'കേരള രഞ്ജി ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ചയാള്‍ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായി'; കരിയറിലെ ഏറ്റവും മികച്ച സമയമെന്ന് സഞ്ജു സാംസണ്
തിരുവനന്തപുരം: കേരള രഞ്ജി ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ചയാള്‍ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായി എന്നത് ആഹ്ലാദകരമാണെന്നും കടന്നുപോയത് തന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്ന് നാല് മാസങ്ങളെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. ഇത്തവണ ഐപിഎല്‍ സീസണ് മുതല്‍ ഇന്ത്യ കിരീടം നേടിയ ട്വന്റി20 ലോകകപ്പിലും പിന്നീട് സിംബാബ്വെ, ശ്രീലങ്ക പര്യടനങ്ങളിലുമെല്ലാം മികച്ച അനുഭവമാണ് ഉണ്ടായതെന്ന് സഞ്ജു പറയുന്നു. ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും, ട്വന്റി 20 ലോകകപ്പില്‍ കളിക്കണമെന്നാണ് മുകളിലുള്ളയാള്‍ തീരുമാനിച്ചതെന്നും സഞ്ജു […]
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: കേരള രഞ്ജി ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ചയാള്‍ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായി എന്നത് ആഹ്ലാദകരമാണെന്നും കടന്നുപോയത് തന്റെ കരിയറിലെ ഏറ്റവും മികച്ച മൂന്ന് നാല് മാസങ്ങളെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണ്. ഇത്തവണ ഐപിഎല്‍ സീസണ് മുതല്‍ ഇന്ത്യ കിരീടം നേടിയ ട്വന്റി20 ലോകകപ്പിലും പിന്നീട് സിംബാബ്വെ, ശ്രീലങ്ക പര്യടനങ്ങളിലുമെല്ലാം മികച്ച അനുഭവമാണ് ഉണ്ടായതെന്ന് സഞ്ജു പറയുന്നു.
ഏകദിന ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും, ട്വന്റി 20 ലോകകപ്പില്‍ കളിക്കണമെന്നാണ് മുകളിലുള്ളയാള്‍ തീരുമാനിച്ചതെന്നും സഞ്ജു പറഞ്ഞു. ലോകകപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യന്‍ താരമായിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല എന്ന് ഒന്നു കൂടി മനസ്സിലായത്.
"എന്റെ കരിയറിലെ ഏറ്റവും മികച്ച 3 - 4 മാസമാണ് കഴിഞ്ഞത്. ഐപിഎലില്നിന്നാണ് തുടങ്ങിയത്. അവിടെ നന്നായി ചെയ്യാന്‍ പറ്റി. പ്രതീക്ഷിച്ചതുപോലെ ഫൈനലിലെത്താനായില്ല. എങ്കിലും മികച്ച പ്രകടനം എനിക്കും ടീമിനും കാഴ്ചവയ്ക്കാന്‍ പറ്റി. അതിനു പിന്നാലെ ലോകകപ്പ് ടീമില്‍ ഇടംലഭിച്ചതും വലിയൊരു നേട്ടമായി. പണ്ട് ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഇനി എന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു ലോകകപ്പ് ടീമില്‍ ഇടം പിടിക്കുക എന്നത്. 3 - 4 വര്‍ഷം മുന്‍പു മുതല്‍ ഞാന്‍ ആഗ്രഹിക്കുന്ന കാര്യമാണ്.
"ഇക്കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, മുകളിലുള്ള ആള് തീരുമാനിച്ചത് ട്വന്റി20 ലോകകപ്പ് ടീമില്‍ വരണമെന്നാണ്. അങ്ങനെ ട്വന്റി20 ലോകകപ്പ് ടീമിനൊപ്പം ഒരു മലയാളിയായി ട്രാവല്‍ ചെയ്യാനായി. ആ ഒരു മാസം ഇന്ത്യന്‍ ടീം ക്യാപ്റ്റനും ഡ്രസിങ് റൂമിലും അനുഭവിക്കുന്ന സമ്മര്‍ദ്ദം മനസ്സിലാക്കി ഒരു ലോകകപ്പ് ശരിക്ക് അനുഭവിക്കാന്‍ സാധിച്ചു. കരിയറിലെ ഏറ്റവും വലിയ നേട്ടമായിട്ടാണ് അത് കാണുന്നത്.
"ലോകകപ്പ് ജയിച്ചപ്പോഴാണ് ഇന്ത്യന്‍ താരമായിരിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല എന്ന് ഒന്നു കൂടി മനസ്സിലായത്. ഓരോ ദിവസത്തെയും സമ്മര്‍ദ്ദിന്റെ പിന്നാലെ ഓടുമ്പോള്‍ മൊത്തത്തിലുള്ള ഒരു ചിത്രം കാണാറില്ല. കേരള രഞ്ജി ടീമില്‍ കളിക്കണമെന്ന് ആഗ്രഹിച്ച ഒരാള്‍ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമായി എന്നത് സന്തോഷം നല്കുന്ന കാര്യമാണ്.
"അതിനു ശേഷം നാട്ടില്‍ വന്ന് കുടുംബത്തനൊപ്പം ഒരാഴ്ചയുണ്ടായിരുന്നു. വീട്ടില്‍ പോയി അച്ഛനും അമ്മയ്ക്കും ഒപ്പം മീന്‍കറി കൂട്ടി കപ്പയൊക്കെ കഴിച്ചു. പിന്നീട് സിംബാബ്വെ പര്യടനത്തിനു പോയി. അവിടെ നന്നായി ചെയ്യാന്‍ പറ്റി. അതിനുശേഷം ശ്രീലങ്ക പര്യടനത്തിനു പോയെങ്കിലും അവിടെ പ്രതീക്ഷിച്ചതുപോലെ ചെയ്യാന്‍ പറ്റിയില്ല.
"സഞ്ജു വൈറ്റ്ബോള്‍ ക്രിക്കറ്റിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്, അവിടെയാണ് എനിക്ക് അവസരം കിട്ടുന്നത് എന്ന് ആളുകള്‍ ചിന്തിക്കുന്നുണ്ടാകും. വര്‍ഷങ്ങളായി കേരളത്തിനായി സാധിക്കുന്നത്ര രഞ്ജി ട്രോഫി മത്സരങ്ങള്‍ ഞാന്‍ കളിക്കുന്നുണ്ട്. എന്റെ പ്രായം വച്ചു നോക്കുമ്പോള്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം ശ്രദ്ധിക്കുന്ന ഒരാളല്ല ഞാന്‍. മൂന്നു ഫോര്‍മാറ്റിലും ഇന്ത്യയ്ക്കായി കളിക്കണമെന്ന് ആഗ്രഹിച്ച് അതിനായി പരിശീലിക്കുന്ന ആളാണ്. മൂന്നു ഫോര്‍മാറ്റിലും കളിക്കണമെന്നു തന്നെയാണ് എന്റെ ആഗ്രഹം.
"സമൂഹമാധ്യമങ്ങളിലൊക്കെ നാട്ടിലെ ആളുകളില്‍നിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ന്യൂസീലന്‍ഡ് മുതല്‍ വെസ്റ്റിന്‍ഡീസ് വരെ പോകുമ്പോള്‍ നല്ല പിന്തുണയാണ് ലഭിക്കുന്നത്. 'എടാ മോനേ, കളിക്കെടാ' എന്നെല്ലാം പറഞ്ഞ് വന്‍ പിന്തുണയാണ് തരുന്നത്. അതൊന്നും ചെറിയ കാര്യമല്ല. ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ഇതെല്ലാം വലിയ ചര്‍ച്ചയാണ്. എടാ ചേട്ടാ, നീ എവിടെപ്പോയാലും വലിയ സപ്പോര്‍ട്ടാണല്ലോ, നീ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നെല്ലാം അവര്‍ പറയും.
"ഇത്രയും പിന്തുണ ഞാന്‍ അര്‍ഹിക്കുന്നുണ്ടോ എന്ന് എനിക്കു തന്നെ സംശയമുണ്ട്. ഈ പിന്തുണയ്ക്ക് നന്ദി. ഇത്ര വലിയ പിന്തുണ ലഭിക്കുമ്പോള്‍ ടീമില്‍ ഇടം ലഭിക്കാത്തപ്പോഴും, ഇനി ടീമില്‍ ഇടം ലഭിച്ചാല്‍ ശ്രീലങ്കയില്‍ സംഭവിച്ചതുപോലെ രണ്ട് ഡക്ക് ഒക്കെ അടിച്ചിട്ടു വരുമ്പോഴും അതിന്റേതായ പ്രതികരണമുണ്ടാകും. അതൊക്കെ മനസ്സിലാക്കാനുള്ള പക്വത എനിക്കുണ്ട്." സഞ്ജു പറഞ്ഞു.