മെൽബൺ: ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ബോക്സിങ് ഡേ ടെസ്റ്റിനു മുന്നോടിയായുള്ള നെറ്റ്സ് പ്രാക്ടീസിൽ താളം കണ്ടെത്താനാവാതെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിന് മുന്നോടിയായി മികച്ച മുന്നൊരുക്കങ്ങളാണ് ഇന്ത്യൻ താരങ്ങൾ നടത്തുന്നത്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശനത്തിനായി വരാനിരിക്കുന്ന മത്സരങ്ങളിൽ വിജയം ഇന്ത്യക്ക് അനിവാര്യമാണ്. പാർട് ടൈം സ്പിന്നർ ദേവ്ദത്ത് പടിക്കലിനെ നേരിടാൻ പോലും രോഹിത് ശർമ പാടുപെട്ടുവെന്നാണു പുറത്തുവരുന്ന വിവരം. കർണാടകയ്ക്കു വേണ്ടി കളിക്കുന്ന മലയാളി താരത്തെ രോഹിത് ശർ‌മ നേരിടുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മൂന്നാം ടെസ്റ്റ് സമനിലയിൽ കലാശിച്ചിരുന്നു.

ബോർഡർ– ഗാവസ്കർ ട്രോഫിയില്‍ ഫോം കണ്ടെത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന രോഹിത് ശർമയ്ക്കു കഴിഞ്ഞ ദിവസം പരുക്കേറ്റിരുന്നു. പേസർ ആകാശ്ദീപിന്റെ പന്തു നേരിടുന്നതിനിടെയാണു രോഹിത്തിനു കാൽമുട്ടിൽ പന്തിടിച്ചു പരുക്കുണ്ടായത്. ഇതോടെ മെൽബൺ ടെസ്റ്റിൽ രോഹിത് കളിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. എന്നാൽ താരത്തിന്റെ പരുക്കു ഗുരുതരമല്ലെന്ന് ബിസിസിഐ വ്യക്തമാക്കി.

വീഡിയോ കാണാം:


നേരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രോഹിത്തിന്റെ ഫോമും, ക്യാപ്റ്റൻസിയെയും സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു. ടെസ്റ്റിൽ 10 ഇന്നിങ്സുകളിൽ നിന്നായി ഒരു അർധ സെഞ്ച്വറി മാത്രമാണ് രോഹിത്തിന് സമ്പാദ്യമായുള്ളത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ രോഹിത് ആദ്യ മത്സരത്തിൽ കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റ് മുതൽ രോഹിത് ടീമിനൊപ്പം ഉണ്ടായിരുന്നുവെങ്കിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചതുമില്ല. പരമ്പരയിൽ രണ്ടക്ക സ്കോർ ​നേടാൻ പോലും രോഹിത്തിന് സാധിച്ചിട്ടില്ല.

അതേസമയം ബോക്സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി നിരവധി വിവാദങ്ങൾ ഉണ്ടായി. രവീന്ദ്ര ജഡേജ നടത്തിയ പത്രസമ്മേളനത്തില്‍ ഓസ്ട്രേലിയന്‍ മാധ്യമങ്ങളെ അവഗണിച്ചുവെന്നാണ് ആക്ഷേപങ്ങൾ നേരത്തെ ഉയർന്ന് വന്നിരുന്നു. നിലവാരമില്ലാത്ത പിച്ചുകളാണ് ഇന്ത്യൻ ടീമിന് മെൽബണിൽ നൽകിയതെന്ന് പരാതിയും ഉയർന്നിട്ടുണ്ട്. ഇന്ത്യൻ താരങ്ങൾക്ക് അനുവദിച്ച പിച്ചുകളില്‍ പേസും ബൗൺസും ഒട്ടും ലഭിക്കുന്നില്ലെന്ന് ബോളർ ആകാശ് ദീപ് വാർത്താ സമ്മേളനത്തിൽ തുറന്നടിക്കുകയും ചെയ്തു. പഴയ പിച്ചുകളിലാണ് ഇന്ത്യൻ താരങ്ങൾ നെറ്റ്സ് പ്രാക്ടീസ് നടത്തുന്നത്. അതേസമയം ഓസ്ട്രേലിയൻ ടീമിന് പുത്തൻ പിച്ചുകൾ തന്നെ മെൽബണിൽ ഒരുക്കി നൽകിയിട്ടുമുണ്ട്. 26നാണ് ബോക്സിങ് ഡേ ടെസ്റ്റിനു തുടക്കമാകുന്നത്.