വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. മത്സരശേഷം പരമ്പര നേട്ടവും ജയ്‌സ്വാളിന്റെ സെഞ്ച്വറിയും ആഘോഷിക്കുന്നതിനിടെ, കേക്ക് നിരസിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മത്സരശേഷം പരമ്പര നേട്ടം കേക്ക് മുറിച്ച് ആഘോഷിച്ചു. സെഞ്ച്വറി നേടിയ ജയ്‌സ്വാളാണ് കേക്ക് മുറിച്ചത്. കേക്ക് വിതരണം ചെയ്യുന്നതിനിടെ ജയ്‌സ്വാൾ ആദ്യം വിരാട് കോലിക്ക് കേക്ക് നൽകി. കോലി ചെറിയൊരു കഷ്ണം സ്വീകരിച്ചു. തുടർന്ന് ജയ്‌സ്വാൾ കേക്ക് രോഹിത് ശർമയുടെ നേരെ നീട്ടി. എന്നാൽ, "വേണ്ട, ഞാൻ വണ്ണം വെക്കും" എന്ന് പറഞ്ഞ് രോഹിത് കേക്ക് നിരസിച്ച് നടന്ന് പോകുന്നത് വീഡിയോയിൽ കാണാം. കേക്ക് കഴിക്കാൻ കോലി ആവശ്യപ്പെട്ടെങ്കിലും രോഹിത് തീരുമാനം മാറ്റിയില്ല. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയായിരുന്നു

അവസാന ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 47.5 ഓവറിൽ 270 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർ ക്വിന്റൺ ഡി കോക്ക് 89 പന്തിൽ 106 റൺസെടുത്ത് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററായി. ക്യാപ്റ്റൻ ടെംബാ ബാവുമ 48 റൺസും ഡെവാൾഡ് ബ്രെവിസ് 29 റൺസും മാത്യു ബ്രെറ്റ്‌സ്‌കി 24 റൺസും നേടി. ഇന്ത്യക്കായി കുൽദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം വീഴ്ത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 39.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 121 പന്തിൽ 116 റൺസുമായി പുറത്താകാതെ നിന്ന യശസ്വി ജയ്‌സ്വാൾ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ 12 ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത് ശർമ (73 പന്തിൽ 75 റൺസ്) ജയ്‌സ്വാളിന് മികച്ച പിന്തുണ നൽകി. വിരാട് കോലി 45 പന്തിൽ 65 റൺസുമായി പുറത്താകാതെ നിന്നു.