മുംബൈ: മുംബൈയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ അകപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ്മയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. സ്വന്തം ആഡംബര കാറിൻ്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന്, തന്നെ ശ്രദ്ധിച്ച ആരാധകന് നേരെ പുഞ്ചിരിയോടെ 'തംബ്സ് അപ്' കാണിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്.

ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിൽ നിന്ന് അടുത്തിടെ വിരമിച്ച രോഹിത് ശർമ്മ, നിലവിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അദ്ദേഹം ഇന്ത്യൻ ടീമിനായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പരമ്പരയ്ക്ക് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്ലിയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്.

അതേസമയം, 2027ലെ ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മ കളിക്കുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പ്രവചിച്ചിരുന്നു. 38 വയസ്സുള്ള രോഹിത് നിലവിൽ ഏകദിന ടീമിന്റെ ക്യാപ്റ്റനാണ്. അടുത്ത ലോകകപ്പിന് ശേഷം ശുഭ്മാൻ ഗിൽ നായകസ്ഥാനം ഏറ്റെടുക്കുമെന്നും കൈഫ് സൂചിപ്പിച്ചു.

ട്രെയിനിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രോഹിത് ശർമ്മ മുംബൈയിലെ ഗതാഗതക്കുരുക്കിൽപ്പെട്ടത്. ആരാധകർ എടുത്ത വീഡിയോ അദ്ദേഹത്തിന്റെ ലാളിത്യത്തെയാണ് എടുത്തു കാണിക്കുന്നത്.