- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍; പിന്നാലെ ആര്‍ച്ചറിന്റെ വേഗപന്ത് കൊണ്ട് സഞ്ജുവിന്റെ കൈവിരലിന് പൊട്ടല്‍; ആറാഴ്ച വിശ്രമം വേണമെന്ന് റിപ്പോര്‍ട്ട്; കേരളത്തിനായി രഞ്ജി ക്വാര്‍ട്ടര്‍ കളിച്ചേക്കില്ല; ഐപിഎല്‍ സീസണ്‍ നഷ്ടമാകുമോയെന്ന ആശങ്കയില്‍ ആരാധകര്‍
സഞ്ജുവിന്റെ കൈവിരലിന് പൊട്ടല്‍; ആറാഴ്ച വിശ്രമം
മുംബൈ: ഇംഗ്ലണ്ടിനെതിരെ അവസാന ട്വന്റി 20 മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ കൈവിരലിന് പരിക്കേറ്റ മലയാളി താരം സഞ്ജു സാംസണ് ആറ് ആഴ്ച്ച വിശ്രമം. താരത്തിന്റെ കൈവിരലിന് പൊട്ടലുണ്ടാണ് അറിയുന്നത്. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറുടെ പന്തു കൊണ്ടാണ് കൈവിരലില്‍ പരിക്കു പറ്റിയത്. ഇതോടെ ഈ മാസം എട്ടിന് ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് വേണ്ടി സഞ്ജുവിന് കളിക്കാനാവില്ല. ഇന്നലെ മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 16 റണ്‍സുമായി ഔട്ടായി സഞ്ജു മടങ്ങിയിരുന്നു. പിന്നീട് കീപ്പിംഗിനും അദ്ദേഹം എത്തിയിരുന്നില്ല. പകരം ധ്രുവ് ജുറലായിരുന്നു വിക്കറ്റ് കീപ്പര്‍.
മുംബൈയില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സര്‍ പായിച്ചാണ് സഞ്ജു തുടങ്ങിയത്. അതും പരമ്പരയില്‍ മൂന്ന് തവണയും തന്നെ പുറത്താക്കിയ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ. സ്‌ക്വയര്‍ ലെഗിലൂടെ പുള്‍ഷോട്ട് കളിച്ചാണ് സഞ്ജു സിക്‌സര്‍ നേടിയത്. ആ ഒരു ഷോട്ടില്‍ മാത്രം ഒതുക്കിയില്ല സഞ്ജു. അഞ്ചാം പന്തില്‍ മറ്റൊരു സിക്‌സര്‍ കൂടി. ഇത്തവണയും ബൗണ്‍സറുമായി സഞ്ജു എത്തിയപ്പോള്‍ സ്‌ക്വയര്‍ ലെഗിലൂടെ സഞ്ജു സിക്‌സര്‍ പായിക്കുകയായിരുന്നു. അവസാന പന്തില്‍ ബൗണ്ടറിയും നേടി. 16 റണ്‍സാണ് ആദ്യ ഓവറില്‍ തന്നെ ആര്‍ച്ചര്‍ക്കെതിരെ സഞ്ജു അടിച്ചെടുത്തത്.
ഇതിനിടെയാണ് സഞ്ജുവിന്റെ കൈവിരലുകള്‍ക്ക് പരിക്കേല്‍ക്കുന്നത്. ആര്‍ച്ചറിന്റെ മൂന്നാം പന്ത് സഞ്ജുവിന്റെ ഗ്ലൗവിലാണ് കൊണ്ടത്. പിന്നീട് ഫിസിയോയുടെ സഹായം തേടിയ സഞ്ജു വിരലില്‍ ബാന്‍ഡേജ് ചുറ്റിയ ശേഷമാണ് കളിച്ചത്. എന്നാല്‍ അടുത്ത ഓവറില്‍ സഞ്ജു പുറത്താവുകയും ചെയ്തു. ദേഹത്തേക്ക് അതിവേഗത്തില്‍ വരുന്ന ഷോട്ടുകള്‍ കളിക്കാന്‍ സഞ്ജു പ്രയാസപ്പെടുന്നുവെന്ന് വിമര്‍ശനമുണ്ടായിരുന്നു. വിമര്‍ശനങ്ങള്‍ ശരിവെക്കുന്ന വിധത്തിലാണ് സഞ്ജു പുറത്തായതും. ഇത്തവണ മാര്‍ക്ക് വുഡിന്റെ പന്തില്‍ സ്‌ക്വയര്‍ ലെഗില്‍ ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. പരിക്ക് വകവെക്കാതെ കളിച്ച സഞ്ജു ഒരു ബൗണ്ടറിയും രണ്ട് സിക്സും സഹിതമാണ് 16 റണ്‍സെടുത്തത്.
അതേസമയം, ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായ ജമ്മു കശ്മീരാണ് കേരളത്തിന്റെ എതിരാളി. പരിക്കുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സഞ്ജു ഈ മത്സരം കളിക്കില്ല. ഗ്രൂപ്പ് സിയില്‍ രണ്ടാമതായിട്ടാണ് കേരളം പ്രാഥമിക റൗണ്ട് അവസാനിപ്പിച്ചത്. ഏഴ് മത്സരങ്ങളും പൂര്‍ത്തിയാക്കിയ കേരളത്തില്‍ 28 പോയിന്റാണ് ലഭിച്ചത്. ഒരു മത്സരം പോലും കേരളം തോറ്റിട്ടില്ല. മൂന്ന് മത്സരം കേരളം ജയിച്ചപ്പോള്‍ നാലെണ്ണം സമനിലയില്‍ അവസാനിച്ചു. ഗ്രൂപ്പില്‍ ബംഗാള്‍, കര്‍ണാടക എന്നീ വമ്പന്മാരെ പിന്തള്ളിയാണ് കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.
പരിക്ക് ഭേദമായില്ലെങ്കില്‍ സഞ്ജുവിന് ഐപിഎല്‍ 2025 സീസണ്‍ നഷ്ടമായേക്കുമെന്നും സൂചനയുണ്ട്. മാര്‍ച്ച് 21 നാണ് ഐപിഎല്ലിന് തുടക്കമാകുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍.