ശ്രേയസ് അയ്യര്‍ക്കും ഇഷാന്‍ കിഷനും കുറച്ച് നാളുകള്‍ മുമ്പ് ഉണ്ടായിരുന്ന അവസ്ഥ ആരാധകര്‍ മറക്കാനിടയില്ല. ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാന്‍ തയാറല്ലാത്ത താരങ്ങള്‍ക്ക് ബിസിസിഐ കേന്ദ്ര കരാര്‍ ഒഴിവാകുന്നതിലേക്കും ഏറെ നാള്‍ ടീമില്‍ നിന്ന് പുറത്താക്കുന്നതിലിലേക്കും കാര്യങ്ങള്‍ എത്തിയിരുന്നു. അതെ അവസ്ഥ തന്നെയാണോ നമ്മുടെ സഞ്ജുവിനെയും കാത്തിരിക്കുന്നത്?

സഞ്ജു സാംസണെ സംബന്ധിച്ച് വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം പിടിക്കാന്‍ പറ്റാതെ പോയത് വന്‍ തിരിച്ചടിയായി മാറിയിരിക്കുകയാണ് . ഇന്ത്യ ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ്, 2024-25 ലെ വിജയ് ഹസാരെ ട്രോഫിയില്‍ സാംസണ്‍ എന്ത് കൊണ്ട് കളിച്ചില്ല എന്നത് അന്വേഷിക്കാന്‍ ബിസിസിഐ യോഗം ചേരാന്‍ ഒരുങ്ങുന്നു. ടൂര്‍ണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കരുണ്‍ നായര്‍ അടക്കം ഇന്ത്യന്‍ ടീമില്‍ സ്ഥാനത്തിനായി മത്സരിക്കുമ്പോള്‍ സഞ്ജുവിന്റെ നില പരുങ്ങലിലാണ് എന്ന് പറയാം.

നിലവില്‍ ഇംഗ്ലണ്ടിന് എതിരയായ ടി 20 പരമ്പരയ്ക്കുള്ള ടീമില്‍ മാത്രമാണ് സഞ്ജുവിന് ഇടമുള്ളത്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുമുമ്പ് 50 ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള അവസരം സ്‌ക്വാഡ് മത്സരാര്‍ത്ഥികളിലൊരാള്‍ നഷ്ടമായതില്‍ ബിസിസിഐ അസുന്തഷ്ടരാണ്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളത്തിന്റെ ക്യാമ്പില്‍ സഞ്ജു പങ്കെടുത്തിരുന്നില്ല. അതിനാലാണ് സഞ്ജുവിന് സ്ഥാനം നഷ്ടപെട്ടത്.

''ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് സെലക്ടര്‍മാരും ബോര്‍ഡും വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും അനുമതി തേടാതെ ആഭ്യന്തര മത്സരങ്ങള്‍ നഷ്ടമായതിന്റെ കേന്ദ്ര കരാര്‍ നഷ്ടമായിരുന്നു. സാംസണിന്റെ കാര്യത്തില്‍ പോലും, അദ്ദേഹം ടൂര്‍ണമെന്റ് നഷ്ടമാക്കിയ കാരണമൊന്നും ബോര്‍ഡിനും സെലക്ടര്‍മാര്‍ക്കും നല്‍കിയിട്ടില്ല. ആ സമയം സഞ്ജു എവിടെ ആയിരുന്നു എന്ന് അന്വേഷിക്കും ''ബിസിസിഐ വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ടൂര്‍ണമെന്റില്‍ മികവ് കാണിച്ച കരുണിനെ പോലെ താരങ്ങള്‍ ഉള്ളപ്പോള്‍ സഞ്ജുവിനെ എങ്ങനെ പരിഗണിക്കും എന്നാണ് ബിസിസിഐ ചോദിക്കുന്നത്. സ്വന്തം തെറ്റ് കൊണ്ടാണ് സഞ്ജു കളിക്കാതെ പോയതെന്ന് കണ്ടെത്തിയാല്‍ താരത്തിനും ചിലപ്പോള്‍ അയ്യര്‍ ഇഷാന്‍ തുടങ്ങിയവരുടെ ഗതി വന്നേക്കാം.