- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുൽ ഇപ്പോഴും പൂർണ്ണ ഫിറ്റല്ല; നാലാം നമ്പർ മത്സരത്തിന് ശ്രേയസ് അയ്യർ റെഡി; സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും ശ്രേയസിനും സൂര്യകുമാറിനും മുകളിലുള്ള സഞ്ജുവിനെ കളിപ്പിക്കാതിരിക്കാൻ കെഎൽ രാഹുലിനെ വെറുതെ ടീമിലെടുത്തതോ? യുവരാജിന്റെ പിൻഗാമിയാകാൻ കരുത്തുള്ള സഞ്ജു റിസ്സർവ്വ് ബെഞ്ചിൽ കളികാണുമ്പോൾ
ബംഗളൂരു: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കെ എൽ രാഹുലിനെ ഉൾപ്പെടുത്തിയത് സഞ്ജു വി സാംസണിനെ കരയ്ക്കിരുത്താനോ? മധ്യനിര താരം ശ്രേയസ് അയ്യർ കളിച്ചേക്കുമെന്ന വാർത്തയ്ക്കിടെയാണ് ഈ സൂചന പുറത്തു വരുന്നത്. ശ്രീലങ്കയിലെ കാൻഡിയിൽ സെപ്റ്റംബർ ഒന്നാം തിയതി നടക്കുന്ന അവസാന പരിശീലന സെഷന് ശേഷമാകും പാക്കിസ്ഥാനെതിരായ പ്ലേയിങ് ഇലവനെ ഇന്ത്യ തീരുമാനിക്കുക.
പരുക്കിന് ശേഷം ഫിറ്റ്നസ് വീണ്ടെടുത്ത ശ്രേയസ്, കായികക്ഷമതാ പരിശോധന വിജയിച്ചതായി ബിസിസിഐ അറിയിച്ചു. ഏഷ്യാ കപ്പിൽ നാലാം നമ്പറിൽ ശ്രേയസ് ഇറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. ശ്രീലങ്കയിലെ കാൻഡിയിൽ സെപ്റ്റംബർ രണ്ടിനാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ മത്സരം. അതേസമയം വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ ഫിറ്റ്നസ് കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിൽ തുടരുകയാണ്.
പാക്കിസ്ഥാനും നേപ്പാളിനുമെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. പ്രാക്ടീസ് സെഷനുകളിൽ മികച്ച പ്രകടനമാണ് രാഹുൽ പുറത്തെടുത്തത്. എന്നാൽ 100 ശതമാനം കായികക്ഷമത വീണ്ടെടുത്തിട്ടില്ല. ഐപിഎല്ലിനിടെ കാലിനേറ്റ പരുക്കിന് ശേഷം രാഹുൽ ഇതുവരെ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. പരിക്ക് ഭേദമാകാത്ത രാഹുലിനെ എന്തിനാണ് ടീമിൽ എടുത്തതെന്നാണ് ചോദ്യം. ഇതോടെ സഞ്ജുവിന്റെ സ്ഥാനം റിസർവ്വ് ബെഞ്ചിലായി. ടീമിലെ നാലാം നമ്പർ കളിക്കാരനെ കണ്ടെത്തുന്നതിൽ സഞ്ജുവിന്റെ പുറത്ത് ഇരിക്കൽ നിർണ്ണായകമാകും.
ബോർഡർ- ഗവാസ്‌കർ ട്രോഫിക്കിടെയാണ് ശ്രേയസിന് പരുക്കേറ്റത്. ശ്രേയസിനും രാഹുലിനും ശസ്ത്രക്രിയകൾക്ക് വിധേയരായിരുന്നു. നാലാം നമ്പറിലേക്ക്‌ശ്രേയസിനും സൂര്യകുമാറിനുമൊപ്പം സഞ്ജുവിനേയും പരിഗണിക്കുന്നു. ശ്രേയസ് ടീമിലുമുണ്ട്. ഇതോടെ സഞ്ജുവിനെ പരിഗണിക്കാതെ തന്നെ മലയാളി കൂടിയായ ശ്രേയസിനേയും സൂര്യകുമാറിനേയും പരിഗണിക്കും. ഇതിൽ സൂര്യകുമാറിന് കൂടുതൽ സാധ്യത കിട്ടും. ഇതിന് വേണ്ടിയാണ് റിസർവ് താരമായി മലയാളി താരം സഞ്ജുവിനെ മാറ്റിയത് എന്നാണ് സൂചന.
ഏഷ്യാ കപ്പിനുള്ള 17അംഗ ഇന്ത്യൻ ടീമിൽ സഞ്ജു വി സാംസണ് ഇടം ലഭിക്കാതെ പോയത് വെസ്റ്റ് ഇൻഡീസിലെ ഏകദിനത്തിലെ വമ്പൻ പ്രകടനങ്ങളുടെ കുറവ് മാത്രം. കണക്കുകളിൽ സമകാലിക ഇന്ത്യൻ കളിക്കാരിൽ നാലാം നമ്പരിലെ മികവ് മലയാളി ബാറ്റർക്ക് അവകാശപ്പെട്ടതാണ്. എന്നാൽ വിൻഡീസിൽ ഒറ്റ അർദ്ധ ശതകം മാത്രമാണ് സഞ്ജുവിന് നേടാനായത്. ഇതോടെ താരത്തിന്റെ സ്ഥാനം റിസർവ്വ് പട്ടികയിലായി. അപ്പോഴും ഏകദിന ലോകകപ്പിൽ സഞ്ജുവിന് മികച്ച സാധ്യതയുണ്ട്.
യുവരാജ് സിങ്ങിനു ശേഷം മധ്യനിരയിലെ ഏറെ സുപ്രധാനമായ നാലാം നമ്പർ സ്ഥാനത്ത് മറ്റൊരാളെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ശ്രേയസ് മികച്ച ഓപ്ഷനായിരുന്നെങ്കിലും പരുക്ക് തിരിച്ചടിയാവുകയായിരുന്നു. ട്വന്റി20യിലെ മികവ് ഏകദിനത്തിൽ പ്രതിഫലിപ്പിക്കാൻ സൂര്യകുമാറും പരാജയപ്പെട്ടു. താരതമ്യേന സഞ്ജു സാംസണിന് ലഭിച്ചത് വളരെ കുറച്ച് അവസരങ്ങൾ മാത്രമാണ്. സ്ട്രൈക്ക് റേറ്റിലും ശരാശരിയിലും ശ്രേയസിനും സൂര്യകുമാറിനും മുകളിലാണ് സഞ്ജുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഏകദിനത്തിൽ 42 മത്സരങ്ങൾ കളിച്ച ശ്രേയസ് അയ്യർ 46.60 ശരാശരിയിൽ 1631 റൺസുകളാണ് ഇന്ത്യയ്ക്കായി നേടിയത്. സ്ട്രൈക്ക് റേറ്റ് 96.50 ആണ്. 26 മത്സരങ്ങളിലാണ് സൂര്യകുമാറിന് അവസരം ലഭിച്ചത്. 24.33 ശരാശരിയിലും 101.38 പ്രഹരശേഷിയിലുമായി സൂര്യകുമാർ 511 റൺസ് നേടി. അൻപതിന് മുകളിൽ ശരാശരിയുള്ള ഏക താരം സഞ്ജുവാണ്.13 മത്സരങ്ങളിൽ നിന്ന് 390 റൺസ് നേടിയ സഞ്ജുവിന്റെ ശരാശരി സ്‌കോറിങ് 55.71ഉം സ്ട്രൈക്ക് റേറ്റ് 104മാണ്. എന്നിട്ടും മതിയായ അവസരം ഇന്ത്യ സഞ്ജുവിന് നൽകിയില്ല.
കളിച്ച മത്സരങ്ങളിൽ ഒന്നിൽപോലും സെഞ്ചറി പോലും നേടാൻ സൂര്യകുമാറിനും സഞ്ജുവിനും സാധിക്കാതെ വന്നപ്പോൾ ശ്രേയസിന്റെ അക്കൗണ്ടിൽ രണ്ട് സെഞ്ചറികളും 14 അർധസെഞ്ചറികളും ഉൾപ്പെടുന്നു. സഞ്ജുവിന് മൂന്നും സൂര്യകുമാറിന് രണ്ടും തവണ സ്വന്തം സ്‌കോർ അൻപത് കടത്താനായി. അതുകൊണ്ട് തന്നെ സൂര്യ കുമാറിന് മുകളിൽ സഞ്ജുവിനെ പരിഗണിക്കാം. അവസാന പത്ത് മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാലും കേമൻ സഞ്ജു തന്നെ.
അപകടകാരിയായ ബാറ്റ്സ്മാനായ സഞ്ജുവിന് ടീമിന് വേണ്ടി കളിക്കാനാണ് താൽപ്പര്യം. വ്യക്തിഗത സ്‌കോറിൽ കണ്ണുവയ്ക്കാറില്ല. ക്രീസിൽ സമയം പാഴാക്കാൻ താരം തയാറല്ല. ഹൈ റിസ്‌ക് ഗെയിം കളിക്കേണ്ട സാഹചര്യങ്ങളിലെല്ലാം സഞ്ജു അതിന് മുതിരുന്നു. അതുകൊണ്ടാണ് വമ്പൻ സ്‌കോറുകൾ അകന്ന് നിൽക്കുന്നത്. അതിവേഗ പേസ് പന്തുകൾ നേരിടുന്നതിൽ ഒട്ടും ഭയമില്ലാത്ത സഞ്ജു ഫുൾ-ലെങ്ത് ബോളുകൾ കൈകാര്യം ചെയ്യുന്നതിലും വിദഗ്ധനാണ്. സ്പിന്നർമാരെ സിക്സർ അടിക്കാനാണ് താൽപ്പര്യം.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുറത്താകാതെ നേടിയ 86 റൺസാണ് മലയാളി താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ. ഏറ്റവും ഒടുവിൽ വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലും അർധസെഞ്ചറി നേട്ടവുമായി രാജസ്ഥാൻ റോയൽസ് നായകൻ തിളങ്ങി. എന്നാൽ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഹാട്രിക് ഡക്കായിരുന്ന സൂര്യകുമാറിന് അതിന് മുൻപ് നടന്ന ന്യൂസിലൻഡിനെതിരായ പരമ്പരയിലും ശേഷം നടന്ന വിൻഡീസിനെതിരായ പരമ്പരയിലും കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. സൂര്യകുമാറിന് പരീക്ഷണങ്ങൾക്കുള്ള അവസരമായിരുന്നു ഈ പരമ്പരകളെല്ലാം. അതിന് ടീം മാനേജ്മെന്റിന്റെ എല്ലാ പിന്തുണയും ഉണ്ടായിരുന്നുവെന്നതും മറ്റൊരു വസ്തുത.
ഏഷ്യാ കപ്പിനുള്ള ടീമിനെയാണ് തെരഞ്ഞെടുക്കുന്നതെങ്കിലും സെലക്ടർമാരുടെ കണ്ണും മനസും ഇന്ത്യ വേദിയാവുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ്. ലോകകപ്പിന് മുൻപ് കെട്ടുറപ്പുള്ള ടീമിനെ കണ്ടെത്തുകയാണ് ലക്ഷ്യം. നാലാം നമ്പർ ബാറ്ററെ കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. വിൻഡീസിനെതിരായ പരമ്പരയിൽ പ്രതീക്ഷിച്ച മികവിലേക്ക് എത്താതിരുന്ന സഞ്ജു സാംസണ് ലോകകപ്പിൽ പ്രതീക്ഷകളുണ്ട്.
ഏഷ്യാ കപ്പ് ഇന്ത്യൻ ടീം
രോഹിത് ശർമ്മ(ക്യാപ്ടൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംമ്ര, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷാമി, ഇഷാൻ കിഷൻ, ഷാർദ്ദുൾ താക്കൂർ, അക്‌സർ പട്ടേൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, പ്രസീദ് കൃഷ്ണ




