തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിനെ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയോട് താരതമ്യം ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ സെലക്ടറും വിക്കറ്റ് കീപ്പറുമായിരുന്ന കിരൺ മോറെ. ഭാവിയിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായേക്കാമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കേരള ക്രിക്കറ്റ് ലീഗിനെ അഭിനന്ദിച്ച മോറെ, രാജ്യത്തെ ഏറ്റവും മികച്ച ഫീൽഡിംഗ് ടീമാണ് കേരളമെന്ന് അഭിപ്രായപ്പെട്ടു.

മുംബൈ ഇന്ത്യൻസിന്റെ സ്കൗട്ടിംഗ് സംഘത്തിന്റെ തലവൻ കൂടിയായ കിരൺ മോറെ, ഐപിഎൽ എങ്ങനെയാണ് യുവതാരങ്ങളുടെ കരിയർ മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി. ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, തിലക് വർമ്മ തുടങ്ങിയ താരങ്ങൾ ഐപിഎല്ലിലൂടെയാണ് ഇന്ത്യൻ ടീമിൽ എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരുക്കിയ സൗകര്യങ്ങൾ മികച്ചതാണെന്നും, കെസിഎൽ രാജ്യത്തെ ഏറ്റവും മികച്ച ആഭ്യന്തര ക്രിക്കറ്റ് ലീഗുകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

'നല്ല ടൈമിംഗുള്ള ബാറ്ററാണ് സഞ്ജു. സഞ്ജുവിന്റെ ബാറ്റിംഗ് അത്രത്തോളം ആസ്വാദ്യകരമാണ്. ഭാവിയിൽ ചിലപ്പോൾ സഞ്ജു ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയായേക്കാം,' മോറെ കൂട്ടിച്ചേർത്തു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, കിംഗ്‌സ് ഇലവൻ പഞ്ചാബ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകളുടെ സ്കൗട്ടിംഗ് സംഘങ്ങളും ഗ്രീൻഫീൽഡിൽ കളികാണാനെത്തിയിരുന്നു.