- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'റൂട്ടിന്റെ പ്രതിരോധം തകർത്ത ആ പന്ത് അവിശ്വസനീയം'; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 'മികച്ച പന്ത്' തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ
മുംബൈ: ടെണ്ടുൽക്കർ ആൻഡേഴ്‌സൺ പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രോളിയെ പുറത്താക്കിയ മുഹമ്മദ് സിറാജിന്റെ സ്ലോ യോർക്കർ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു. ഒരു ബൗൺസറിനായി ഫീൽഡ് ഒരുക്കിയ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും കാണികളെയും ഒരുപോലെ അമ്പരപ്പിച്ച ആ പന്തിനെ മുൻ താരങ്ങളും ആരാധകരും അടക്കം 'പരമ്പരയിലെ മികച്ച പന്ത്' എന്ന് വിശേഷിപ്പിച്ചു. എന്നാൽ, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ഏറ്റവും ആകർഷിച്ചത് മറ്റൊരു ഇന്ത്യൻ പേസറുടെ പ്രകടനമാണ്.
ടെണ്ടുൽക്കറുടെ അഭിപ്രായത്തിൽ പരമ്പരയിലെ ഏറ്റവും മികച്ച പന്ത് രണ്ടാം ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ അരങ്ങേറ്റക്കാരനായ ആകാശ് ദീപ്, ജോ റൂട്ടിനെതിരെ എറിഞ്ഞതാണ്. 'എൻ്റെ അഭിപ്രായത്തിൽ, ആകാശ് ദീപ് ജോ റൂട്ടിനെതിരെ എറിഞ്ഞ പന്താണ് ഈ പരമ്പരയിലെ ഏറ്റവും മികച്ചത്' ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ സച്ചിൻ വ്യക്തമാക്കി. അതായിരുന്നു രണ്ടാം ടെസ്റ്റിൻ്റെ സുപ്രധാനമായ വഴിത്തിരിവ്. മികച്ച ഫോമിൽ കളിക്കുന്ന റൂട്ടിനെ ആ പന്ത് ശരിക്കും ഞെട്ടിച്ചു. അതൊരു അവിശ്വസനീയമായ ഡെലിവറി ആയിരുന്നു.
പിച്ചിൽ പതിച്ചതിന് ശേഷം പന്തിനുണ്ടായ അവസാന നിമിഷത്തിലെ സ്വിങ് ആണ് സച്ചിനെ ആകർഷിച്ചത്. 'മികച്ച ഫോമിൽ തുടരുന്ന ഒരു ബാറ്ററെ അത്തരത്തിൽ പുറത്താക്കുന്നത് എളുപ്പമല്ല. മത്സരത്തിന്റെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിൽ അങ്ങനെയൊരു പന്തെറിയാൻ കാണിച്ച ബൗളിംഗ് മികവ് കണക്കിലെടുക്കുമ്പോൾ അതാണ് പരമ്പരയിലെ ഏറ്റവും മികച്ച പന്ത്' അദ്ദേഹം കൂട്ടിച്ചേർത്തു.