- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെയ്ദ് മുഷ്താഖ് അലിയിലെ വിഷ്ണു വിനോദിന്റെ പ്രകടനം ആരും കണ്ടില്ല; സഞ്ജുവിനെ കുറിച്ച് അറിയുകയുമില്ല; ട്വന്റി ട്വന്റിയിൽ ഇന്ത്യയെ നയിക്കാൻ സൂര്യകുമാർ യാദവ്; ലോകകപ്പ് തോൽവിയിലെ പാഠം പഠിക്കാതെ ഇന്ത്യൻ ടീം സെലക്ഷൻ; ക്രിക്കറ്റ് ദൈവങ്ങൾക്ക് മലയാളി മിടുക്കന്മാരെ വേണ്ട!
മുംബൈ: സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ ലീഗിൽ എല്ലാ കളിയും ജയിച്ച ടീമാണ് കേരളം. പ്രാദേശിക ട്വന്റി ട്വന്റി ടൂർണ്ണമെന്റിൽ കേരളത്തിന് വേണ്ടി തകർത്തടിച്ചത് വിഷ്ണു വിനോദാണ്. ഏവരേയും അത്ഭുത പെടുത്തുന്ന പ്രകടനം വിഷ്ണു കാഴ്ച വച്ചു. ഈ ടീമിനെ നയിച്ചത് സഞ്ജുവാണ്. ഈ ടൂർണ്ണമെന്റിൽ രണ്ട് അർദ്ധ ശതകം നേടി. പക്ഷേ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നത് യാഥാർത്ഥ്യം. എന്നും ആഭ്യന്തര ക്രിക്കറ്റിനേക്കാൾ അന്താരാഷ്ട്ര മത്സരത്തിലാണ് സഞ്ജു മികവ് കാട്ടാറുള്ളത്. ഇതൊന്നും ഇന്ത്യൻ സെലക്ടർമാർക്ക് അറിയില്ല. ഏകദിന ലോകപ്പിലെ ഫൈനൽ തോൽവിയിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിലെ ദൈവങ്ങൾ പാഠം പഠിക്കുന്നില്ല. സഞ്ജു വി സാംസണെ അവർ വീണ്ടും തഴഞ്ഞു. വിഷ്ണുവിനും ട്വന്റി ട്വന്റി ടീമിൽ ഇടമില്ല.
ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മോശം പ്രകടനം നടത്തിയ സൂര്യകുമാർ യാദവാണ് ട്വന്റി ട്വന്റി ടീമിന്റെ പുതിയ നായകൻ. അങ്ങനെ ഫോമില്ലാത്ത താരത്തിന് മറ്റൊരു ഉത്തരവാദിത്തം നൽകുകയാണ് ഇന്ത്യൻ സെലക്ടർമാർ. രോഹിത് ശർമ്മയ്ക്കും വിരാട് കോലിക്കും മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബംമ്രയ്ക്കും വിശ്രമം. സൂര്യകുമാർ യാദവ് ക്യാപ്ടനാകുമ്പോൾ ഋതുരാജ് ഗെയ്ക് വാദാണ് വൈസ് ക്യാപ്ടൻ. ഓസ്‌ട്രേലിയയ്ക്ക് എതിരായ ആദ്യ മുന്ന് കളികളിലാണ് ഗെയ്ക് വാദ് ഉപനായകനാകുന്നത്. അതിന് ശേഷം ശ്രേയസ് അയ്യറാകും വൈസ് ക്യാപ്ടൻ.
ഏകദിന ലോകകപ്പ് ടീമിനൊപ്പമുണ്ടായിരുന്ന ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. ജിതേഷ് ശർമ്മയും കീപ്പറായി എത്തുന്നു. ഇന്ത്യയുടെ ഭാവിയായി കരുതുന്ന നിരവധി താരങ്ങൾ ടീമിലുണ്ട്. എന്നാൽ സെയ്ദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലെ പ്രകടന മികവ് കേരളാ താരങ്ങളെ തുണയ്ക്കുന്നുമില്ല. ഇതോടെ തിരുവനന്തപുരത്ത് നവംബർ 26ന് നടക്കുന്ന ട്വന്റി ട്വന്റിയിലും മലയാളി താരങ്ങളുണ്ടാകില്ലെന്ന് ഉറപ്പായി. ലോകകപ്പിൽ സൂര്യകുമാർ യാദവ് പരാജയമായതു കൊണ്ടു തന്നെ സഞ്ജു ഈ ടീമിലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചു. അത് അസ്ഥാനത്താകുകയാണ്. അഞ്ച് മത്സരങ്ങളാണ് ഓസ്‌ട്രേലിയയ്ക്ക് എതിരായ ട്വന്റി ട്വന്റി പരമ്പരയിലുള്ളത്. പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരത്താണ് നടക്കുക.
സഞ്ജു സാംസൺ ഉൾപ്പടെയുള്ള അയർലൻഡ് പരമ്പരയിൽ കളിച്ചവരിലെ ഭൂരിപക്ഷം പേരും ടീമിലിടം പിടിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. അയർലൻഡ് പരമ്പരയിൽ ക്യാപ്റ്റനായിരുന്ന ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകനാണ് തീരുമാനം. ലോകകപ്പിനിടെ പരിക്കേറ്റ ഹർദിക് പാണ്ഡ്യയെ പരിഗണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരിക്ക് പൂർണ്ണമായും ഭേദമായിട്ടില്ലെന്നാണ് സൂചന.
ടീം
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റൻ), ഇഷാൻ കിഷൻ, യശ്വസി ജയ്സ്വാൾ, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ, ശിവറാം ദുബെ, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാൻ, മുകേഷ് കുമാർ.




