- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നും ഫോം തുടർന്ന് സർഫറാസ് ഖാൻ; ബുച്ചി ബാബു ടൂർണമെൻ്റിൽ തുടർച്ചയായി രണ്ടാം സെഞ്ച്വറി; മൂന്നക്കം കടന്നത് സിക്സർ പറത്തി; വിൻഡീസ് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് സെലക്ടര്മാര്ക്ക് നൽകിയത് വലിയ സന്ദേശം
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്ന് പുറത്താണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനം തുടർന്ന് ബാറ്റർ സർഫറാസ് ഖാൻ. ബുച്ചി ബാബു ഇൻവിറ്റേഷണൽ ടൂർണമെൻ്റിൽ ഹരിയാനയ്ക്കെതിരെ മുംബൈക്കായി കളത്തിലിറങ്ങിയ സർഫറാസ് തുടർച്ചയായ രണ്ടാം സെഞ്ചുറി നേടി. പേശിവലിവ് അവഗണിച്ച് ബാറ്റ് വീശിയ താരം 111 റൺസെടുത്താണ് പുറത്തായത്.
ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ തമിഴ്‌നാട് ഇലവനെതിരെയും സർഫറാസ് പുറത്താകാതെ 138 റൺസ് കുറിച്ചിരുന്നു. ഹരിയാനയ്ക്കെതിരെ 99 പന്തിലാണ് സർഫറാസ് മൂന്നക്കം കടന്നത്. ഇഷാന്ത് ഭരദ്വാജിനെ സിക്സറിന് പറത്തിയായിരുന്നു താരത്തിൻ്റെ സെഞ്ചുറി നേട്ടം. പിന്നീട് 111 റൺസിൽ നിൽക്കെ പാർത്ഥ് വാറ്റ്സിൻ്റെ പന്തിൽ പുറത്താവുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ സായ് സുദർശൻ, കരുൺ നായർ തുടങ്ങിയവർക്ക് തിളങ്ങാനാവാതെ വന്ന സാഹചര്യത്തിൽ ഇന്ത്യൻ ടീമിൻ്റെ മധ്യനിരയിലേക്ക് തൻ്റെ പേര് വീണ്ടും ഉറപ്പിക്കുകയാണ് സർഫറാസ് ഈ പ്രകടനങ്ങളിലൂടെ. ഒക്ടോബറിൽ നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ സർഫറാസിനെ സെലക്ടർമാർ പരിഗണിക്കാനുള്ള സാധ്യതയേറുകയാണ്.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച് സെഞ്ചുറി നേടിയ 27-കാരനായ സർഫറാസിന്, ഓസ്ട്രേലിയൻ പരമ്പരയിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. ഇതിനുശേഷം ഐപിഎൽ ടീമിലും ഇടം നേടാനായില്ല. ഇംഗ്ലണ്ട് എ ടീമിനെതിരെ 92 റൺസ് നേടിയിട്ടും ഇംഗ്ലണ്ട് പര്യടനത്തിനുള്ള പ്രധാന ടീമിൽ നിന്ന് തഴയപ്പെട്ടു. ഇതിന് പിന്നാലെ കഠിനപരിശ്രമത്തിലൂടെ 17 കിലോയോളം ശരീരഭാരം കുറച്ച സർഫറാസ് ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിലാണ്.