- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വൻ മുന്നേറ്റവുമായി സഞ്ജു; നിലമെച്ചപ്പെടുത്തി ശ്രയസ്സ് അയ്യരും ശുഭ്മാൻ ഗില്ലും; ഒന്നാംസ്ഥാനത്ത് തുടർന്ന് പാക് നായകൻ ബാബർ അസം; ഐസിസി പുതിയ ഏകദിന റാങ്കിങ്ങ് ഇങ്ങനെ
ദുബായ്: ഇന്ത്യൻ ഏകദിന ടീമിലും ടി20 ടീമിലും തുടർച്ചയായി അവസരങ്ങൾ നിഷേധിക്കപ്പെടുമ്പോഴും ഐസിസി ഏകദിന റാങ്കിംഗിൽ മുന്നേറ്റവുമായി മലയാളി താരം സഞ്ജു സാംസൺ. ഏകദിന പരമ്പരയിൽ ഒരു മത്സരത്തിൽ മാത്രം അവസരം ലഭിച്ച സഞ്ജു 36 റൺസെടുത്തിരുന്നു.
പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചില്ല. എങ്കിലും ഏകദിന റാങ്കിംഗിൽ 10 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി സഞ്ജു 82-ാം സ്ഥാനത്തെത്തി. സഞ്ജുവിന് പകരം ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കുകയും തിളങ്ങാൻ കഴിയാതിരിക്കുകയും ചെയ്ത റിഷഭ് പന്ത് 73ാം സ്ഥാനത്ത് തുടരുന്നു,
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ 129 റൺസടിച്ച് ഇന്ത്യയുടെ ടോപ് സ്‌കോററായ ശ്രേയസ് അയ്യർ ആറ് സ്ഥാനം മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ മൂന്ന് മത്സരങ്ങളിൽ 108 റൺസടിച്ച ഓപ്പണർ ശുഭ്മാൻ ഗിൽ മൂന്ന് സ്ഥാനം ഉയർന്ന് 34-ാം സ്ഥാനത്തെത്തി.
ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിൽ അപരാജിത സെഞ്ചുറിയുമായി 145 റൺസടിച്ച ന്യൂസിലൻഡ് ബാറ്റർ ടോം ലാഥം10 സ്ഥാനങ്ങൾ ഉയർന്ന് 18-ാമത് എത്തിയപ്പോൾ അപരാജിത അർധസെഞ്ചുറിയുമായി തിളങ്ങിയ കെയ്ൻ വില്യംസൺ ബാറ്റിങ് റാങ്കിംഗിൽ ആദ്യ പത്തിൽ തിരിച്ചെത്തി.
അതേസമയം, ഏകദിന പരമ്പരയിൽ നിന്ന് വിശ്രമമെടുത്ത വിരാട് കോലിയും രോഹിത് ശർമയും ഓരോ സ്ഥാനങ്ങൾ താഴേക്കിറങ്ങി എട്ടാമതും ഒമ്പതാമതുമായി. പാക് നായകൻ ബാബർ അസമാണ് ബാറ്റിങ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്. ഇമാം ഉൾ ഹഖ്, റാസി വാൻഡർ ദസ്സൻ, ക്വിന്റൺ ഡി കോക്ക്, ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, ജോണി ബെയർസ്റ്റോ വിരാട് കോലി, രോഹിത് ശർമ, കെയ്ൻ വില്യംസൺ എന്നിവരാണ് ആദ്യ പത്തിലുള്ളത്.
ബൗളിങ് റാങ്കിംഗിൽ ന്യൂസിലൻഡിന്റെ ലോക്കി ഫെർഗൂസൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 32-മത് എത്തിയപ്പോൾ ടിം സൗത്തി രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 34ാം സ്ഥാനത്തെത്തി.