- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെസ്റ്റില്‍ നിന്നും വിരമിക്കില്ലെന്ന് രോഹിത്; സിഡ്നിയില്‍ ബുംറെയുടെ തന്ത്രങ്ങള്‍ ഇന്ത്യയ്ക്ക് ജയമൊരുക്കിയാല് ക്യാപ്ടന്‍ പദവി ബാറ്റര്‍ക്ക് നഷ്ടമാകും; ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം രോഹിത് ശര്‍മ്മയ്ക്ക് ഇനി നിര്‍ണ്ണായകം; റണ്‍സെടുക്കാന്‍ കഴിയാത്തതിന് കാരണം മോശം ഫോം; രോഹിത് പറയുമ്പോള്‍
സിഡ്നി: രോഹിത് ശര്‍മ്മ കളി മതിയാക്കില്ല. ടെസ്റ്റ് ക്യാപ്ടന്‍ സ്ഥാനവും സ്വയം ഒഴിയില്ല. ഇനിയെല്ലാം ഇന്ത്യന്‍ ടീം സെലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് രോഹിത് ശര്‍മ രംഗത്തു വന്നു. വിരമിക്കാന്‍ പദ്ധതിയിടുന്നില്ലെന്നും മോശം ഫോമിലായതു കൊണ്ട് സ്വയം മാറിനിന്നതാണെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി. അതിനിടെ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ ജയിച്ചാല്‍ കാര്യങ്ങള്‍ രാഹുലിന് എതിരാകും.
ജസ്പ്രീത് ബുംറെയെ സ്ഥിരം ക്യാപ്ടനായി സെലക്ഷന്‍ ബോര്‍ഡ് നിശ്ചയിക്കാന്‍ സാധ്യത ഏറെയാണ്. ഓസ്‌ട്രേലിയയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചത് ബുംറയുടെ നേതൃത്വത്തിലാണ്. ഈ കളിയും ജയിച്ചാല്‍ ടീമിനെ സ്വാധീനിക്കാന്‍ കഴിയുന്ന ക്യാപ്ടനായി ബുംറെ മാറും. സിഡ്നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രോഹിത് ശര്‍മ തന്റെ ഭാവി പദ്ധതികളെ കുറിച്ച് വ്യക്തമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ രോഹിത്താണ് നയിക്കുന്നത്. ഈ ഐസിസി ഏകദിന ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ പ്രകടനം രോഹിത്തിന് നിര്‍ണ്ണായകമാകും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ സാധ്യത സജീവമാക്കാന്‍ സിഡ്നി ടെസ്റ്റിലെ വിജയം ഇന്ത്യന്‍ ടീമിന് അനിവാര്യമാണ്. മത്സരത്തില്‍ പരാജയപ്പെട്ടാന്‍ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ പുറത്താകും. അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ നിലവില്‍ ഓസ്ട്രേലിയ (21) മുന്നിലാണ്. സിഡ്നി ടെസ്റ്റില്‍ ഓസീസിനെ പരാജയപ്പെടുത്തി, പരമ്പര സമനിലയിലാക്കാനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കലാശ പോരിലേക്കുള്ള പ്രതീക്ഷ നിലനിര്‍ത്തുകയുമാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം.
ഇത്തരം ചര്‍ച്ചകള്‍ക്കിടെയാണ് രോഹിത്തിന്റെ അഭിപ്രായം എത്തുന്നത്. നിര്‍ണായകമായ മത്സരമായതിനാല്‍ മികച്ച ഫോമിലുള്ള താരങ്ങള്‍ ആവശ്യമുണ്ട്. അതിനാലാണ് സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്വയം തീരുമാനമെടുത്തതെന്നുമാണ് രോഹിത്തിന്റെ വിശദീകരണം. ആരും പുറത്താക്കിയത് അല്ലെന്ന് കൂടി പറയുകയാണ് രോഹിത്. 'ഞാന്‍ സ്വയം വിട്ടുനിന്നു. സിഡ്നി ടെസ്റ്റുമായി ബന്ധപ്പെട്ട് ഞാനും കോച്ചും തമ്മില്‍ നടന്ന സംഭാഷണം വളരെ ലളിതമാണ്. ബാറ്റിങ്ങില്‍ എന്റെ ഫോം ശരിയല്ല, അതുകൊണ്ട് റണ്ണെടുക്കാനുമാകില്ല. അതിനിര്‍ണായകമായ മത്സരമാണിത്, ഞങ്ങള്‍ക്ക് വിജയം ആവശ്യവുമാണ്. അതിനാല്‍ വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. അവര്‍ എന്റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു.'-രോഹിത് പറയുന്നു.
ടീം പരിശീലകനായ ഗൗതം ഗംഭീറിന്റെ തീരുമാനമായിരുന്നു രോഹിത്തിനെ പുറത്തിരുത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനെയാണ് തള്ളുന്നത്. 'അഞ്ചുമാസങ്ങള്‍ക്ക് ശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. നിലവില്‍ എങ്ങനെ മുന്നോട്ട് പോകണം എന്നതില്‍ ശ്രദ്ധ കൊടുക്കാനാണ് ഞാന്‍ താത്പര്യപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാറിനില്‍ക്കാനുള്ള തീരുമാനം ഒരു വിരമിക്കല്‍ പ്രഖ്യാപനമല്ല. ഞാന്‍ എവിടെയും പോകുന്നില്ല. അഞ്ചു മാസം കഴിഞ്ഞ് ഞാന്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കും എന്നതിനും ഉറപ്പ് പറയാനാവില്ല. ഓരോ ദിവസവും ജീവിതം മാറിമറിയുകയാണ്. ഞാന്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് പോകുന്നു.'
'അതേ സമയം യാഥാര്‍ഥ്യബോധവും പുലര്‍ത്തേണ്ടത് അത്യന്താപേഷിതമാണ്. ഞാന്‍ ഇത്രയും കാലം ഈ ഗെയിം കളിച്ചു. പുറത്ത് നിന്ന് ആര്‍ക്കും ഞാന്‍ എപ്പോള്‍ പോകണം, പുറത്ത് ഇരിക്കണം, ടീമിനെ നയിക്കണം എന്ന് തീരുമാനിക്കാന്‍ കഴിയില്ല. ഞാന്‍ വിവേകവും, പക്വതയുമുള്ള, രണ്ട് കുട്ടികളുടെ പിതാവാണ്. ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് എനിക്ക് നന്നായി അറിയാം', രോഹിത് ശര്‍മ പറഞ്ഞു. അതിനിടെ രോഹിത് ശര്‍മയെ ഏകദിന ടീമിന്റെയും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ആലോചനയെന്ന പ്രചരണം സജീവമാണ്. അടുത്ത മാസം ഒടുവില്‍ ആരംഭിക്കുന്ന ചാംപ്യന്‍സ് ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയ്ക്ക് പകരം സ്റ്റാര്‍ ഓള്‍റൗണ്ടറും മുന്‍ വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്തേക്കു വന്നേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന് സാധ്യത കുറവാണ്.
സമ്മര്‍ദ ഘട്ടങ്ങളില്‍ ടീമിനെ നയിക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. മുന്‍പ്ഏകദിന ടീമിനെ നയിച്ചുള്ള അനുഭവ സമ്പത്തും ഹാര്‍ദിക്കിന് ഗുണം ചെയ്യും. ഓള്‍റൗണ്ടറായും ക്യാപ്റ്റനായും മികവ് പുലര്‍ത്താന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ചാംപ്യന്‍സ് ട്രോഫി പോലുള്ള ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ നയിക്കാന്‍ ഹാര്‍ദിക്കിന് കഴിയുമെന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ മൂന്ന് ടെസ്റ്റുകളില്‍ നിന്നായി 30 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. 2024ല്‍ 14 ടെസ്റ്റുകള്‍ കളിച്ച രോഹിത് ശര്‍മ 619 റണ്‍സ് മാത്രമാണ് നേടിയത്. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയാണ് രോഹിത് ശര്‍മയുടെ അവസാന ടെസ്റ്റ് സെഞ്ച്വറി. എന്നാല്‍ ഏകദിനത്തില്‍ രോഹിത്തിന് ആഞ്ഞടിക്കാന്‍ കഴിയുമെന്ന് തന്നെയാണ് വിലയിരുത്തല്‍.
രോഹിത്തിന്റെ ടീമിലെ സ്ഥാനമാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട വൃത്തങ്ങളിലെ പ്രധാന ചര്‍ച്ച. രോഹിത് വിട്ടുനിന്ന പെര്‍ത്തിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ജസ്പ്രീത് ബുംറയുടെ ക്യാപ്റ്റന്‍സിയില്‍ മികച്ച വിജയം സ്വന്തമാക്കി. എന്നാല്‍ പിന്നീട് രോഹിത് തിരിച്ചെത്തിയതോടെ ക്യാപ്റ്റനെ എവിടെ കളിപ്പിക്കുമെന്ന ആശയക്കുഴപ്പത്തിലായി ടീം. എന്നാല്‍ അഡ്ലെയ്ഡിലും ബ്രിസ്‌ബെയ്‌നിലും ആറാം നമ്പറിലേക്ക് സ്വയം മാറിയ രോഹിത് പരാജയമായി. മെല്‍ബണില്‍ ഓപ്പണറായി മടങ്ങിയെത്തിയിട്ടും മാറ്റമൊന്നും ഉണ്ടായില്ല.