- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്ട് എ ഷോട്ട്! രവി ശാസ്ത്രിയെ പോലും അമ്പരപ്പിച്ച സിക്സ്; റിഷാദ് ഹുസെനെ നിലം തൊടീക്കാതെ പറത്തിയത് അഞ്ച് തവണ; ചെറുപ്പം മുതലേ സഞ്ജു കളിച്ച് പഠിച്ചത് ഈ ശൈലിയാണെന്ന് അച്ഛന്‍ സാംസണ്‍
'ഡേയ് നിന്റെ അച്ഛനാണ് പറയുന്നത്, കുറച്ച് നോക്കി കളിക്കെടാ'
ഹൈദരാബാദ്: ലഭിച്ച ഒട്ടേറെ അവസരങ്ങള്‍ കൈവിട്ട ശേഷം ഓപ്പണറായി ലഭിച്ച അവസരം പരമാവധി മുതലാക്കി മിന്നും സെഞ്ചുറിയിലൂടെ ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കണ്ടത് സഞ്ജുവിന്റെ ദീപാവലി വെടിക്കെട്ടായിരുന്നു. ആരാധകര്‍ കാത്തിരുന്നതുപോലെ സഞ്ജു അക്ഷരാര്‍ഥത്തില്‍ സ്ഫോടനാത്മക ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
റിഷാദ് ഹുസൈന്റെ ഒരു ഓവറില്‍ അഞ്ച് സിക്സറടക്കം മൊത്തം എട്ടു പന്തുകളാണ് സഞ്ജു മത്സരത്തില്‍ ഗാലറിയിലെത്തിച്ചത്. ഇതില്‍ മുസ്തഫിസുര്‍ റഹ്‌മാനെതിരേ നേടിയ ഒരു സിക്സ് ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. മുസ്തഫിസുര്‍ എറിഞ്ഞ എട്ടാം ഓവറിലായിരുന്നു സംഭവം.
ഓഫ് സ്റ്റമ്പിനു പുറത്ത് ബാക്ക് ഓഫ് ലെങ്തായി എത്തിയ പന്ത് ഒരു ചുവട് പിന്നോട്ടുവെച്ച് കവര്‍ ഏരിയക്ക് മുകളിലൂടെയാണ് സഞ്ജു ഗാലറിയിലെത്തിച്ചത്. അതും തീര്‍ത്തും ആയാസരഹിതമായി. ഈ സിക്സ് കണ്ട് കമന്ററി ബോക്സിലുണ്ടായിരുന്ന രവി ശാസ്ത്രി പോലും അമ്പരന്നുപോയി. ശാസ്ത്രി ഈ സിക്സിനെ വിശേഷിപ്പിച്ചപ്പോഴും വാക്കുകളില്‍ ആ അമ്പരപ്പുണ്ടായിരുന്നു.
'വാ ഷോട്ട്... വാട്ട് എ ഷോട്ട്...'- എന്നു ആ പന്തിനെ തിരിച്ചുവിട്ടതിനെ ശാസ്ത്രി ആവേശത്തോടെ വിശേഷിപ്പിച്ചു. ശേഷമുള്ള കമന്റുകളില്‍ ശാസ്ത്രിയുടെ അമ്പരപ്പ് അറിയാം. 'ഈ നിമിഷത്തില്‍ അദ്ദേഹം സ്‌ഫോടനാത്മകവും വിനാശകരവുമായ ഫോമിലാണ്, ഇരട്ടി അപകടകാരിയായി നില്‍ക്കുന്നു...'- ശാസ്ത്രിയുടെ വാക്കുകള്‍.
സ്ഥിരതയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ അനിവാര്യമായ ഘട്ടത്തിലായിരുന്നു ആരാധകര്‍ കാത്തിരുന്ന സെഞ്ച്വറിയുടെ പിറവി. 47 പന്തില്‍ 11 ഫോറും 8 സിക്‌സും സഹിതം സഞ്ജു വാരിയെടുത്തത് 111 റണ്‍സ്. ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന നേട്ടവും ശതകത്തിനൊപ്പം സഞ്ജു സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു.
പിന്നാലെ ഈ സിക്സിനെയും താരത്തെയും അഭിനന്ദിച്ച് കമന്റേറ്ററായ ഹര്‍ഷ ഭോഗ്ലേയും രംഗത്തെത്തി. 'ഒരുപാട് കാലത്തേയ്ക്ക് ഒരു മികച്ച താരത്തെ തഴയാന്‍ കഴിയില്ല' എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. സഞ്ജു, മുസ്തഫിസുറിനെതിരേ നേടിയ സിക്സറിനെയും ഭോഗ്ലേ അഭിനന്ദിച്ചു. അത്തരം സിക്സറടിക്കാന്‍ അസാധാരണമായ കഴിവു തന്നെ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
111 റണ്‍സെടുത്ത് സഞ്ജു പുറത്തായപ്പോള്‍, താരത്തിന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞത് ബംഗ്ലദേശ് സ്പിന്നര്‍ റിഷാദ് ഹുസെയ്‌നാണ്. താരത്തിന്റെ പത്താം ഓവറിലെ അഞ്ച് പന്തുകളാണ് സഞ്ജു തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയത്. ആദ്യ പന്തു വിട്ടുകളഞ്ഞ ശേഷമായിരുന്നു മലയാളി താരത്തിന്റെ വെടിക്കെട്ട്.
ഈ ഓവറില്‍ മാത്രം 30 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ട്വന്റി20 ക്രിക്കറ്റില്‍ ഒരോവറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരുടെ പട്ടികയില്‍ ഋതുരാജ് ഗെയ്ക്വാദിനൊപ്പം മൂന്നാം സ്ഥാനത്തെത്താനും സഞ്ജുവിനു സാധിച്ചു. ഒരോവറില്‍ 36 റണ്‍സടിച്ച് ചരിത്രമെഴുതിയ യുവരാജ് സിങ്ങും രോഹിത് ശര്‍മയുമാണ് മലയാളി താരത്തിനു മുന്നിലുള്ളത്.
ബംഗ്ലദേശിനെതിരെ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ചറി കൂടിയാണിത്. 22 പന്തുകളില്‍നിന്നായിരുന്നു സഞ്ജു അര്‍ധ സെഞ്ചറിയിലെത്തിയത്. 23 പന്തുകളില്‍ 50 തികച്ച രോഹിത് ശര്‍മയെയാണ് ഇക്കാര്യത്തില്‍ സഞ്ജു മറികടന്നത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തില്‍ 111 റണ്‍സാണ് ഹൈദരാബാദില്‍ അടിച്ചത്. 40 പന്തുകളില്‍നിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ചറിയിലെത്തിയത്. എട്ട് സിക്‌സുകളും 11 ഫോറുകളും സഞ്ജു ഹൈദരാബാദില്‍ ബൗണ്ടറി കടത്തി.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി കളിയിലെ താരമായി മാറിയ സഞ്ജു സാംസന്റെ നേട്ടത്തില്‍ ആഹ്ലാദം പങ്കുവച്ച് അച്ഛന്‍ സാംസണ്‍ പ്രതികരിച്ചിരുന്നു. വലിയ സന്തോഷമുണ്ടെന്നും 10-12 വര്‍ഷമായി സഞ്ജു ടീമിന് അകത്തും പുറത്തുമായി നില്‍ക്കുകയാണ്. 2013ലെ ഐപിഎല്ലില്‍ മികച്ച താരമായ സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരം അംഗമാകേണ്ടയാളായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ സഞ്ജുവിനും പുതിയ അവസരം ലഭിച്ചു. മൂന്നാം ടി20 മത്സരം കണ്ടില്ല. ആദ്യ മത്സരം കാണുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് സഞ്ജു 97 റണ്‍സില്‍ ബാറ്റ് ചെയ്യുകയാണെന്ന് അറിഞ്ഞത്. ഇനി സഞ്ജു ടീമിനൊപ്പം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തന്റെ സ്ഥാനം സഞ്ജു ഉറപ്പിച്ചെന്നാണ് കരുതുന്നതെന്നും സാംസണ്‍ കൂട്ടിച്ചേര്‍ത്തു.
സഞ്ജു കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന വിമര്‍ശനത്തോട് സഞ്ജു സഞ്ജുവിന്റെ ശൈലിയിലാണ് കളിക്കുന്നതെന്നും അതില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാംസണ്‍ വ്യക്തമാക്കി. സഞ്ജുവിന് ആക്രമിച്ച് കളിക്കാനാണ് ഇഷ്ടം. ചെറുപ്പം മുതലേ സഞ്ജു കളിച്ച് പഠിച്ചത് ഈ ശൈലിയാണ്. 'ഡേയ് നിന്റെ അച്ഛനാണ് പറയുന്നത്. കുറച്ച് നോക്കി കളിക്കെടാ എന്ന് ഒരിക്കല്‍ പറഞ്ഞതാ, പക്ഷേ അവന്റെ ശൈലി ഇതാണ്'. കിരീടം സിനിമയിലെ പ്രശസ്തമായ ഡയലോഗ് ഓര്‍മ്മിപ്പിച്ച് കൊണ്ട് സാംസണ്‍ പറഞ്ഞു. ടി20 ലോകകപ്പ് ടീമിലേയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ലെന്നും പുറത്തിരുന്ന് കളി കാണുകയായിരുന്നുവെന്നും പറഞ്ഞ സാംസണ്‍ വികാരാധീനനായി.