മുംബൈ: സഞ്ജു സാംസണില്ലാതെ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെയും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമിനെയും പ്രഖ്യാപിച്ചതില്‍ കടുത്ത വിമര്‍ശനമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. സഞ്ജു വിക്കറ്റ് കീപ്പറായി വേണമെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ വാദിച്ചെങ്കിലും രോഹിത് ശര്‍മ ക്യാപ്റ്റനായ ടീമില്‍ ഋഷഭ് പന്തിനെയും കെ.എല്‍. രാഹുലിനെയുമാണ് ഉള്‍പ്പെടുത്തിയത്. വിജയ് ഹസാരെ ക്രിക്കറ്റില്‍ കളിക്കാതിരുന്നത് സഞ്ജു സാംസണ് തിരിച്ചടിയായെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമീപകാലത്ത് മികച്ച രീതിയില്‍ കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററെ പരിഗണിക്കാത്തതില്‍ ബി.സി.സി.ഐ.ക്കെതിരേ കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. 16 ഏകദിനങ്ങളില്‍നിന്ന് 510 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇതില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് അവസാനമായി സഞ്ജു ഏകദിനം കളിച്ചത്. അന്ന് 108 റണ്‍സ് നേടി കളിയിലെ താരമായി. പിന്നീട് ലഭിച്ച അവസരങ്ങളെല്ലാം ട്വന്റി 20യിലാണ്. അവയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു.

വിവാദങ്ങള്‍ക്കിടെ കേരള ക്രിക്കറ്റ് അസോസിയഷന്‍ നേതൃത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. സഞ്ജു വിജയ് ഹസാരെ ട്രോഫി മത്സരങ്ങളില്‍ കേരളത്തിനായി കളിക്കാന്‍ തയ്യാറായിരുന്നുവെന്നും ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നുമായിരുന്നു വിമര്‍ശനം. എന്നാല്‍ സഞ്ജു പരിശീലന ക്യാമ്പില്‍ പങ്കെടുത്തില്ലെന്നായിരുന്നു അധികൃതരുടെ വിശദീകരണം. വിമര്‍ശനം കടുത്തതോടെ സഞ്ജു സാംസന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കെ സി എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് രംഗത്ത് വന്നിരുന്നു.

ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവര്‍ത്തികളും യുവതാരങ്ങള്‍ക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ വന്ന് കേരള ടീമില്‍ കളിക്കാന്‍ ആകില്ല എന്നും ജയേഷ് ജോര്‍ജ് പ്രതികരിച്ചു. സഞ്ജുവിനോട് ഒരുതരത്തിലുള്ള വൈരാഗ്യവും കെസിഎയ്ക്ക് ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്റെ ഉത്തരവാദിത്വമല്ല സഞ്ജു കാണിക്കുന്നത് എന്നാണ് കെസിഎ പറയുന്നത് എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.സഞ്ജുവിനെതിരെ ഒരു പരാതിയും കെസിഎ ബിസിഐക്ക് മുന്നില്‍ ഉന്നയിച്ചിട്ടില്ല എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു

ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് കെസിഎക്കെതിരെ ശശി തരൂര്‍ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുമ്പോഴാണ് സഞ്ജു സാം സനെതിരെ രൂക്ഷമായ വിമര്‍ശനം കെസിഎ പ്രസിഡണ്ട് ഉന്നയിക്കുന്നത്. ഒരു ഇന്ത്യന്‍ താരത്തിന് ചേര്‍ന്ന ഉത്തരവാദിത്വത്തോടെ അല്ല സഞ്ജു പെരുമാറുന്നതെന്ന് ജയേഷ് ജോര്‍ജ് പറഞ്ഞു.

സഞ്ജു പലതവണ അച്ചടക്ക കാണിച്ചിട്ടും കെസിഎ കണ്ടില്ല എന്ന് നടിച്ചു.യുവതാരങ്ങള്‍ക്ക് മാതൃക ആകേണ്ട ആളാണ് സഞ്ജു സാംസണ്‍.പലപ്പോഴും സഞ്ജു തോന്നുന്നതുപോലെയാണ് പെരുമാറുന്നത്.ഈ വര്‍ഷം കര്‍ണാടകക്കെതിരായ രഞ്ജി മത്സരത്തിനുശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന പേരില്‍ സഞ്ജു ക്യാമ്പില്‍ നിന്നും പോയി.എന്താണ് മെഡിക്കല്‍ എമര്‍ജന്‍സി എന്ന് അറിയിച്ചില്ല.അപ്പോഴും സഞ്ജുവിനെ പിന്തുണച്ചു.ടീം സെലക്ഷനു മുന്‍പ് ഡിസിസിഐ സിഇഒ വിളിച്ച് സഞ്ജുവിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചോ എന്ന് ചോദിച്ചു.ഇല്ല എന്നാണ് കേസിലെ മറുപടി നല്‍കിയത്.അതുകൊണ്ടാണ് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 ടീമില്‍ സഞ്ജു നിലവില്‍ ഉള്‍പ്പെട്ടത് എന്നും കെസിഎ പ്രസിഡന്റ പറഞ്ഞു.

കേരളത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ് സഞ്ജു എന്നും സഞ്ജുവിനെ എപ്പോഴും പിന്തുണയ്ക്കുമ്പോഴും കൃത്യമായ സന്ദേശമാണ് സഞ്ജുവിന് നല്‍കിയത് എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു.കാര്യമറിയാതെയാണ് ശശി തരൂര്‍ പ്രതികരണം നടത്തിയത് എന്നും ജയേഷ് ജോര്‍ജ് പ്രതികരിച്ചു.

അതേ സമയം കേരള ക്രിക്കറ്റ് അസോസിയേഷനെതിരേ വിമര്‍ശനവുമായി സഞ്ജുവിന്റെ പിതാവ് സാംസണ്‍ വിശ്വനാഥ് രംഗത്ത് വന്നു. കെ.സി.എ.യിലെ ചില വ്യക്തികള്‍ക്ക് തന്റെ മകനോട് അനിഷ്ടമുണ്ട്. സഞ്ജുവിനെ വിജയ് ഹസാരെയില്‍ കളിപ്പിക്കില്ലെന്ന് ക്യാമ്പ് തുടങ്ങുന്നതിന് മുന്‍പേ അറിയാമായിരുന്നു. ക്യാമ്പില്‍ പങ്കെടുക്കാത്ത മറ്റ് താരങ്ങള്‍ വിജയ് ഹസാരെയില്‍ കളിച്ചു. സഞ്ജുവിനെ കളിപ്പിച്ചില്ല. ദയവ് ചെയ്ത് തന്റെ മകനെ കളിക്കാന്‍ അനുവദിക്കണമെന്നും സാംസണ്‍ വിശ്വനാഥ് പറഞ്ഞു.

'കെ.സി.എ.യ്ക്ക് എന്തോ ഒരു വിഷമം എന്റെ കുട്ടിയോടുണ്ട്. ഞങ്ങള്‍ ഇതുവരെ കെ.സി.എയ്ക്കെതിരേ പറഞ്ഞിട്ടില്ല. സഞ്ജു മാത്രമല്ല വിജയ് ഹസാരെ ക്യാമ്പില്‍ പോകാതെ ഇരുന്നത്. എന്നാല്‍, ക്യാമ്പില്‍ പങ്കെടുക്കാത്തവര്‍ അന്ന് കളിച്ചു. അവരുടെ പേരുകള്‍ ഞാന്‍ പറയുന്നില്ല. സഞ്ജു വിജയ് ഹസാരെ കളിക്കില്ലെന്ന് നേരത്തെ തീരുമാനമായിരുന്നു. ആത് ആര് തീരുമാനമാക്കിയെന്നും എനിക്കറിയാം.

അത് ജയേഷ് ജോര്‍ജിനോ വിനോദിനോ അല്ല ഇതിനിടയിലുള്ള ചില ചെറിയ ആളുകളുണ്ട്. കാണുന്നിടത്തൊക്കെ പോയി ഇവരെ സല്യൂട്ട് അടിക്കണം. ചിലപ്പോള്‍ എവിടെയെങ്കിലും ഒരു നമസ്തേ പറയുന്നതില്‍ ചെറിയ പിഴവുണ്ടായാല്‍ അവര്‍ അത് വിഷമാക്കി മാറ്റും. മനുഷ്യനാണ്, ചിലപ്പോള്‍ കോച്ച് നില്‍ക്കുന്നിടത്ത് ചിലപ്പോള്‍ അദ്ദേഹത്തെ കാണാതെപോയെന്ന് വരും', സാംസണ്‍ വിശ്വനാഥ് പറഞ്ഞു.

'കെസിഎയോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. എന്തെങ്കിലും ബുദ്ധിമുട്ടെങ്കില്‍ അത് നേരിട്ട് വിളിച്ചു ചോദിക്കാമായിരുന്നു. എന്റെ മക്കളെ ഇത്രയുമാക്കിയത് കെസിഎ ആണ്. ചില കൃമികള്‍ പിന്നില്‍ നിന്ന് കുത്താന്‍ വേണ്ടി പറയുന്നത് വിശ്വസിക്കുന്നതാണ് തെറ്റിദ്ധാരണയുടെ കാരണം. എന്തെങ്കിലും വിദ്വേഷമുണ്ടെങ്കില്‍ അത് ഒഴിവാക്കണം. നിങ്ങളെ അനുസരിച്ച് ജീവിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം.

സഞ്ജുവിനെക്കാള്‍ മുന്‍പ് ഇന്ത്യന്‍ ടീമിലെത്തേണ്ട മൂത്ത മകന്റെ അവസരം ഇല്ലാതാക്കി. സഞ്ജുവിന്റെ അവസരം ഇല്ലാതാക്കാനും ശ്രമിച്ചിരുന്നു. രണ്ടു മുട്ടിനും അപകടം പറ്റിയ എന്റെ മകന് അവധി ചോദിച്ചതാണ് അന്നൊരിക്കല്‍ പ്രശ്‌നമായത്. സാര്‍ എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെ ഞാന്‍ സംസാരിച്ചപ്പോള്‍ നീ ആരാടാ കേരള ക്രിക്കറ്റ് ടീമിന്റെ കോച്ച് ആണോടാ നീ എന്ന് അന്നത്തെ കെ.സി.എ. പ്രസിഡന്റായിരുന്ന ടി.സി. മാത്യു ചോദിച്ചു.

അപ്പോഴാണ് അദ്ദേഹത്തിനോട് തിരിച്ചു ഞാന്‍ രണ്ടു വാക്ക് സംസാരിച്ചത്. കെസിഎ ചെയ്ത നന്മകള്‍ ഒന്നും മറന്നിട്ടില്ല. സഞ്ജുവിനെ കളിക്കാന്‍ അനുവദിക്കണം. അതുമാത്രമാണ് എന്റെ ആവശ്യം. ഞങ്ങള്‍ സ്‌പോര്‍ട്‌സ്മാന്‍മാരാണ്. സ്‌പോര്‍ട്‌സ് ബിസിനസ്സില്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍നിന്ന് സഞ്ജു സാംസണെ തഴഞ്ഞതിന് പിന്നാലെ കെ.സി.എ.യ്‌ക്കെതിരേ വിമര്‍ശനമുന്നയിച്ച് ശശി തരൂര്‍ എം.പി. രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് അധികാരികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുകയാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.