കൊൽക്കത്ത: ഐപിഎല്ലിലെ ലക്നൗ സൂപ്പർ ജയന്റ്സ് നേടിയ ആവേശജയത്തിന് പിന്നാലെ അമ്പയറിങ് തീരുമാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റോവ്മാൻ പവൽ. ഫിൻ അലന്റെ പുറത്താകലിന് പിന്നിലെ അമ്പയറിങ് പിഴവാണ് മത്സരഫലത്തെ ബാധിച്ചതെന്ന് പവൽ തുറന്നടിച്ചു. കൊൽക്കത്തയുടെ ഈഡൻ ഗാർഡൻസിൽ അവസാന പന്തുവരെ നീണ്ടുനിന്ന പോരാട്ടത്തിൽ മൂന്ന് വിക്കറ്റിനായിരുന്നു ലക്നൗവിന്റെ വിജയം.

മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പവൽ അമ്പയർമാർക്കെതിരെ രംഗത്തെത്തിയത്. ഫിൻ അലനെ പുറത്താക്കാൻ ദിഗ്വേഷ് രതി ബൗണ്ടറി ലൈനിൽ എടുത്ത ക്യാച്ച് പുനഃപരിശോധിക്കുന്നതിൽ അമ്പയർമാർക്ക് വീഴ്ച പറ്റിയെന്ന് പവൽ പറഞ്ഞു. "തീർച്ചയായും കൂടുതൽ ക്യാമറ ആംഗിളുകൾ പരിശോധിക്കേണ്ടതായിരുന്നു. ഇതിലും ചെറിയ കാര്യങ്ങൾക്കുപോലും അമ്പയർമാർ തേർഡ് അമ്പയറുടെ സഹായം തേടുന്നത് നമ്മൾ കണ്ടിട്ടുണ്ട്. ഇത് അമ്പയർമാരുടെ ഭാഗത്തുനിന്നുണ്ടായ വലിയൊരു പിഴവാണ്" പവൽ പറഞ്ഞു.

ക്യാച്ച് എടുക്കുമ്പോൾ ഫീൽഡറുടെ കാൽ ബൗണ്ടറി ലൈനിൽ സ്പർശിച്ചിരുന്നുവെന്നാണ് കൊൽക്കത്ത ക്യാമ്പിന്റെ വാദം. അലൻ പുറത്താകാതെ ആ പന്ത് സിക്സറായിരുന്നുവെങ്കിൽ മത്സരഫലം മറ്റൊന്നാകുമായിരുന്നുവെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ഈഡൻ ഗാർഡൻസിനെ ഒരു കോട്ടപോലെ കാത്തുസൂക്ഷിക്കാനാണ് തങ്ങൾ ആഗ്രഹിച്ചതെന്നും എന്നാൽ സ്വന്തം ആരാധകർക്ക് മുന്നിൽ തോൽവി വഴങ്ങേണ്ടി വന്നതിൽ വലിയ നിരാശയുണ്ടെന്നും പവൽ വ്യക്തമാക്കി. "181 റൺസ് നേടിയപ്പോൾ തന്നെ ഞങ്ങൾക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ ലക്നൗവിന്റെ യുവതാരം മുകുൾ ചൗധരി ബാറ്റ് ചെയ്ത രീതി അഭിനന്ദനാർഹമാണ്. പരാജയപ്പെട്ടെങ്കിലും അവർ നടത്തിയ പോരാട്ടത്തിൽ അഭിമാനമുണ്ട്," താരം കൂട്ടിച്ചേർത്തു.

അവസാന രണ്ട് ഓവറിൽ 30 റൺസ് വേണമെന്നിരിക്കെ മുകുൾ ചൗധരി നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് (27 പന്തിൽ 54) ലക്നൗവിനെ വിജയത്തിലെത്തിച്ചത്. അവസാന രണ്ട് പന്തിൽ ഏഴ് റൺസ് വേണമെന്നിരിക്കെ അഞ്ചാം പന്തിൽ സിക്സറും അവസാന പന്തിൽ സിംഗിളും നേടിയാണ് മുകുൾ ലക്നൗവിനെ ജയിപ്പിച്ചത്. സീസണിൽ ഇതുവരെ ഒരു ജയം പോലും സ്വന്തമാക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല. കളിച്ച മൂന്ന് മത്സരങ്ങളിലും തോറ്റ കെകെആറിന്റെ ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.