- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തിന് ശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന് പറഞ്ഞ് സഞ്ജു ഇറങ്ങിപോയി; വിജയ് ഹസാരേ ക്യാമ്പിലും വന്നില്ല; അച്ചടക്ക നടപടി എടുക്കാത്തത് സഞ്ജുവിന്റെ ഭാവിയെ കരുതി എന്ന് പറയുന്നവര്‍ എല്ലാം ബിസിസിഐയെ അറിയിച്ചു! സിലക്ഷന്‍ കമ്മറ്റി യോഗത്തിന് മുമ്പ് ആ പാര വച്ചത് ജയേഷ് ജോര്‍ജോ? തരൂരിന്റെ ഇടപെടല്‍ സത്യം തെളിയിക്കുമ്പോള്‍
കൊച്ചി: ശതകോടികളുടെ ആസ്തിയുള്ളവരാണ് ബിസിസിഐ നയിക്കുന്നത്. കേരളാ ക്രിക്കറ്റില്‍ വെറും കൈയ്യോടെ എത്തിയ ഭാരവാഹികള്‍ക്കും ഇന്ന് ശത കോടികളുടെ ആസ്തിയുണ്ട്. അങ്ങനെയാണ് കേരളാ ക്രിക്കറ്റിന്റെ വളര്‍ച്ച. ഇതിനിടെയില്‍ ടിനു യോഹന്നാനും എസ് ശ്രീശാന്തും സഞ്ജു വി സാംസണും കളിമികവിലൂടെ ഇന്ത്യന്‍ ക്രിക്കറ്റിലെ സജീവ സാന്നിധ്യമായി. കെസിഎയ്‌ക്കെതിരെ നിലപാട് എടുത്താല്‍ ആജീവനാന്ത വിലക്കാണ് ശിക്ഷ. ഇത്തരത്തില്‍ ശിക്ഷ അനുഭവിക്കുന്ന നിരവധി മുന്‍ കളിക്കാര്‍ കേരളത്തിലുണ്ട്. കളിക്കാനെത്തുന്ന പെണ്‍കുട്ടികളുടെ സുരക്ഷ പോലും ഒഴിവാക്കാത്ത സമകാലീക വാര്‍ത്തകളും നമുക്ക് മുന്നിലുണ്ട്. കളിക്കാരെക്കാള്‍ വേഗത്തില്‍ ഭാരവാഹികള്‍ വളരുന്ന കേരളാ ക്രിക്കറ്റില്‍ പുതിയ വിവാദം സഞ്ജുവിനെ ചൊല്ലിയാണ്. തെറ്റു ചെയ്താല്‍ സഞ്ജുവിനെ തിരുത്തണം. അതിന് മുതിരാതെ ശിക്ഷ നല്‍കുന്ന കൂട്ടമായി കെസിഎയിലെ ചിലര്‍ മാറുകയാണ്. അതിന്റെ ഫലമാണ് സഞ്ജുവിനെ പരസ്യമായി തള്ളി പറഞ്ഞ കെസിഎ നിലപാട്.
തരൂരിന്റെ ആക്ഷേപങ്ങള്‍ തള്ളിയ കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് സഞ്ജുവിനെതിരെ തുറന്നടിച്ചു . കാരണം കാണിക്കാതെ വിജയ് ഹസാരെ ക്യാംപില്‍ നിന്ന് സഞ്ജു സാംസണ്‍ മാറി നിന്നുവെന്നും അച്ചടക്ക നടപടി എടുക്കേണ്ട സമീപനമെന്നും ജയേഷ് ജോര്‍ജ് വിശദീകരിച്ചു. കര്‍ണാടകക്കെതിരായ രഞ്ജി ട്രോഫി മല്‍സരത്തിന് ശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്ന് പറഞ്ഞ് സഞ്ജു ഇറങ്ങിപോയെന്നും ആരോപണം ഉയര്‍ത്തി. എന്നാല്‍ എന്തുകൊണ്ട് അന്ന് ഇതെല്ലാം ചര്‍ച്ചയാക്കിയില്ലെന്ന ചോദ്യം ബാക്കി. അന്ന് ഇതൊരു വിഷയമാകുകയും സഞ്ജുവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നുവെങ്കില്‍ താരത്തിന് തെറ്റ് തിരുത്താന്‍ അവസരം കിട്ടുമായിരുന്നു. എന്നാല്‍ അച്ചടക്ക നടപടി ഒഴിവാക്കുന്നത് സഞ്ജുവിന്റെ ഭാവിയെ ഓര്‍ത്താണെന്ന കെസിഎ പ്രസിഡന്റിന്റെ പ്രതികരണം പുതിയ വിവാദത്തിന് തുടക്കമിടുകയാണ്. ഫലത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ സഞ്ജുവിന്റെ ഭാവി തകര്‍ക്കുകയാണ് കെസിഎ ചെയ്തതെന്നതാണ് വസ്തുത.
രഞ്ജി ട്രോഫിക്കിടയിലും സമാന അനുഭവമുണ്ടായി. കര്‍ശന അച്ചടക്കം ഉറപ്പാക്കണമെന്നായിരുന്നു ബിസിസിഐ നിര്‍ദേശം. എന്നിട്ടും സഞ്ജുവിനെതിരെ കെസിഎ നടപടിയെടുത്തിട്ടില്ല.'' ജയേഷ് ജോര്‍ജ് പ്രതികരിച്ചു. ''സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്നായിരുന്നു പ്രതീക്ഷ. വിജയ് ഹസാരെ ചാംപ്യന്‍ഷിപ്പില്‍ കളിക്കാത്തതിനു സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുണ്ടോയെന്ന് സിലക്ഷന്‍ കമ്മിറ്റി മീറ്റിങ്ങിനു മുന്‍പ് ബിസിസിഐ സിഇഒ ചോദിച്ചിരുന്നു. ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ എന്തുകൊണ്ട് സഞ്ജു കളിച്ചില്ലെന്നു ദേശീയ ടീം സിലക്ടറും മുന്‍പു തിരക്കി.'' ജയേഷ് ജോര്‍ജ് വെളിപ്പെടുത്തി. മനോരമാ ന്യൂസിലാണ് ജയേഷ് ജോര്‍ജിന്റെ പ്രതികരണമുള്ളത്. അതായത് ബിസിസിഐയുടെ ചോദ്യങ്ങള്‍ക്കെല്ലാം സഞ്ജുവിനെ കുറ്റപ്പെടുത്തുന്ന മറുപടിയാണ് കെസിഎ നല്‍കിയത്. അതായത് ഭാവി ഇല്ലാതാക്കാന്‍ നടപടി എടുക്കാത്തവര്‍ സഞ്ജുവിന്റെ ഭാവി തന്ത്രത്തില്‍ ഇല്ലാതാക്കി. ഈ ചോദ്യങ്ങള്‍ ബിസിസിഐ ചോദിച്ചത് കെസിഎയിലെ ഏത് ഭാരവാഹിയോട് ആണെന്നത് ആര്‍ക്കും അറിയില്ല. മുമ്പ് ബിസിസിഐ ഭാരവാഹിയായിരുന്നു ജയേഷ് ജോര്‍ജ്. ജയേഷിനോടാണോ ഈ ചോദ്യങ്ങള്‍ ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുമില്ല.
സഞ്ജു സംസണെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ തുറന്നടിച്ച് ശശി തരൂര്‍ രംഗത്തു വന്നത് വ്യക്തമായ കാരണം പറഞ്ഞാണ്. ഈ കാരണത്തിനുള്ള വിശദീകരണത്തിലാണ് കെസിഎ പാര വ്യക്തമാകുന്നത്. സഞ്ജുവിന്റെ ഭാവിയെ ഓര്‍ത്ത് നടപടി എടുക്കാത്തവര്‍ എന്തുകൊണ്ട് ബിസിസിഐയില്‍ എല്ലാം പറഞ്ഞുവെന്നതാണ് ഉയരുന്ന ചോദ്യം. രഞ്ജി ട്രോഫിയിലെ സംഭവത്തിനിടെ തന്നെ തെറ്റുണ്ടായി എന്ന തോന്നല്‍ കെസിഎയ്ക്ക് വന്നിരുന്നുവെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. മെഡിക്കല്‍ എമര്‍ജന്‍സി എന്നാല്‍ സുഖമില്ലാ എന്നാണ്. അങ്ങനെ ക്യാമ്പ് വിട്ട സഞ്ജു പരിക്ക് കാരണമായിരിക്കാം ക്യാമ്പില്‍ എത്താത്തത് എന്ന ചിന്ത പോലും കെസിഎയ്ക്ക് ഉണ്ടായില്ല. അതുകാരണമാണ് സഞ്ജുവിന് വിജയ് ഹസാര നഷ്ടമായത്. പിന്നെ ഇതു പറഞ്ഞ് പാരയും പോയി.
വിജയ് ഹസാരെ ട്രോഫിക്കുള്ള ടീമില്‍ സഞ്ജുവിനെ കെ.സി.എ ഉള്‍പ്പെടുത്തതാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താകാന്‍ കാരണമെന്ന് തരൂര്‍ എക്‌സില്‍ കുറിച്ചിരുന്നു. ശശി തരൂരിന്റെ ആരോപണം തള്ളിയ കേരള ക്രിക്കറ്റ് അസോസിയേഷന്‍ സഞ്ജു സാംസണെ കടന്നാക്രമിക്കുകായണ് ചെയ്തത്. ഫലത്തില്‍ തരൂര്‍ പറഞ്ഞത് ശരിയാവുകയും ചെയ്തു. വിജയ് ഹസാരെ ടൂര്‍ണമെന്റിനുള്ള ടീമില്‍ നിന്നും സഞ്ജു സാംസണിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒഴിവാക്കിയതാണ് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് തടസമായത് എന്ന് ശശി തരൂര്‍ തുറന്നടിച്ചു സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരൈ ക്യാംപില്‍ പങ്കെടുക്കാനുള്ള അസൗകര്യം സഞ്ജു രേഖമൂലം അറിയിച്ചിരുന്നതാണ്. എന്നാല്‍ ക്യാംപില്‍ പങ്കെടുക്കാത്തിന് ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് കെ.എസിഎയുടെ ഈഗോ കാരണമാണ്. വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ ഡബിള്‍ സെഞ്ചുറിയും ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറിയുമുള്ള സഞ്ജുവിന്റെ കരിയര്‍ കെസിഎയുടെ ഈഗോ കാരണം നശിക്കുകയാണെന്ന് ശശി തരൂര്‍ പറഞ്ഞു.
രേഖാമൂലം അറിയിച്ചില്ലെങ്കില്‍ പോലും കേരളത്തിലെ ഒരു താരത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് നിരന്തരം ആ താരവുമായി ചര്‍ച്ച ചെയ്യേണ്ട ബാധ്യത കെസിഎയ്ക്കുണ്ട്. ഇത്തരം ഇടപെടലുകള്‍ സഞ്ജു തള്ളിയാല്‍ അത് അപ്പോള്‍ തന്നെ പൊതു സമൂഹത്തിലും ചര്‍ച്ചയാക്കണമായിരുന്നു. എന്നാല്‍ ഇവിടെ സംഭവിച്ചത് താരത്തിന്റെ ഭാവി കളയാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുന്നില്ല. എന്നാല്‍ എല്ലാം മുകളിലുള്ളവരെ അറിയിച്ചു. സഞ്ജുവിനെ എങ്ങനെ തഴയണമെന്ന് റിസര്‍ച്ച് നടത്തിയ ഉത്തരേന്ത്യന്‍ ലോബിക്ക് അതൊരു സുവര്‍ണ്ണാവസരമായി മാറുകയും ചെയ്തു. സഞ്ജുവിനോട് താല്‍പ്പര്യമുണ്ടായിരുന്നുവെങ്കില്‍ വിജയ ഹസാരെയുടെ പ്രസക്തി സഞ്ജുവിനെ കെസിഎ ബോധ്യപ്പെടുത്തണമായിരുന്നു. അതു ചെയ്യാതെ സഞ്ജുവിനെ തന്ത്രപരമായി മാറ്റി നിര്‍ത്തുകയും അതിന് പിന്നീട് അച്ചടക്കത്തിന്റെ പേരു ദോഷം നല്‍കുകയുമാണ് ചെയ്യുന്നത്. മികച്ച ഫോമിലായിരുന്നിട്ടും ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണിന് ഇടം ലഭിച്ചിരുന്നില്ല.
കെ.എല്‍.രാഹുലും ഋഷഭ് പന്തുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തിയ വിദര്‍ഭ ടീമിന്റെ മലയാളി ക്യാപ്റ്റന്‍ കരുണ്‍ നായരെയും ബിസിസിഐ ഇന്ത്യന്‍ ടീമിലേക്കു പരിഗണിച്ചില്ല. സഞ്ജുവിനെതിരായ ആരോപണങ്ങള്‍ ഗുരുതരമെന്നും വിജയ് ഹസാരെ ടൂര്‍ണമെന്റില്‍ കളിക്കാതിരിക്കാനുള്ള കാരണം ഇപ്പോള്‍ ആണ് വ്യക്തമാവുന്നതെന്ന് മുന്‍ രാജ്യാന്തര അംപയര്‍ കെ എന്‍ രാഘവന്‍ പറഞ്ഞു.