- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകര്‍ത്തടിച്ച് രഹാന; വിദര്‍ഭയെ തകര്‍ത്തെറിഞ്ഞ് മുംബൈ സെമിയിലേക്ക്; കൊല്‍ക്കത്ത മറ്റൊരു നായകനെ തേടേണ്ടന്ന് ആരാധകര്‍
മുംബൈ: വിദര്‍ഭയെ തകര്‍ത്തെറിഞ്ഞ് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറിയപ്പോള്‍ അതില്‍ റെക്കോര്‍ഡിന്റെ തിളക്കവും. വിദര്‍ഭ ഉയര്‍ത്തിയ 6 വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുംബൈ 19.2 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 224 റണ്‍സ് അടിച്ച് മറികടന്നു.
ടി20 ക്രിക്കറ്റില്‍ 14 വര്‍ഷമായി തകരാതെ നിന്ന ഒരു റെക്കോര്‍ഡാണ് മുംബൈ തകര്‍ത്തത്. ടി20 പോരാട്ടത്തിന്റെ നോക്കൗട്ട് ഘട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്ന ടീമെന്ന റെക്കോര്‍ഡാണ് മുംബൈ സ്വന്തമാക്കിയത്. 2010ല്‍ ഫയ്സാല്‍ ബാങ്ക് ടി20 പോരാട്ടത്തിന്റെ സെമിയില്‍ റാവല്‍പിണ്ടി റാംസിനെതിരെ കറാച്ചി ഡോള്‍ഫിന്‍സ് സ്ഥാപിച്ച 210 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 220നു മുകളില്‍ റണ്‍സ് ചെയ്സ് ചെയ്തു വിജയിക്കുന്ന ആദ്യ ടീമായും മുംബൈ മാറി.
മത്സരത്തില്‍ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെയുടെ കിടിലന്‍ ബാറ്റിങാണ് മുംബൈ ജയം അനായാസമാക്കിയത്. 45 പന്തില്‍ 10 ഫോറും 3 സിക്സും സഹിതം രഹാനെ 84 റണ്‍സ് അടിച്ചെടുത്തു. 36കാരനായ താരം മിന്നും ഫോമിലാണ് ബാറ്റ് വീശിയത്. ഐപിഎല്‍ മെഗാ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് രഹാനെയെ വിളിച്ചെടുത്തതിന്റെ പൊരുളും ഇപ്പോള്‍ ആരാധകര്‍ക്ക് മനസിലായിട്ടുണ്ടാകും.
രഹാനെയ്ക്ക് പുറമെ പൃഥ്വി ഷാ 4 സിക്സും 5 ഫോറും സഹിതം 26 പന്തില്‍ 49 റണ്‍സെടുത്തു. ശിവം ദുബെ 22 പന്തില്‍ 2 സിക്സും 1 ഫോറുമടക്കം 37 റണ്‍സും സൂര്യാംശ് ഷെഡ്ജെ 12 പന്തില്‍ 4 സിക്സും 1 ഫോറും സഹിതം 36 റണ്‍സും വാരി പുറത്താകാതെ നിന്നു മുംബൈയെ റെക്കോര്‍ഡ് വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (5), ഇന്ത്യന്‍ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് (9) എന്നിവര്‍ മാത്രമാണ് മുംബൈ ബാറ്റിങ് നിരയില്‍ പരാജയപ്പെട്ടത്.
നേരത്തെ അഥര്‍വ ടയ്ഡെ (66), അപൂര്‍വ് വാംഖഡെ (51) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും 19 പന്തില്‍ മൂന്ന് വീതം സിക്സും ഫോറും തൂക്കി 43 റണ്‍സ് അടിച്ചെടുത്ത് പുറത്താകാതെ നിന്ന ശുഭം ദുബെയുടെ മികവുമാണ് വിദര്‍ഭയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.