പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിക്കുവേണ്ടിയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പെര്‍ത്തില്‍ വെള്ളിയാഴ്ച തുടക്കമാകാനിരിക്കെ ഇന്ത്യന്‍ ടീമിന് ആശങ്കയായി പ്രമുഖ താരങ്ങളുടെ പരിക്കും നായകന്‍ രോഹിത് ശര്‍മയുടെ പിന്‍വാങ്ങലും. ശുഭ്മാന്‍ ഗില്ലിന് പരിക്കേല്‍ക്കുയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടു നില്‍ക്കുകയും ചെയ്താല്‍ ഇന്ത്യന്‍ ടീമില്‍ കാര്യമായ അഴിച്ചുപണിതന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു.

പരമ്പരയിലെ രണ്ടാം മത്സരത്തിലെ രോഹിത് ടീമിനൊപ്പം ചേരുകയുള്ളു. രോഹിതിന് പകരം പെര്‍ത്ത് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര ടീമിനെ നയിക്കും. നവംബര്‍ 22ന് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിലാണ് ഒന്നാം ടെസ്റ്റ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ നാല് മുതല്‍ അഡ്ലെയ്ഡില്‍ ആരംഭിക്കും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രോഹിത്തിന്റെ ഭാര്യ റിതിക ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കയിത്. ഇതിനെ തുടര്‍ന്നാണ് രോഹിത് നാട്ടില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചത്. ഒന്നാം ടെസ്റ്റില്‍ കളിക്കാന്‍ താനുണ്ടാവില്ലെന്ന് രോഹിത് നേരത്തെ തന്നെ ടീം മാനേജ്മെന്റിനെയും ബി.സി.സി. ഐയെയും അറിയിച്ചിരുന്നു. രോഹിത് ടീമിനൊപ്പം യാത്രചെയ്യാത്തതിനെ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി വിമര്‍ശിച്ചിരുന്നു. രോഹിത്തിന്റെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ഓസ്ട്രേലിയയിലേയ്ക്ക് പോകുമായിരുന്നുവെന്നാണ് ഗാംഗുലി പറഞ്ഞത്.

ഇത് രണ്ടാം തവണയാണ് ബുമ്ര ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. 2021-22 സീസണില്‍ എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന അഞ്ചാം ടെസ്റ്റില്‍ ബുമ്രയായിരുന്നു നായകന്‍. രോഹിത് കോവിഡ് ബാധിതനായതിനെ തുടര്‍ന്നാണ് നായകവേഷം ബുമ്രയുടെ ചുമലില്‍ വന്നത്.

രോഹിത് ശര്‍മ കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പെര്‍ത്തില്‍ പുതിയ ഓപ്പണറെ കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കിലും അഭിമന്യു ഈശ്വരനാകും യശസ്വി ജയ്‌സ്വാളിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ചുമതല. ശുഭ്മാന്‍ ഗില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ കെ എല്‍ രാഹുലിന് അവസരം ലഭിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ വിരാട് കോലി ഇറങ്ങുമ്പോള്‍ അഞ്ചാമനായി ഋഷഭ് പന്ത് ക്രീസിലെത്തും.

സര്‍ഫറാസ് ഖാന് അദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. പരിശീലന മത്സരത്തില്‍ പരിക്കേറ്റതിന് പുറമെ പെര്‍ത്തിലെ ബൗണ്‍സി പിച്ചില്‍ സര്‍ഫറാസിന് തിളങ്ങാന്‍ കഴിയുമോ എന്ന ആശങ്കയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനുണ്ട്. ഈ സാഹചര്യത്തില്‍ ഓസ്‌ട്രേലിയ എക്കെതിരെ തിളങ്ങിയ ധ്രുവ് ജുറെല്‍ സ്‌പെഷലിസ്റ്റ് ബാറ്ററായി ടീമില്‍ കളിക്കുമെന്നാണ് കരുതുന്നത്. ദേവ്ദത്ത് പടിക്കലാണ് പരിഗണിച്ചേക്കാവുന്ന മറ്റൊരാള്‍.

എന്നാല്‍, പരിശീലനത്തിനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ കൈമുട്ടിന് പരിക്കേറ്റ രാഹുലിന്റെ പരിക്ക് പൂര്‍ണമായി ഭേദമായോ എന്ന കാര്യം വ്യക്തമല്ല. എന്നാല്‍, രാഹുല്‍ മത്സരത്തിന് മുന്‍പ് ഫിറ്റ്നസ് കൈവരിക്കുമെന്ന് ബി.സി.സി.ഐ. അറിയിച്ചു.

രവീന്ദ്ര ജഡേജ ടീമിലെ ഏക സ്പിന്നറാകുമ്പോള്‍ നാലു പേസര്‍മാരുമായിട്ടായിരിക്കും ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങുക. ബാറ്റിംഗ് കരുത്ത് കൂട്ടാന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കണോ പകരം സ്‌പെഷലിസ്റ്റ് പേസറെ കളിപ്പിക്കണോ എന്ന ആശയക്കുഴപ്പം ഇന്ത്യക്കുണ്ട്.

നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചില്ലെങ്കില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കും. സമീപകാലത്തെ മികച്ച ഫോമിന്റെ അടിസ്ഥാനത്തില്‍ ആകാശ് ദീപ് പേസ് നിരയിലെത്തുമ്പോള്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടുക മുഹമ്മദ് സിറാജായിരിക്കുമെന്നാണ് കരുതുന്നത്. സ്വന്തം മണ്ണില്‍ ന്യസീലന്‍ഡിനോടേറ്റ ദയനീയ തോല്‍വിയുടെ ഭാരവുമായാണ് കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ ടീം ഓസ്ട്രേലിയയില്‍ എത്തിയത്. അഞ്ച് ടെസ്റ്റാണ് പരമ്പരയിലുള്ളത്.

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിമന്യു ഈശ്വരന്‍, യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, ഋഷഭ് പന്ത്, ധ്രുവ് ജുരെല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി/ പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.