- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജമ്മുവിന്റെ അതിവേഗ ബൗളർ ഉംറാൻ മാലിക്കിനെ തകർത്ത് പ്രതീക്ഷ നിലനിർത്തി; മേഘാലയയെ ക്യാപ്ടൻസി മികവിൽ കെട്ടു കെട്ടിച്ച് പ്രീക്വർട്ടറിലെത്തി കേരളം; രാജസ്ഥാൻ റോയൽസിനേയും ഇന്ത്യാ എയേയും വിജയ വഴിയിൽ നയിച്ച മലയാളിയുടെ കൂൾ ക്യാപ്ടൻസി വീണ്ടും ചർച്ചകളിൽ; സഞ്ജു സാംസൺ ക്വാളിഫൈഡ്! ഇനി എല്ലാം റോജർ ബിന്നി തീരുമാനിക്കും
ചണ്ഡിഗഡ്: സെയ്ദ് മുഷ്താഖ് അലി ട്വന്റി20 ക്രിക്കറ്റിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം അനിവാര്യമായിരുന്നു. എലീറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ മേഘാലയയെ അഞ്ച് വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. മേഘാലയ ഉയർത്തിയ 101 റൺസ് വിജയലക്ഷ്യം 12.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. ജയത്തോടെ, ഗ്രൂപ്പ് സിയിൽ കേരളം രണ്ടാം സ്ഥാനത്തായി. ഏഴു മത്സരങ്ങളിൽനിന്ന് 5 ജയവും രണ്ടു തോൽവിയും സഹിതം 20 പോയിന്റാണ് കേരളത്തിനുള്ളത്. ഒന്നാം സ്ഥാനത്തുള്ള കർണാടകയ്ക്ക് 24 പോയിന്റുണ്ട്. ഹരിയാന ആണ് മൂന്നാം സ്ഥാനത്ത്. അങ്ങനെ സഞ്ജുവിന്റെ ടീം പ്രീക്വാർട്ടറിലുമെത്തി. ഇനിയുള്ള ഓരോ കളിയും നിർണ്ണായകമാണ്. ഇന്ത്യയുടെ ഭാവി ക്യാപ്ടൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമായി അത് മാറും.
ലോകകപ്പിൽ ഇന്ത്യയ്ക്കുള്ളത് മുതിർന്നവരുടെ പടയാണ്. ഓസ്ട്രേലിയയിലെ ലോകകപ്പിന് ശേഷം വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും ദിനേശ് കാർത്തിക്കിനുമെല്ലാം കുട്ടി ക്രിക്കറ്റിൽ നിന്ന് മാറേണ്ടി വരും. അതുകഴിഞ്ഞാരായിരിക്കും ക്യാപ്ടൻ എ്ന്ന ചർച്ച സജീവമാണ്. രാജസ്ഥാൻ റോയൽസിനെ മുന്നിൽ നിന്ന് നയിച്ച് ഫൈനലിൽ എത്തിച്ച സഞ്ജു വി സാംസണിന് സാധ്യതകൾ ഏറെയാണ്. ന്യൂസിലണ്ട് എ ടീമിനെതിരെ ഇന്ത്യൻ എ ടീമിനെ നയിച്ച സഞ്ജുവിന് അവിടേയും വിജയമായിരുന്നു ഫലം. അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തെ വിജയടീമാക്കി മാറ്റാനായാൽ അത് മറ്റൊരു നാഴിക കല്ലാകും. അതിനുള്ള യാത്രയിലാണ് സഞ്ജുവിന്റെ കേരളം.
ബിസിസിഐയിൽ പുതിയ നേതൃത്വമെത്തി കഴിഞ്ഞു. സഞ്ജുവിന് പാര പണിതവരൊന്നും ഇന്ന് ബിസിസിയിൽ ഇല്ല. അതുകൊണ്ട് തന്നെ കേരളത്തിന് ആഭ്യന്തര ക്രിക്കറ്റിൽ മുന്നേറാനായാൽ അത് സഞ്ജുവിന് ഗുണകരമായി മാറും. കർണ്ണാടകയിൽ നിന്നുള്ള റോജർ ബിന്നിയാണ് ബിസിസിഐയുടെ അധ്യക്ഷൻ. 1983ലെ ലോകകപ്പ് വിജയ ശിൽപ്പിയായ ബിന്നി എന്നും ക്രിക്കറ്റിന്റെ പക്ഷത്ത് നിലയുറപ്പിച്ച താരമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിന് ഇനി ഗാലറിയുടെ പുറത്തിരുന്ന് കളികാണേണ്ടി വരില്ലെന്ന് ഉറപ്പാണ്. കോച്ച് രാഹുൽ ദ്രാവിഡും സഞ്ജുവിനെ അംഗീകരിക്കുന്ന വ്യക്തിത്വമാണ്. കോച്ചിംഗിൽ നിർണ്ണായക റോളുള്ള വിവി എസ് ലക്ഷ്മണും കേരള താരത്തെ കുറിച്ച് നല്ലതേ പറയാനുള്ളൂ.
മൂന്ന് ഫോർമാറ്റിലും നന്നായി ബാറ്റ് വീശുന്ന താരമാണ് താനെന്ന് തെളിയിക്കാനുള്ള സുവർണ്ണാവസരമാണ് സഞ്ജുവിന് ഈ ആഭ്യന്തര സീസൺ. ട്വന്റി ട്വന്റിയിലും ഏകദിനത്തിലും സഞ്ജുവിന്റെ പ്രതിഭ ലോകം അംഗീകരിച്ചതാണ്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ കൂടി ഉറച്ചു നിന്ന് ബാറ്റ് വീശി കേരളത്തെ മുമ്പോട്ട് കൊണ്ടു പോയാൽ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്കും സഞ്ജു എത്തും. അതിനുള്ള സുവർണ്ണാവസരമാണ് ഈ സീസൺ. ഇന്ത്യൻ എ ടീമിന്റെ നായകനായ സഞ്ജുവിനെ കേരളാ ക്രിക്കറ്റിനും ചുമതലകളിൽ നിന്ന് മാറ്റി നിർത്താനാകില്ല. അങ്ങനെ എല്ലാവരും അംഗീകരിക്കുന്ന താരമായി മാറാനുള്ള സുവർണ്ണാവസരം.
അതിന്റെ തുടക്കമാണ് സെയ്ദ് മുഷ്താഖ് അലിയിലെ കേരളത്തിന്റെ കുതിപ്പ്. നിർണ്ണായക മത്സരത്തിൽ ടോസ് നേടിയ മേഘാലയ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനം തെറ്റായിപ്പോയെന്ന് കേരളത്തിന്റെ ബൗളർമാർ തെളിയിച്ചു. സഞ്ജുവന്റെ ക്യാപ്ടൻസി മികവിലെ ബൗളിങ് ചെയ്ഞ്ചുകൾ മേഘാലയയെ തളർത്തി. സച്ചിൻ ബേബി (24 പന്തിൽ 28), വിഷ്ണു വിനോദ് (12 പന്തിൽ 27), അബ്ദുൽ ബാഷിത് (14 പന്തിൽ 13) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റൻ സഞ്ജു സാംസൺ നാല് റൺസെടുത്ത് പുറത്തായി. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് മേഘാലയ 100 റൺസെടുത്തത്. നാല് ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. 20 റൺസെടുത്ത് ലാറി സാങ്മയാണ് അവരുടെ ടോപ് സ്കോറർ.
രാജ് ബിശ്വ (15), ക്യാപ്റ്റൻ പുനിത് ബിഷ്ത് (18), കിഷൻ ലിങ്ദോ (19) ആണ് രണ്ടക്കം കടന്ന മറ്റുള്ളവർ. കേരളത്തിനായി വൈശാഖ് ചന്ദ്രൻ, എസ്.മിഥുൻ എന്നിവർ രണ്ടു വിക്കറ്റ് വീതവും മനുകൃഷ്ണൻ, ബേസിൽ തമ്പി, കെ.എം.ആസിഫ്, സിജോമോൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ബൗളർമാരെ സമർത്ഥമായി ഉപയോഗിക്കുന്ന ക്യാപ്ടനായി സഞ്ജു. കൂൾ ഹെഡ് വിടാതെ ചെറിയ സ്കോറിലേക്ക് മേഘാലയയെ തളച്ചു. അതിന് ശേഷം അതിവേഗം റൺനേടി റൺനിരക്കിലും മുമ്പിലേക്ക് കയറി. ഈ തന്ത്രമാണ് കേരളത്തെ പോയിന്റ് നിലയിൽ ഗ്രൂപ്പിൽ രണ്ടാമതാക്കിയത്. അതു തന്നെയാണ് പ്രീക്വാർട്ടർ പ്രവേശനത്തിൽ നിർണ്ണായകവുമായത്.
നേരത്തെ ബാറ്റിങ് ഫോമിലും സഞ്ജു എത്തിയിരുന്നു. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ തോൽവി വഴങ്ങിയ ശേഷം ശക്തമായി തിരിച്ചുവന്ന കേരളം ജമ്മു കശ്മീരിനെ 62 റൺസിന് തകർത്തതാണ് നിർണ്ണായകമായത്. അന്ന് കേരളം ഉയർത്തിയ 185 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ് ആരംഭിച്ച കശ്മീർ 19 ഓവറിൽ 122 റൺസിന് ഓൾ ഔട്ടായി. ഫോമിലേക്ക് മടങ്ങിയെത്തിയ സൂപ്പർ താരം സഞ്ജു സാംസണിന്റെയും സച്ചിൻ ബേബിയുടെയും ബാറ്റിങ് മികവിലാണ് ജമ്മുവിനെതിരെ കേരളം മികച്ച സ്കോർ പടുത്തുയർത്തിയത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച കേരളത്തിനായി നായകൻ സഞ്ജു 56 പന്തുകളിൽ നിന്ന് ആറ് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ 61 റൺസ് നേടി. സച്ചിൻ ബേബി വെറും 32 പന്തുകളിൽ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 62 റൺസെടുത്തു.
ഇന്ത്യൻ പേസ് ബൗളർ ഉംറാൻ മാലിക്ക് അണിനിരന്ന ജമ്മു കശ്മീർ ബൗളർമാരെ കേരളത്തിന്റെ ബാറ്റർമാർ വേണ്ടുവോളം പ്രഹരിച്ചു. അതിവേഗ ബൗളറായ ഉംറാൻ നാലോവറിൽ 41 റൺസാണ് വഴങ്ങിയത്. അന്ന് ക്രീസിൽ നങ്കൂരമിട്ട് കളിച്ച സഞ്ജു തന്റെ പ്രഭാവം പ്രകടിപ്പിക്കുകയും ചെയ്തു. അതിന് ശേഷം മേഘാലയേയും തകർത്ത് കേരളം മുമ്പോട്ട് കുതിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ