മുംബൈ: ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പരിശീലകനുമായിരുന്ന രാമകാന്ത് അച്ഛരേക്കർ അന്തരിച്ചു(86). വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലായിരുന്നു അന്ത്യം. 

''സ്വർഗ്ഗത്തിലെ ക്രിക്കറ്റ് അച്ഛരേക്കറുടെ സാന്നിധ്യത്തിൽ ധന്യമാകും. ക്രിക്കറ്റിന്റെ ബാലപാഠങ്ങൾ താൻ പഠിച്ചത് അച്ഛരേക്കറിൽ നിന്നാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം നൽകിയ സംഭവനകളെ വാക്കുകളിൽ ഒതുക്കാൻ കഴിയുന്നതല്ല. എനിക്ക് അടിത്തറ പാകിയത് തന്നെ അദ്ദേഹമാണ്,'' സച്ചിൻ ടെണ്ടുൽക്കർ അനുസ്മരിച്ചു.

സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് രാമകാന്ത് അച്ഛരേക്കർ. മുംബൈ ദാദറിലെ കാമാത്ത് മെമോറിയൽ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനായ ഇദ്ദഹത്തിന്റെ അക്കാദമിയിൽ നിന്ന് നിരവധി പ്രമുഖരാണ് ക്രിക്കറ്റിന്റെ ലോകത്ത് ശക്തമായ സാന്നിധ്യമറിയിച്ചത്. സച്ചിൻ തെണ്ടുൽക്കറിന് പുറമെ വിനോദ് കാംബ്ലി, അജിത് അഗാർക്കർ, ചന്ദ്രകാന്ത് പാട്ടിൽ, പ്രവീൺ ആംറെ എന്നിവരെയും രാമകാന്ത് അച്ഛരേക്കർ പരിശീലിപ്പിച്ചിട്ടുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു മത്സരത്തിലും അച്രേക്കർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും അദ്ദേഹത്തെ കണ്ടിരുന്നുവെന്നും, അദ്ദേഹവുമൊത്ത് ഓർമ്മകൾ പുതുക്കിയിരുന്നെന്നും സച്ചിൻ പറഞ്ഞു. നേരെ കളിക്കാനും നേരായി ജീവിക്കാനും തന്നെ പഠിപ്പിച്ചതും അദ്ദേഹമാണെന്നും സച്ചിൻ കൂട്ടിച്ചേർത്തു.കായിക ലോകത്തിന് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ച് മികച്ച കായിക പരിശീലകന് രാജ്യം നൽകുന്ന പരമോനത ബഹുമതിയായ ദ്രോണാചാര്യ പുരസ്‌കാരം നൽകി 1990ൽ രാജ്യം ആദരിച്ചു. 2010 പത്മശ്രീ നൽകിയും രാജ്യത്തിനായി നിരവധി ക്രിക്കറ്റ് പ്രതിഭകളെ സമ്മാനിച്ച രാമകാന്ത് അച്ഛരേക്കറെ ആദരിച്ചു.