തിരുവനന്തപുരം: ഡര്‍ബനില്‍ മിന്നും സെഞ്ചുറിയോടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസണ്‍ തകര്‍പ്പന്‍ ജയം സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. തുടര്‍ച്ചയായ രണ്ടാംമത്സരത്തിലും സെഞ്ചുറി നേടി സഞ്ജു കുറിച്ചത് പുതിയ റെക്കോഡാണ്. ട്വന്റി20-യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് സഞ്ജു സാംസണ്‍ സ്വന്തമാക്കിയത്. 47 പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി നേട്ടം. അഭിഷേക് ശര്‍മയ്ക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയ സഞ്ജു 50 പന്തില്‍നിന്ന് ഏഴു ബൗണ്ടറികളും പത്ത് സിക്സറും നേടി 107 റണ്‍സെടുത്താണ് പുറത്തായത്.

ഒക്ടോബര്‍ 13-ന് ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരേ നടന്ന ട്വന്റി20 മത്സരത്തിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാനമത്സരത്തില്‍ 40 പന്തില്‍നിന്നാണ് സഞ്ജു നൂറടിച്ചത്. മത്സരത്തില്‍ 47 പന്തില്‍നിന്ന് 111 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഓരോവറില്‍ അഞ്ച് സിക്സും നേടി സഞ്ജു കാണികളെ ത്രസിപ്പിച്ചിരുന്നു. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളുമായി ഇന്ത്യയുടെ ട്വന്റി 20 ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സഞ്ജു.

സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് മുന്‍ക്യാപ്റ്റന്‍മാര്‍ക്കും മുന്‍ പരിശീലകനുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സഞ്ജു സാംസണിന്റെ പിതാവ്. മഹേന്ദ്രസിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത്ത് ശര്‍മ, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ ചേര്‍ന്ന് സഞ്ജുവിന്റെ പത്ത് വര്‍ഷം നശിപ്പിച്ചെന്ന് സാംസണ്‍ വിശ്വനാഥ് കുറ്റപ്പെടുത്തി. ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനും നന്ദിയെന്ന് സാംസണ്‍ വിശ്വനാഥ് പറഞ്ഞു. രണ്ടു സെഞ്ച്വറികളും അവര്‍ക്ക് സമര്‍പ്പിക്കുന്നെന്നും സഞ്ജുവിന്റെ പിതാവ് പറഞ്ഞു.

10 വര്‍ഷം ഇല്ലാതാക്കിയവര്‍ യഥാര്‍ത്ഥ സ്പോര്‍ട്‌സ്മാന്‍മാരായി തോന്നുന്നില്ലെന്ന് അദ്ദേഹം പറയുന്നു. അവര്‍ എത്രത്തോളം ഉപദ്രവിച്ചോ അത്രയും സഞ്ജു ഉയര്‍ന്ന് വന്നൂ. നഷ്ടമായ പത്ത് വര്‍ഷം ഇനി തിരിച്ചുപിടിക്കുമെന്ന് സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് പറയുന്നു. സെഞ്ചുറി നേട്ടത്തില്‍ അതിയായ സന്തോഷം എന്നും പിതാവ് പറഞ്ഞു. സഞ്ജുവിന്റെ ബാറ്റിംഗ് ക്ലാസിക്ക് ആണ്. സച്ചിനും, ദ്രാവിഡും കളിച്ച ശൈലിയാണ് സഞ്ജുവിനെന്ന് സാംസണ്‍ വിശ്വനാഥ് പറഞ്ഞു.

ഇന്ത്യന്‍ താരം ശ്രീകാന്തിന് എതിരെയും സാംസണ്‍ വിശ്വനാഥ് വിമര്‍ശനം ഉന്നയിച്ചു. അദ്ദേഹം ഇന്ത്യയ്ക്കായി എന്തു കളിച്ചു എന്ന് അറിയില്ല. ബംഗ്ലദേശിനോടു സെഞ്ച്വറി നേടിയതില്‍ ശ്രീകാന്ത് പരിഹസിച്ചു. 26 റണ്‍സ് അടിച്ച ശ്രീകാന്ത് നൂറ് അടിച്ച സഞ്ജുവിനെ വിമര്‍ശിക്കുന്നത്. മനസിനകത്ത് വൈരാഗ്യം വെച്ചാണ് പെരുമാറുന്നതെന്നും സാംസണ്‍ വിശ്വനാഥ് പറഞ്ഞു.

ബംഗ്ലാദേശിന് എതിരായ മത്സരത്തിലെ സെഞ്ചുറിക്ക് പിന്നാലെ സാംസണ്‍ വിശ്വനാഥ് സമാനമായ വിമര്‍ശനം നടത്തിയിരുന്നു. 10-12 വര്‍ഷമായി സഞ്ജു ടീമിന് അകത്തും പുറത്തുമായി നില്‍ക്കുകയാണ്. 2013ലെ ഐപിഎല്ലില്‍ മികച്ച താരമായ സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥിരം അംഗമാകേണ്ടയാളായിരുന്നുവെന്നും നിര്‍ഭാഗ്യവശാല്‍ അതിന് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുതിയ കോച്ചും ക്യാപ്റ്റനും വന്നതോടെ സഞ്ജുവിനും പുതിയ അവസരം ലഭിച്ചു. മൂന്നാം ട്വന്റി 20 മത്സരം കണ്ടില്ല. ആദ്യ മത്സരം കാണുകയും ആസ്വദിക്കുകയും ചെയ്തിരുന്നു. സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോഴാണ് സഞ്ജു 97 റണ്‍സില്‍ ബാറ്റ് ചെയ്യുകയാണെന്ന് അറിഞ്ഞത്. ഇനി സഞ്ജു ടീമിനൊപ്പം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും തന്റെ സ്ഥാനം സഞ്ജു ഉറപ്പിച്ചെന്നാണ് കരുതുന്നതെന്നും സാംസണ്‍ പറഞ്ഞിരുന്നു.

സഞ്ജു കിട്ടിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന വിമര്‍ശനത്തോട് സഞ്ജു സഞ്ജുവിന്റെ ശൈലിയിലാണ് കളിക്കുന്നതെന്നും അതില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും സാംസണ്‍ വ്യക്തമാക്കി. സഞ്ജുവിന് ആക്രമിച്ച് കളിക്കാനാണ് ഇഷ്ടം. ചെറുപ്പം മുതലേ സഞ്ജു കളിച്ച് പഠിച്ചത് ഈ ശൈലിയാണ്. 'ഡേയ് നിന്റെ അച്ഛനാണ് പറയുന്നത്. കുറച്ച് നോക്കി കളിക്കെടാ എന്ന് ഒരിക്കല്‍ പറഞ്ഞതാ, പക്ഷേ അവന്റെ ശൈലി ഇതാണ്'.

കിരീടം സിനിമയിലെ പ്രശസ്തമായ ഡയലോഗ് ഓര്‍മ്മിപ്പിച്ച് കൊണ്ട് സാംസണ്‍ പറഞ്ഞു. ടി20 ലോകകപ്പ് ടീമിലേയ്ക്ക് ക്ഷണം ലഭിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും സഞ്ജുവിന് അവസരം ലഭിച്ചില്ലെന്നും പുറത്തിരുന്ന് കളി കാണുകയായിരുന്നുവെന്നും പറഞ്ഞ സാംസണ്‍ വികാരാധീനനായി.

ട്വന്റി20-യില്‍ തുടര്‍ച്ചയായി സെഞ്ചുറി നേടുന്ന നാലാമത്തെ താരമാണ് സഞ്ജു. ഇംഗ്ലണ്ടിന്റെ ഫില്‍ സാള്‍ട്ട്, സൗത്ത് ആഫ്രിക്കയുടെ റിലീ റോസോ, ഫ്രാന്‍സിന്റെ ഗുസ്താവ് മക്കിയോണ്‍ എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവര്‍. ഡര്‍ബനില്‍ സൗത്ത് ആഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് സഞ്ജു സാംസണ്‍ തന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയത്. 47 പന്തിലായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി നേട്ടം.

2015-ല്‍ സിംബാബ്വെയ്ക്കെതിരേ അരങ്ങേറ്റംകുറിച്ച സഞ്ജു സാംസണ്‍ പിന്നീട് നീണ്ട നാലുവര്‍ഷത്തോളം ടീമിന് പുറത്തായിരുന്നു. 2019-ല്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലാണ് പിന്നീട് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. ടീമിനകത്തും പുറത്തുമായി ഏറെക്കാലം. ടീമിലുള്‍പ്പെടുത്തിയെങ്കിലും ബെഞ്ചിലിരിക്കേണ്ട അവസ്ഥ. പലപ്പോഴും ഷോട്ട് സെലക്ഷന്റെ പേരിലും കിട്ടുന്ന അവസരങ്ങള്‍ മുതലാക്കിയില്ലെന്നും വിമര്‍ശനമുണ്ടായി. ഇതിനിടെ ഐ.പി.എല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും അതൊന്നും സഞ്ജുവിന് ദേശീയടീമിലേക്കുള്ള വഴിതുറന്നില്ല.

ഒടുവില്‍ ഇതുവരെ കേട്ട എല്ലാ വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടിയെന്നോണമായിരുന്നു ബംഗ്ലാദേശിനെതിരായ സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. ട്വന്റി20-യില്‍ സഞ്ജുവിന്റെ സ്ഥാനം ഉറപ്പിക്കുന്നതായിരുന്നു അന്നത്തെ പ്രകടനം. പിന്നാലെ സൗത്ത് ആഫ്രിക്കക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലും സഞ്ജു ഇടംനേടി. ബംഗ്ലാദേശിനെതിരായ മത്സരത്തിലെ അതേ ഫോമിലായിരുന്നു സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യമത്സരത്തിലും സഞ്ജുവിന്റെ പ്രകടനം.