മുംബൈ: ഐപിഎല്ലിൽ സ്ട്രൈക്ക് റേറ്റിന്റെ പേരിൽ പഴി കേൾക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ അജിങ്ക്യ രഹാനെയ്ക്ക് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗിന്റെ ഉപദേശം. വിമർശകർക്ക് മറുപടി നൽകേണ്ടത് വാക്കുകൾ കൊണ്ടല്ല, പ്രകടനം കൊണ്ടാകണമെന്ന് സെവാഗ് ഓർമിപ്പിച്ചു. ക്രിക്ബസിനോട് സംസാരിക്കവെയാണ് രഹാനെയുടെ സമീപകാലത്തെ പ്രകോപനപരമായ പെരുമാറ്റത്തെ സെവാഗ് വിമർശിച്ചത്.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് പിന്നാലെ, തന്റെ സ്ട്രൈക്ക് റേറ്റിനെ ചോദ്യം ചെയ്തവരോട് 'ഇതൊക്കെ അസൂയ മൂത്തവർ പറയുന്നതാണെന്നായിരുന്നു' രഹാനെയുടെ പ്രതികരണം. കൂടാതെ, ടീമിലെ വിലകൂടിയ താരം കാമറൂൺ ഗ്രീൻ എന്തുകൊണ്ട് പന്തെറിയുന്നില്ല എന്ന ചോദ്യത്തിന് 'പോയി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ചോദിക്കൂ' എന്ന രഹാനെയുടെ മറുപടിയും ചർച്ചയായിരുന്നു. സാധാരണ ശാന്തപ്രകൃതക്കാരനായ രഹാനെയുടെ ഈ ഭാവമാറ്റമാണ് സെവാഗിനെ ചൊടിപ്പിച്ചത്.

പ്രതിസന്ധി ഘട്ടങ്ങളിൽ മിണ്ടാതിരുന്ന് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സെവാഗ് നൽകുന്ന നിർദ്ദേശം. ഇതിനായി സച്ചിൻ ടെണ്ടുൽക്കറെയും അമിതാഭ് ബച്ചനെയുമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. "കളിക്കാർ ഇങ്ങനെയുള്ള കാര്യങ്ങൾ വിളിച്ചു പറയേണ്ടവരല്ല. സച്ചിൻ ടെണ്ടുൽക്കറെ കണ്ടു പഠിക്കണം. ഒരു പത്രം അദ്ദേഹത്തെ 'എൻഡുൽക്കർ' (കളി അവസാനിച്ചു) എന്ന് വരെ വിശേഷിപ്പിച്ച് പരിഹസിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം മറുപടി പറയാൻ പോയില്ല. അമിതാഭ് ബച്ചനെപ്പോലെയുള്ളവർ പോലും വിമർശനങ്ങൾ കേട്ട് പ്രതികരിക്കാറില്ല." - സെവാഗ് പറഞ്ഞു.

"രഹാനെയ്ക്ക് എനിക്ക് നൽകാനുള്ള ഉപദേശം ഇതാണ്; മിണ്ടാതിരുന്ന് പോയി ഒരു സെഞ്ച്വറി അടിക്കുക. അപ്പോൾ എല്ലാവരും താനേ വായടച്ചോളും. സമാധാനമായി സ്വന്തം ജോലിയിൽ മാത്രം ശ്രദ്ധിക്കുക. അല്ലാതെ ഇത്തരം കാര്യങ്ങൾക്കൊന്നും മറുപടി കൊടുക്കേണ്ട ആവശ്യമില്ല." സെവാഗ് കൂട്ടിച്ചേർത്തു. കാമറൂൺ ഗ്രീനിന്റെ കാര്യത്തിൽ വ്യക്തമായ മറുപടി കയ്യിലില്ലാത്തതിനാലാവാം രഹാനെ അത്തരത്തിൽ പ്രതികരിച്ചതെന്നും സെവാഗ് നിരീക്ഷിച്ചു.