- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ താരങ്ങളെ ടീമിൽ നിന്നും ഒഴിവാക്കരുത്, ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണവർ'; ഗൗതം ഗംഭീറിനോട് അപേക്ഷയുമായി ശ്രീശാന്ത്
കൊച്ചി: 2027 ഏകദിന ലോകകപ്പ് വരെ ഇന്ത്യൻ ടീമിൽ നിന്ന് വിരാട് കോലിയെയും രോഹിത് ശർമയെയും ഒഴിവാക്കരുതെന്ന് പരിശീലകൻ ഗൗതം ഗംഭീറിനോട് അഭ്യർത്ഥിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ്. ശ്രീശാന്ത്. പരിശീലകനെന്ന നിലയിൽ ഗൗതം ഭായ് ആരെയും തടയരുതെന്നും, പ്രത്യേകിച്ച് രോഹിത്തിനെയും കോലിയെയും എന്നും ശ്രീശാന്ത് പറഞ്ഞു.
"ഏകദിന ക്രിക്കറ്റിൽ അവരുടെ റെക്കോർഡുകൾ അനുപമമാണ്. കളിക്കാൻ ആഗ്രഹിക്കുന്നിടത്തോളം കാലം അവരെ അനുവദിക്കണം. ഇപ്പോഴുള്ള ഭൂരിഭാഗം കളിക്കാരെക്കാളും ആയിരം മടങ്ങ് മികച്ചവരാണവർ. അത്രയും മഹാൻമാരായ താരങ്ങളെ ഇന്ത്യക്കായി കളിക്കുന്നതിൽ നിന്ന് തടയരുതെന്നാണ് ഗൗതം ഭായിയോട് എനിക്ക് പറയാനുള്ളത്," ശ്രീശാന്ത് തന്റെ ശക്തമായ നിലപാട് വ്യക്തമാക്കി.
രണ്ട് വർഷങ്ങൾക്കപ്പുറം നടക്കുന്ന ലോകകപ്പിൽ കോലിയുടെയും രോഹിതിന്റെയും ഇന്ത്യൻ ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള ആരാധകരുടെ ആശങ്കകൾക്കിടയിലാണ് ശ്രീശാന്തിന്റെ ഈ പ്രതികരണം. ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ഇരുവരും നിലവിൽ ഏകദിനങ്ങളിൽ മാത്രമാണ് ഇന്ത്യക്കായി കളിക്കുന്നത്. ഏകദിന ടീമിലേക്ക് പരിഗണിക്കാൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ടീം മാനേജ്മെന്റ് ഇവരോട് ആവശ്യപ്പെട്ടതും വലിയ ചർച്ചയായിരുന്നു.
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് കളികളിൽ കോലി പൂജ്യത്തിന് പുറത്തായപ്പോൾ വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും, മൂന്നാം മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറിയും തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ സെഞ്ചുറിയും നേടി കോലി തന്റെ മികച്ച ഫോം നിലനിർത്തി. അതേസമയം, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സെഞ്ചുറി നേടിയ രോഹിത് ശർമയെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തിരുന്നു.




