അബുദാബി: അബുദാബി ടി10 ലീഗിൽ മിന്നും പ്രകടനം കാഴ്ചവെച്ച് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ്. ശ്രീശാന്ത്. കഴിഞ്ഞ ദിവസം നടന്ന വിസ്ത റൈഡേഴ്‌സ് - ആസ്പിൻ സ്റ്റാലിയൻസ് മത്സരത്തിൽ, നിലവില്‍ രാജ്യന്തര ക്രിക്കറ്റില്‍ സജീവമായ രണ്ട് താരങ്ങളുടെ വിക്കറ്റുകളാണ് ശ്രീശാന്ത് വീഴ്ത്തിയത്. റഹ്മാനുള്ള ഗുർബാസിനെയും അവിഷ്‌ക ഫെർണാണ്ടോയെയും ഒരൊറ്റ ഓവറിൽ പുറത്താക്കി ക്രിക്കറ്റ് ലോകത്തെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ശ്രീശാന്ത്. ഈ വിക്കറ്റുകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിസ്ത റൈഡേഴ്‌സിനായി ആദ്യ ഓവർ എറിയാനെത്തിയ ശ്രീശാന്ത്, എറിഞ്ഞ ആദ്യ പന്തിൽ തന്നെ അപകടകാരിയായ അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ (0) ആൻഡ്രൂ ടൈയുടെ കൈകളിൽ എത്തിച്ചു. ഈ പ്രഹരത്തിന്റെ ഞെട്ടൽ മാറും മുൻപ്, ഓവറിലെ നാലാം പന്തിൽ ലങ്കൻ താരം അവിഷ്‌ക ഫെർണാണ്ടോയെ (0) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി അദ്ദേഹം മടക്കി അയച്ചു. ഈ ഓവറിൽ വെറും 2 റൺസ് മാത്രമാണ് ശ്രീശാന്ത് വിട്ടുകൊടുത്തത്.

ടോസ് നേടി ബാറ്റിംഗിനെത്തിയ റൈഡേഴ്‌സ് ഒമ്പത് ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സാണ് നേടിയത്. 29 റൺസ് നേടി ദക്ഷിണാഫ്രിക്കൻ താരം ഡ്വെയ്ൻ പ്രിട്ടോറിയസ് ടോപ് സ്കോററായപ്പോൾ, ഫാഫ് ഡുപ്ലെസിസ്, ഉൻമുക്ത് ചന്ദ് എന്നിവർ 13 റൺസ് വീതം നേടി. ആസ്പിന്‍ സ്റ്റാലിയൻസിനായി സോഹൈർ ഇക്ബാൽ മൂന്നു വിക്കറ്റും ബിനുറ ഫെർണാണ്ടോ, ആഷ്മീദ് നെദ് എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ആസ്പിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെടുക്കാനാണ് സാധിച്ചത്. റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. ആന്ദ്രേ ഫ്‌ളെച്ചര്‍ (2), സാം ബില്ലിംഗ്‌സ് (1) എന്നിവര്‍ കൂടി മടങ്ങിയതോടെ നാല് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെന്ന നിലയിലായി ആസ്പിന്‍. തുടര്‍ന്ന് ല്യുസ് ഡു പ്ലോയ് (14)- ബെന്‍ കട്ടിംഗ് (35) സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പ്ലൂയ് പുറത്തായതോടെ പ്രതീക്ഷകളറ്റു.

ഹര്‍ഭജന്‍ സിംഗ് (6), തൈമല്‍ മില്‍സ് (1), സൊഹൈര്‍ ഇഖ്ബാല്‍ (0) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇതിനിടെ കട്ടിംഗും മടങ്ങിയിരുന്നു. അഷ്‌മെയ്ദ് നെദ് (4), ഹഫീസ് ഉര്‍ റഹ്മാന്‍ (7) പുറത്താവാതെ നിന്നു. നേരത്തെ, ഡ്വെയ്ന്‍ പ്രെട്ടോറിയസിന്റെ (12 പന്തില്‍ 29) ഇന്നിംഗ്‌സാണ് ആസ്പിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഫാഫ് ഡു പ്ലെസിസ് (13), ഉണ്‍മുക്ത് ചന്ദ് (13), ധന്ഞ്ജയ ല്കഷന്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍.

വിസ്ത റൈഡേഴ്സിനായി ആൻഡ്രൂ ടൈ രണ്ടു വിക്കറ്റും അവായിസ് അഹമ്മദ്, ധനഞ്ജയ ലക്ഷൻ, ഷറഫുദ്ദീൻ അഷ്‌റഫ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നു മത്സരങ്ങളിൽനിന്ന് രണ്ടു ജയമുള്ള വിസ്ത, പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. ആസ്പിന്‍ സ്റ്റാലിയന്‍സ് ആറാം സ്ഥാനത്താണ്. ആകെ എട്ടു ടീമുകൾ മാറ്റുരയ്ക്കുന്ന അബുദാബി ടി10 ലീഗ് ഈ മാസം 18 മുതൽ 30 വരെയാണ്.