ബാര്‍ബഡോസ്: ഏറെ മോഹിപ്പിച്ച ഏകദിന ലോകകപ്പ് കിരീടം കയ്യെത്തും ദൂരത്ത് നഷ്ടമായപ്പോള്‍ നിരാശരായ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ട്വന്റി 20 ലോകകപ്പ് കിരീടം നേടിക്കൊടുത്ത ശേഷമാണ് നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയും ടി20 ഫോര്‍മാറ്റിനോട് വിടപറയുന്നത്. ലോകകപ്പ് കിരീട നേട്ടത്തിന് ശേഷമുള്ള ഇന്ത്യന്‍ ടീമിന്റെ ആഘോഷങ്ങള്‍ ആരാധകരുടെ മനം നിറയ്ക്കുന്നതായിരുന്നു.

ഒന്നര പതിറ്റാണ്ടോളം ഇന്ത്യന്‍ ക്രിക്കറ്റിനെ ചുമലിലേറ്റിയ രോഹിതും കോലിയും ചേര്‍ന്ന് ലോകകപ്പ് കിരീടം കരങ്ങളിലുയര്‍ത്തിയപ്പോള്‍ ആ ദൃശ്യങ്ങള്‍ ഇന്ത്യന്‍ ടീം ആരാധകരുടെ ഹൃദയങ്ങളില്‍ ഉയര്‍ത്തിയ ആവേശത്തിര ഇനിയും അടങ്ങിയിട്ടില്ല. ഇന്ത്യയെ കിരീടനേട്ടത്തില്‍ എത്തിച്ചതിന് പിന്നാലെ ടീം ക്യാപ്ടന്‍ രോഹിത് ശര്‍മയും ടീമിലെ കരുത്തന്‍ വിരാട് കോലിയും ടി20യില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.

ഒരേ സമയം ആനന്ദവും നിരാശയും ഉണര്‍ത്തുന്നതായി ഇന്ത്യന്‍ വിജയമെങ്കിലും ആരാധകര്‍ രോഹിത്തിന്റേയും കോലിയുടേയും വിടവാങ്ങല്‍ പ്രഖ്യാപനത്തെ മനസില്ലാമനസ്സോടെ സ്വീകരിച്ചു. ഇന്ത്യയുടെ വിജയനിമിഷങ്ങളുടെ ചിത്രങ്ങളും പോസ്റ്റുകളും ആരാധകര്‍ ആഘോഷിക്കപ്പെടുന്നതിനിടെ ഹൃദയം തൊടുന്ന അടിക്കുറിപ്പോടെ രോഹിത്തിന്റെ അമ്മ പൂര്‍ണിമ ശര്‍മ പോസ്റ്റ് ചെയ്ത ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

രോഹിത്തിനൊപ്പം കോലിയും കിരീടമേന്തി നില്‍ക്കുന്ന എഡിറ്റ് ചെയ്ത ചിത്രമാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. രോഹിത്തിന്റെ തോളില്‍ മകള്‍ ഇരിക്കുന്നതും വലതുവശത്ത് കോലി നില്‍ക്കുന്നതും പുറകില്‍ കാണികള്‍ നിറഞ്ഞ സ്റ്റേഡിയവുമാണ് ചിത്രത്തിലുള്ളത്. 'തോളില്‍ മകള്‍, രാജ്യം പിന്നില്‍, അരികില്‍ സഹോദരനും', പൂര്‍ണിമ ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പിങ്ങനെ. ചിത്രവും ചിത്രത്തിനൊപ്പമുള്ള കുറിപ്പും പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.

https://www.instagram.com/p/C830EC-vrVe/?utm_source=ig_embed&ig_rid=1c510295-efa4-476f-a2a5-9df90a0342c0

രോഹിത്തും കോലിയും തമ്മിലുള്ള നിസ്വാര്‍ഥബന്ധത്തിന്റെ നേര്‍ചിത്രമാണ് പൂര്‍ണിമയുടെ പോസ്റ്റെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. കോലിയെ കുടുംബാംഗമായി കണ്ടിരിക്കുന്ന പൂര്‍ണിമയെ അഭിനന്ദിച്ചും ആരാധകര്‍ കമന്റ് ചെയ്തു. മറ്റൊരു അമ്മയിലുണ്ടായ സഹോദരന്‍, നിങ്ങള്‍ ഒരു രത്നത്തെയാണ് രാജ്യത്തിന് സമ്മാനിച്ചത്... കമന്റുകള്‍ നീളുന്നു.

ടി20 ഗെയിമിനെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉത്തരവാദിത്വം പുതുതലമുറയെ ഏല്‍പിക്കാനുള്ള സമയമായെന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ച് കോലി പറഞ്ഞത്. താന്‍ ആറ് തവണയാണ് ട്വന്റി 20 ലോകകപ്പ് കളിച്ചതെന്നും ഒന്‍പത് തവണ കളിച്ച രോഹിത് ഈ കിരീടത്തിന് തികച്ചും അര്‍ഹനാണെന്നും കോലി കൂട്ടിച്ചേര്‍ത്തു.

അതേ സമയം കിരീടനേട്ടത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ തന്റെ ചിത്രത്തെ പറ്റി രോഹിത് ശര്‍മ പ്രതികരിച്ചിരുന്നു. കിരീടം നേടിയ ശേഷം ബാര്‍ബഡോസിലെ മണ്ണില്‍ കിടക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് രോഹിതിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. കപ്പ് നേടിയപ്പോള്‍ മുതല്‍ ഹാപ്പിയാണ് രോഹിത്. കയ്യില്‍ കിരീടം കിട്ടയത് മുതല്‍ ആര്‍മാദം. ഓടി നടക്കുന്നു. കരയുന്നു. വിരാട് കോലിയെ കെട്ടിപ്പിടിക്കുന്നു. ഹര്‍ദിക് പാണ്ഡ്യക്കൊരുമ്മ കൊടുക്കുന്നു. കുട്ടിയെ തോളിലേറ്റുന്നു.പിന്നെ എല്ലാം മറന്നിങ്ങിനെ ബാര്‍ബഡോസിന്റെ മണ്ണില്‍ നെടുവീര്‍പ്പെടുന്നു.

പോരാട്ടത്തിന് ശേഷമുള്ള വിശ്രമമെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായിരുന്നു ഈ ചിത്രം. ഹിറ്റ്മാന്‍ ഹിറ്റ്ചൈല്‍ഡ് ആയെന്ന് ആരാധകര്‍ അടക്കം പറയുമ്പോഴേക്കും ചിത്രത്തെ പറ്റി രോഹിതിന്റെ പ്രതികരണമെത്തി. 'ഈ നിമിഷത്തെ പറ്റി പറയാന്‍ വാക്കുകളില്ല, എന്റെ വികാരമെല്ലാം ഈ ചിത്രത്തിലുണ്ട്.' ഇതായിരുന്നു രോഹിതിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്. കിരീടവുമായി ഉറക്കമുണരുന്ന ചിത്രവും രോഹിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

അതേസമയം, ബാര്‍ബഡോസില്‍ തുടരുകയാണ് ഇന്ത്യന്‍ ടീം. ശക്തമായ മഴയും ചുഴലിക്കാറ്റും കാരണമാണ് വിമാനയാത്ര വൈകുന്നത്. താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ ചുരുങ്ങി ജീവനക്കാരുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ദുബായ് വഴിയ ഇന്ത്യയിലേക്കുമാണ് യാത്ര നിശ്ചയിച്ചിരുന്നത്.

കാലാവസ്ഥ മെച്ചപ്പെട്ടാല്‍ ബാര്‍ബഡോസില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ടീമിനെ നാട്ടിലെത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. താരങ്ങളും കുടുംബാംഗങ്ങളും പരിശീലകസംഘവും ഉള്‍പ്പടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇതേസമയം ചാംപ്യന്‍ ടീമിന് ബിസിസിഐ സമ്മാനത്തുകയായി 125 കോടി രൂപ പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.