്പതാം സ്ഥാനത്തുണ്ട്.