- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവഗണനയുടെ പടുകുഴിയില്‍ നിന്നും ഉദിച്ചുയര്‍ന്ന പോരാളി; ഗില്ലിന്റെ സിംഹാസനം ഇളക്കി സഞ്ജുവിന്റെ തേരോട്ടം; 2026 ലോകകപ്പില്‍ ഇന്ത്യയുടെ കരുത്താകാന്‍ മലയാളി താരം; ക്രീസിലും വിക്കറ്റിന് പിന്നിലും സഞ്ജു എന്ന തന്ത്രശാലി; തിരുവനന്തപുരത്തുകാരന് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ 'സര്‍വൈവര്‍'!
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സമീപകാലത്ത് കണ്ട ഏറ്റവും വലിയ അതിജീവനത്തിന്റെ പേരാണ് സഞ്ജു സാംസണ്‍. ഒരു വശത്ത് സെലക്ടര്‍മാരുടെ പ്രിയപുത്രനായ ശുഭ്മന്‍ ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുമ്പോള്‍, തനിക്ക് ലഭിച്ച പരിമിതമായ അവസരങ്ങളെ വജ്രായുധമാക്കി മാറ്റിയാണ് സഞ്ജു തന്റെ കരുത്ത് തെളിയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ 'സര്‍വൈവര്‍' ആരാണെന്ന ചോദ്യത്തിന് ഇന്ന് ഒരൊറ്റ ഉത്തരമേയുള്ളൂ- സഞ്ജു സാംസണ്‍. ടിനു യോഹന്നാനാണ് ഇന്ത്യന്‍ ടീമില്‍ കളിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാളി. പിന്നീട് ശ്രീശാന്തും കളിച്ചു. ടിനുവിന്റേത് ഹൃസ്വമായ അന്താരാഷ്ട്ര കരിയറായിരുന്നു. ഇതിന് കാരണം ലോബികളെ അതിജീവിക്കാന്‍ ടിനുവിന് കഴിയാത്തതായിരുന്നു. എന്നാല്‍ ശ്രീശാന്ത് കഥ മാറ്റി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വേഗവും താളവുമായി. അവസാനം വാതുവയ്പ്പ് ചതിയില്‍ ശ്രീ വീണു. ടീനുവിനുണ്ടായ കുറവും ശ്രീശാന്തിനുണ്ടായ വീഴ്ചയും സഞ്ജുവിന് അറിയാം. അതുകൊണ്ട് തന്നെ തെറ്റുകളിലേക്ക് വീഴാതെ നീങ്ങുകയാണ് സഞ്ജു. പ്രതിഭയിലൂടെ മാത്രമാണ് സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിന് വിസ്മയകരമായ മൂഹൂര്‍ത്തം നല്‍കിയത്. അത് വീണ്ടുമൊരു ലോകകപ്പ് ടീമിലെ ഇടമായി മാറുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങള്‍ പുറത്തിരിക്കേണ്ടി വന്നിട്ടും, അഞ്ചാം മത്സരത്തില്‍ ലഭിച്ച പഴുതിലൂടെ സഞ്ജു മികവ് കാട്ടി. നേരിട്ട നാലാം പന്തില്‍ തന്നെ സിക്സറടിച്ച് തുടങ്ങി സഞ്ജു. കേവലം റണ്‍സ് വേട്ടയായിരുന്നില്ല മറിച്ച് തന്നെ തഴഞ്ഞവര്‍ക്കുള്ള കൃത്യമായ മറുപടിയായിരുന്നു ആ ഇന്നിംഗ്സ്. ബാറ്റിംഗിലെ ലാഘവവും അനായാസമായി സിക്സറുകള്‍ പറത്താനുള്ള കഴിവും അദ്ദേഹത്തെ ഗില്ലിനേക്കാള്‍ അപകടകാരിയായ ഓപ്പണറായി മാറ്റുന്നു. ടി20 ക്രിക്കറ്റിന്റെ ഇന്നത്തെ ശൈലി പവര്‍പ്ലേ ഓവറുകളില്‍ പരമാവധി റണ്‍സ് കണ്ടെത്തുക എന്നതാണ്. ശുഭ്മന്‍ ഗില്ലിനെപ്പോലെയുള്ള താരങ്ങള്‍ ഇന്നിംഗ്സ് പടുത്തുയര്‍ത്താന്‍സമയം എടുക്കുമ്പോള്‍, സഞ്ജു ആദ്യ പന്ത് മുതല്‍ ആക്രമിച്ചു കളിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ നാലാം പന്തില്‍ തന്നെ സിക്സറടിച്ച സഞ്ജുവിന്റെ ശൈലിയാണ് ടീം മാനേജ്‌മെന്റ് ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ആധുനിക ടി20-യില്‍ റണ്‍സിനേക്കാള്‍ പ്രധാനം സ്ട്രൈക്ക് റേറ്റ് ആണ്. 160-ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിനുള്ള കഴിവ് അദ്ദേഹത്തെ ടീമിലെ മറ്റ് ബാറ്റര്‍മാരില്‍ നിന്നും വ്യത്യസ്തനാക്കുന്നു.
ബാറ്റിംഗില്‍ മാത്രമല്ല, വിക്കറ്റിന് പിന്നിലും സഞ്ജു ഒരു തന്ത്രശാലിയായ സാന്നിധ്യമായി മാറി. മാര്‍ക്കോ യാന്‍സനെ പുറത്താക്കാന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നിര്‍ബന്ധിച്ച് റിവ്യൂ എടുപ്പിച്ചത് സഞ്ജുവിന്റെ ഗെയിം ബ്രില്ല്യന്‍സിന് തെളിവാണ്. വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിക്ക് തമിഴില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സഞ്ജുവിന്റെ വീഡിയോകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറും ഉള്‍പ്പെടെയുള്ള ഇതിഹാസങ്ങള്‍ സഞ്ജുവിന് വേണ്ടി പരസ്യമായി രംഗത്തെത്തിയതോടെ ബിസിസിഐയുടെ സെലക്ഷന്‍ തന്ത്രങ്ങളും മാറി. ഗൗതം ഗംഭീര്‍ എന്ന കോച്ചിന് സഞ്ജുവിനെ തഴയാനായില്ല. 1000 അന്താരാഷ്ട്ര ടി20 റണ്‍സും 8000 കരിയര്‍ റണ്‍സും തികച്ച സഞ്ജു, വരാനിരിക്കുന്ന 2026 ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിശ്വസ്തനായ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഗില്ലിനെ ടീമില്‍ നിന്നും ഒഴിവാക്കി അക്സറിനെ വൈസ് ക്യാപ്റ്റനാക്കിയ നീക്കം സഞ്ജുവിനെപ്പോലെയുള്ള സ്വാഭാവിക പ്രഹരശേഷിയുള്ള താരങ്ങള്‍ക്ക് ടീമില്‍ ലഭിക്കുന്ന പുതിയ അംഗീകാരത്തിന്റെ തെളിവാണ്. പക്ഷേ അപ്പോഴും ഗംഭീര്‍ സഞ്ജുവിനെതിരെ തിരിയുമെന്ന് കരുതുന്നവരുണ്ട്. ഇശാന്ത് കിഷനെ വിക്കറ്റ് കീപ്പര്‍ ബാറ്ററാക്കി സഞ്ജുവിനെ തടയുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ തുടര്‍ച്ചയായി ആറ് മത്സരങ്ങളില്‍ ബെഞ്ചിലിരിക്കേണ്ടി വന്ന സഞ്ജുവിന്റെ അവസ്ഥ ഏതൊരു താരത്തെയും തളര്‍ത്തുന്നതായിരുന്നു. എന്നാല്‍ അഞ്ചാം ടി20-യില്‍ പരിക്കേറ്റ ഗില്ലിന് പകരം ലഭിച്ച അവസരം സഞ്ജു ആഘോഷമാക്കി മാറ്റി. വെറും 22 പന്തില്‍ 37 റണ്‍സെടുത്ത സഞ്ജുവിന്റെ പ്രകടനം കേവലം റണ്‍സിനെക്കുറിച്ചുള്ളതായിരുന്നില്ല, മറിച്ച് ടീമിന് ആവശ്യമായ ആ 'അഗ്രസീവ്' മനോഭാവത്തെക്കുറിച്ചുള്ളതായിരുന്നു. വിക്കറ്റിന് പിന്നില്‍ നിന്ന് സഞ്ജു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപടി വിശ്വസിക്കുന്ന സൂര്യകുമാര്‍ യാദവിനെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ നാം കണ്ടത്. മാര്‍ക്കോ യാന്‍സനെ പുറത്താക്കാന്‍ റിവ്യൂ എടുക്കാന്‍ സൂര്യയെ നിര്‍ബന്ധിച്ച സഞ്ജുവിന്റെ 'ഗെയിം സെന്‍സ്' ടീമില്‍ അദ്ദേഹത്തിനുള്ള സ്വീകാര്യത വര്‍ദ്ധിപ്പിച്ചു. മാര്‍ക്കറ്റിംഗ് മൂല്യം ഏറെയുള്ള ഗില്ലിന് ടി20-യില്‍ സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്താന്‍ കഴിയാതെ വന്നപ്പോള്‍, സ്വാഭാവികമായും സെലക്ടര്‍മാരുടെ കണ്ണ് സഞ്ജു എന്ന അപകടകാരിയായ ബാറ്ററിലേക്ക് നീണ്ടു. തനിക്ക് ലഭിച്ച ചെറിയ പഴുതുകളിലൂടെ വലിയ വിസ്ഫോടനങ്ങള്‍ സൃഷ്ടിക്കാന്‍ സഞ്ജുവിന് സാധിച്ചു. ഗില്ലിന് വഴിമാറേണ്ടി വന്നത് സഞ്ജുവിന്റെ പ്രതിഭയ്ക്ക് മുന്നിലല്ല, മറിച്ച് സഞ്ജു കാണിച്ച ആ 'ധീരതയ്ക്ക്' മുന്നിലാണെന്നാണ് വിലയിരുത്തല്‍.
കേരളത്തിന്റെ അഭിമാനമായ സഞ്ജു ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളാണ്. 1994 നവംബര്‍ 11-ന് തിരുവനന്തപുരത്തെ വിഴിഞ്ഞത്ത് ജനിച്ച സഞ്ജു, ഡല്‍ഹിയിലും കേരളത്തിലുമായാണ് ക്രിക്കറ്റ് ജീവിതം കെട്ടിപ്പടുത്തത്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന് വേണ്ടി നടത്തിയ മിന്നും പ്രകടനങ്ങളാണ് ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോര്‍ഡ് സഞ്ജുവിന്റെ പേരിലാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായിരിക്കെ തന്റെ നേതൃത്വപാടവം തെളിയിക്കുകയും ടീമിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട്. ക്രീസിലെ ലാഘവത്തോടെയുള്ള ബാറ്റിംഗും അനായാസം സിക്സറുകള്‍ പറത്താനുള്ള കഴിവും സഞ്ജുവിനെ ലോകോത്തര താരങ്ങള്‍ക്കിടയില്‍ വേറിട്ടു നിര്‍ത്തുന്നു. അന്താരാഷ്ട്ര തലത്തില്‍ പലപ്പോഴും അവസരങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വന്നെങ്കിലും, ലഭിച്ച അവസരങ്ങളില്‍ സെഞ്ച്വറികളും നിര്‍ണ്ണായക ഇന്നിംഗ്സുകളും കളിച്ച് പ്രതിഭ തെളിയിച്ചുവെന്നതാണ് വസ്തുത.




