അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ ത്രില്ലർ ജയത്തിന് പിന്നാലെ നിർണായക ഇന്നിങ്‌സ് കാഴ്ചവച്ച ടീമിലെ വെസ്റ്റ് ഇൻഡീസ് താരം ഷിംറോൺ ഹെറ്റ്മയെറെ പ്രകീർത്തിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഹെറ്റ്മയെർ അനായാസമായ സാഹചര്യങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ അദ്ദേഹം കളിക്കുന്നത് കാണാനാണ് ഞങ്ങൾക്കും താൽപര്യം. ഇത്തരം ഘട്ടങ്ങളിൽ ഹെറ്റ്മെയർ കളി ജയിപ്പിച്ചിട്ടുണ്ടെന്നും സഞ്ജു മത്സരശേഷം പറഞ്ഞു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്ത് 178 റൺസിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. രാജസ്ഥാൻ 19.2 ഓവറിൽ ലലക്ഷ്യം മറികടന്നു. മത്സരം മൂന്ന് വിക്കറ്റിനാണ് രാജസ്ഥാൻ ജയിച്ചത്. 26 പന്തിൽ 56 റൺസുമായി പുറത്താവാതെ നിന്ന ഷിംറോൺ ഹെറ്റ്മയെറാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. അഞ്ച് സിക്‌സും രണ്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു ഹെറ്റ്‌മെയറുടെ ഇന്നിങ്‌സ്. 32 പന്തിൽ 60 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണും മത്സരത്തിൽ നിർണായക പ്രകടനം പുറത്തെടുത്തിരുന്നു. എന്നാൽ ഫിനിഷറുടെ റോൾ ഭംഗിയാക്കിയ തന്റെ സഹാതാരം ഹെറ്റ്മെയെറുടെ ഇ്ന്നിങ്‌സിന് നന്ദി പറഞ്ഞാണ് സഞ്ജു മത്സര ശേഷം പ്രതികരിച്ചത്.

റോയൽസിന്റെ പ്രകടനത്തെ കുറിച്ചും മത്സരശേഷം സഞ്ജു സംസാരിച്ചു. ഹെറ്റ്മെയറുടെ പേര് സഞ്ജു എടുത്തുപറഞ്ഞു. ''മികച്ച എതിരാളികൾക്കെതിരെ ഗുണമുള്ള പിച്ചുകളിൽ കളിക്കുമ്പോൽ ഇത്രത്തോളം ത്രില്ലിംഗായ മത്സരങ്ങൾ ലഭിക്കും. ഇത്തരം മത്സരങ്ങളുടെ ഭാഗമാവാൻ കഴിയുന്നത് ഭാഗ്യമാണ്. ബൗളർമാരെ റൊട്ടേറ്റ് ചെയ്യേണ്ടത് പ്രധാനമാണ്. അവർ ഒരുപാടായി നിലവാരമുള്ള ക്രിക്കറ്റ് കളിക്കുന്നവാണ്. അതിനെ നമ്മൾ അംഗീകരിക്കണം. ഇന്ന് ടീമിലെ എല്ലാവരും നന്നായി കളിച്ചു. അവരെ 170ൽ താഴെ ഒതുക്കുകയായിരുന്നു ലക്ഷ്യം. അത്തരത്തിലുള്ള തുടക്കവും ലഭിച്ചു. അതുതന്നെയാണ് പിച്ചിന്റെ ഗുണം. പുതിയ പന്ത് നന്നായി സ്വിങ് ചെയ്യുന്നുണ്ടായിരുന്നു. ആ സാഹചര്യത്തെ മാനിക്കണം.

മത്സരത്തിൽ ആഡം സാംപയെ കൂടി ഉൾപ്പെടത്താൻ കാരണം, ഡേവിഡ് മില്ലർക്കെതിരായ പ്ലാനിന്റെ ഭാഗമായിരുന്നു. ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. എന്നാൽ മില്ലർ നൽകിയ അവസരം മുതലാക്കാൻ സാധിച്ചില്ല. ഹെറ്റ്മെയറെ കുറിച്ച് എന്ത് പറയാനാണ്? അദ്ദേഹം അനായാസമായ സാഹചര്യങ്ങൾ ഇഷ്ടപ്പെടുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ അദ്ദേഹം കളിക്കുന്നത് കാണാനാണ് ഞങ്ങൾക്കും താൽപര്യം. ഇത്തരം ഘട്ടങ്ങളിൽ ഹെറ്റ്മെയർ കളി ജയിപ്പിച്ചിട്ടുണ്ട്.'' സഞ്ജു മത്സരശേഷം പറഞ്ഞു.

''എനിക്ക് പറയാൻ വാക്കുകളില്ല.ഗുജറാത്തിനെതിരെ ജയിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. കഴിഞ്ഞ വർഷം മൂന്ന് തവണയും അവർ ഞങ്ങളെ തോൽപ്പിച്ചു. ഈ വിജയം ഒരു പ്രതികാരം പോലെയാണ് തോന്നുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ബാറ്റ് ചെയ്യാൻ ഞാൻ പരിശീലിച്ചിട്ടുണ്ട്. അത് ഗുണം ചെയ്തു.'' ഹെറ്റ്മെയർ പ്ലയർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയ ശേഷം പറഞ്ഞു.

തോൽവിയുറപ്പിച്ച ഘട്ടത്തിൽനിന്നും ടീമിനെ വിജയത്തിലേക്കു കൈപിടിച്ചു കയറ്റിയതിൽ സഞ്ജുവിന്റെ ഇന്നിങ്‌സ് നിർണായകമായിരുന്നു. മത്സരത്തിലാകെ 32 പന്തുകൾ നേരിട്ട സഞ്ജു, മൂന്നു ഫോറും ആറു സിക്‌സും സഹിതം അടിച്ചുകൂട്ടിയത് 60 റൺസാണ്. മൂന്നാം വിക്കറ്റിൽ മലയാളി താരം ദേവ്ദത്ത് പടിക്കലിനൊപ്പം 34 പന്തിൽനിന്ന് 43 റൺസ് അടിച്ചെടുത്ത സഞ്ജു, അഞ്ചാം വിക്കറ്റിൽ ഹെറ്റ്‌മെയറിനൊപ്പം 27 പന്തിൽ 59 റൺസും കൂട്ടിച്ചേർത്തിരുന്നു. ഈ കൂട്ടുകെട്ടുകളാണ് മത്സരം രാജസ്ഥാന് അനുകൂലമാക്കിയത്.

തുടർച്ചയായി രണ്ടു മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായതിന്റെ നാണക്കേടിനു പിന്നാലെയാണ്, മാച്ച് വിന്നിങ്‌സ് ഇന്നിങ്‌സുമായി സഞ്ജു തിരിച്ചെത്തിയതെന്നതും ശ്രദ്ധേയം. ഡൽഹി ക്യാപിറ്റിൽസിനെതിരായ മത്സരത്തിൽ പൂജ്യത്തിന് പുറത്തായ സഞ്ജു, തൊട്ടടുത്ത മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ വീണ്ടും സം'പൂജ്യ'നായി. ഇതോടെ രാജസ്ഥാൻ ജഴ്‌സിയിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ ഡക്കാകുന്ന താരമെന്ന നാണക്കേടും സഞ്ജുവിന്റെ പേരിലായിരുന്നു. എട്ടു മത്സരങ്ങളിലാണ് സഞ്ജു രാജസ്ഥാൻ ജഴ്‌സിയിൽ ഡക്കായത്.

രണ്ട് ഡക്കുകളുടെ സമ്മർദ്ദത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ കളത്തിലിറങ്ങിയ സഞ്ജു, മത്സരത്തിനു മുന്നോടിയായി തന്റെ ഇരട്ട ഡക്കുകളെക്കുറിച്ച് പരാമർശിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടോസിനായി എത്തിയപ്പോഴാണ് സഞ്ജു അതേക്കുറിച്ച് സംസാരിച്ചത്. ഗുജറാത്തിനെതിരായ മത്സരത്തിൽ ടോസ് നേടിയ ശേഷം സംസാരിക്കവെ, ഡാനി മോറിസനോടായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. 

ആവശ്യത്തിന് ഓംലെറ്റ് കഴിച്ചുവെന്നും ഇപ്പോൾ തന്നെ രണ്ട് മുട്ടകളായെന്നും പറഞ്ഞ് സ്വയം 'ട്രോളിയ' സഞ്ജു, ഇനി കുറച്ച് റൺസ് സ്‌കോർ ചെയ്യാനുള്ള സമയമായെന്നും ചെറു ചിരിയോടെ ചൂണ്ടിക്കാട്ടി. എന്തായാലും കളത്തിലെ തന്റെ മോശം പ്രകടനങ്ങളെക്കുറിച്ച് തുറന്നു സംസാരിച്ച സഞ്ജു, ഗുജറാത്തിനെതിരായ മത്സരത്തിൽ ആ പിഴവുകൾക്ക് പരിഹാരവും ചെയ്തു. രാജസ്ഥാൻ തോൽക്കുമെന്ന് കടുത്ത ആരാധകർ പോലും കരുതിയ മത്സരം, സഞ്ജുവിന്റെ മികവിലാണ് അവർ രക്ഷിച്ചെടുത്തത്. അർധസെഞ്ചറിയുമായി മുന്നിൽനിന്ന് നയിച്ച സഞ്ജു, ഈ സീസണിലെ തന്റെ ഏറ്റവും മികച്ച ഇന്നിങ്‌സാണ് പുറത്തെടുത്തത്.

ഡൽഹിക്കും ചെന്നൈയ്ക്കും എതിരായ മത്സരങ്ങളിൽ ഡക്കായ സഞ്ജുവിനെ രാജസ്ഥാൻ ടീമിലെ സഹതാരം ആർ. അശ്വിൻ 'ട്രോളിയ'ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ചെന്നൈക്കെതിരായ മത്സരത്തിനുശേഷം സംസാരിക്കുമ്പോഴാണ് അശ്വിൻ സഞ്ജുവിനെ ലക്ഷ്യമിട്ടത്. സ്റ്റേഡിയത്തിൽ സഞ്ജു ഫാൻസ് ആർമി ഉണ്ടായിരുന്നെന്നും ഭക്ഷണം കഴിച്ചോയെന്ന് അവർ ചോദിച്ചതായും അശ്വിൻ വിഡിയോയിൽ പറയുന്നുണ്ട്. സഞ്ജു രണ്ട് മുട്ട കഴിച്ചു എന്ന്, രണ്ട് തവണ പൂജ്യത്തിന് പുറത്തായതിനെ പരിഹസിച്ച് അശ്വിൻ പറഞ്ഞു. അശ്വിന്റെ കമന്റിന് 'മുട്ടയല്ല, ഓംലെറ്റ്' എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതിനു പിന്നാലെയാണ് ഗുജറാത്തിനെതിരായ മത്സരത്തിനു മുൻപും അതേക്കുറിച്ച് സഞ്ജു പരാമർശിച്ചത്.