അഹമ്മദാബാദ്: സീനിയര്‍ വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മികച്ച വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഉത്തരാഖണ്ഡിനെ തകര്‍ത്തത്. പുറത്താകാതെ 83 റണ്‍സ് നേടുകയും മൂന്ന് വിക്കറ്റും വീഴ്ത്തിയ ക്യാപ്റ്റന്‍ ഷാനിയുടെ പ്രകടനമാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡിന്റെ രണ്ട് വിക്കറ്റുകള്‍ തുടക്കത്തില്‍ തന്നെ വീഴ്ത്തി കീര്‍ത്തി ജെയിംസ് മികച്ച തുടക്കമാണ് കേരളത്തിന് നല്‍കിയത്. നന്ദിനി കശ്യപിനെയും ജ്യോതി ഗിരിയെയും കീര്‍ത്തി പുറത്താക്കിയതോടെ ഉത്തരാഖണ്ഡ് പ്രതിരോധത്തിലായി. അഞ്ചാമതായി ബാറ്റ് ചെയ്യാനെത്തിയ കാഞ്ചന്‍ പരിഹാറിന്റെ പ്രകടനമാണ് ഉത്തരാഖണ്ഡിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

കാഞ്ചന്‍ 97 പന്തില്‍ 61 റണ്‍സെടുത്തു. ശേഷമെത്തിയവര്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിയാതെ വന്നതോടെ ഉത്തരാഖണ്ഡ് 48-ാം ഓവറില്‍ 189 റണ്‍സിന് ഓള്‍ ഔട്ടായി. കീര്‍ത്തി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഷാനി മൂന്ന് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണര്‍ വൈഷ്ണയുടെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്ടമായി.

എന്നാല്‍ ഷാനിയും ദൃശ്യയും ചേര്‍ന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് കേരളത്തിന്റെ വിജയത്തിന് അടിത്തറയിട്ടു. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 108 റണ്‍സ് നേടി. ദൃശ്യ 66 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്ന് ഷാനിയും സജനയും ചേര്‍ന്ന് 37 പന്ത് ബാക്കിയിരിക്കെ കേരളത്തെ വിജയത്തിലെത്തിച്ചു. സജന 29 പന്തില്‍ നിന്ന് 35 റണ്‍സെടുത്തു. ഷാനിയാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.