- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെത്തിയത് പാക്കിസ്ഥാനിലെ അത്ഭുത പ്രകടനത്തിന് പിന്നാലെ; എന്നിട്ടും ആദ്യ ടെസ്റ്റില്‍ ബെഞ്ചില്‍; രണ്ടാം ടെസ്റ്റില്‍ നിര്‍ണ്ണായക സെഞ്ചുറിയും ചെറുത്തു നിന്ന സായി സുദര്‍ശന്റെ വിക്കറ്റും; ഗുവാഹത്തിയില്‍ ഇന്ത്യയെ വട്ടംചുറ്റിച്ച ഇന്ത്യന്‍ വംശജന്‍; ആരാണ് ഓള് റൗണ്ടര്‍ സെനുരാന് മുത്തുസാമി
രണ്ടാം ടെസ്റ്റില്‍ നിര്‍ണ്ണായക സെഞ്ചുറിയും ചെറുത്തു നിന്ന സായി സുദര്‍ശന്റെ വിക്കറ്റും; ഗുവാഹത്തിയില്‍ ഇന്ത്യയെ വട്ടംചുറ്റിച്ച ഇന്ത്യന്‍ വംശജന്‍; ആരാണ് ഓള് റൗണ്ടര്‍ സെനുരാന് മുത്തുസാമി
ഗുവാഹത്തി: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ വലിയ പരാജയങ്ങളിലൊന്ന് ഗുവാഹത്തിയില്‍ ഏറ്റുവാങ്ങുമ്പോള്‍ അതിന് പ്രധാന കാരണക്കാരിലൊരാള്‍ എതിര്‍ ടീമിലെ ഒരിന്ത്യന്‍ വംശജനാണ്...സെനുരാന്‍ മുത്തുസാമി. ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ ക്ഷമപരീക്ഷിച്ച തകര്‍പ്പന്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്ങ്‌സില്‍ സമനിലക്കായി പൊരുതിയ ഇന്ത്യയുടെ പ്രതീക്ഷയായ സായിസുദര്‍ശന്റെ വിക്കറ്റും എടുത്താണ് മുത്തുസ്വാമി ദക്ഷിണാഫ്രിക്കയുടെ താരമായത്.
ഗുവാഹത്തി ടെസ്റ്റിന്റെ രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ വംശജനായ ഇടംകയ്യന്‍ ബാറ്റര്‍ ക്രീസിലേക്ക് എത്തിയത്.ഏഴാമനായി ക്രീസിലെത്തിയ സെനുരാന്‍ തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതിന് ശേഷം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ സ്‌കോര്‍ 431 റണ്‍സ്. ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സിന് വേഗത്തില്‍ തിരശീലയിടാന്‍ നോക്കിയ ഇന്ത്യയുടെ ശ്രമങ്ങള്‍ തടഞ്ഞ സെനുരാന്‍ മുത്തുസ്വാമി ആരാണ് എന്ന് തിരയുകയാണ് ആരാധകര്‍.പേരിലെ കൗതുകവും ഈ തിരച്ചിലിന് വേഗം കൂട്ടി.
പാകിസ്താനെതിരേ അവരുടെ നാട്ടില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്തിയാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ സെനുരാന്‍ മുത്തുസാമി ഇന്ത്യയിലെക്കെത്തിയത്. എന്നാല്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ മാനേജ്‌മെന്റ് കൊല്‍ക്കത്തയിലെ സ്പിന്‍ പിച്ചില്‍ അദ്ദേഹത്തെ കളിപ്പിച്ചില്ല. ആദ്യടെസ്റ്റിലെ ജയത്തിന് ശേഷം ഗുവാഹാട്ടിയിലെത്തിയപ്പോള്‍ പേസ് ഓള്‍റൗണ്ടര്‍ കോര്‍ബിന്‍ ബോഷിന് പകരം മുത്തുസാമിയെ ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ അതിലൊരു പ്രതിരോധതന്ത്രവും കൂടിയുണ്ടായിരുന്നു. ടെസ്റ്റ് സമനിലയായാലും പരമ്പര കൈയിലിരിക്കും. അതിനുവേണ്ടത് ബാറ്റിങ് കരുത്താണ്. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷയ്ക്കപ്പുറത്തേക്ക് ബാറ്റുവീശിയ മുത്തുസാമി ടീമിന് ആധിപത്യം സമ്മാനിച്ചാണ് രണ്ടാംദിവസം കളം വിട്ടത്.
ആരാണ് ഇന്ത്യയെ വട്ടംചുറ്റിച്ച ഇന്ത്യന്‍ വംശജന്‍ സെനുരാന്‍ മുത്തുസ്വാമി
ഇന്ത്യന്‍വംശജനായ ഓള്‍റൗണ്ടറാണ് മുത്തുസാമി. താരത്തിന്റെ പൂര്‍വികര്‍ തമിഴ്‌നാട്ടിലെ നാഗപട്ടണത്തിലുള്ളവരാണ്.ഇന്ത്യന്‍ ദമ്പതികളുടെ മകനായി 1994ല്‍ സൗത്താഫ്രിക്കയിലെ ഡര്‍ബനിലാണ് സെനുരാന്‍ മുത്തുസാമി ജനിച്ചത്.സെനുരാന് 11 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മുത്തുസാമി മരിക്കുന്നത്. തുടര്‍ന്ന് അമ്മ വാണിയാണ് മകന്റെ ക്രിക്കറ്റ് കരിയറിന് പിന്തുണ നല്‍കിയത്. ക്ലിഫ്‌റ്റോണ്‍ കോളേജിലെ വിദ്യാഭ്യാസത്തിനു ശേഷം മുത്തുസാമി സോഷ്യല്‍ സയന്‍സില്‍ ബിരുദം പൂര്‍ത്തിയാക്കിയത് ക്വാസുലു നറ്റാല്‍ യൂനിവേഴ്‌സിറ്റിയിലാണ്.
ഡര്‍ബനില്‍ തന്നെ ക്രിക്കറ്റിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയിരുന്നു. സ്‌കൂള്‍ തല മല്‍സരങ്ങളിലും പ്രാദേശിക ടൂര്‍ണമെന്റുകളിലുമെല്ലാം മുത്തുസാമി കളിച്ചുകൊണ്ടിരുന്നു.സൗത്താഫ്രിക്കയിലെ ഒരു പ്രവിശ്യയായ ക്വാസുളു നറ്റാളിനു വേണ്ടി അണ്ടര്‍ 11 മുതല്‍ അണ്ടര്‍ 19 വരെ താരം കളിക്കുകയും ചെയ്തു. എങ്കിലും ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററായി തനിക്കു മാറാന്‍ സാധിക്കുമെന്ന വിശ്വാസം അപ്പോഴും മുത്തുസാമിക്കു ഇല്ലായിരുന്നു
എന്നാല്‍ ക്രിക്കറ്ററെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരുന്നു. അതു മുത്തുസാമിയെ സൗത്താഫ്രിക്കയുടെ അണ്ടര്‍ 19 ടീമിന്റെ ഭാഗമാക്കുകയും ചെയ്തു. 2015-16 സീസണില്‍ ക്വാസുളു നറ്റാലില്‍ നിന്നുള്ള ടി20 ഫ്രാഞ്ചൈസിയായ ഡോള്‍ഫിന്‍സിന്റെ ഭാഗമാവാന്‍ മുത്തുസാമിക്കു സാധിച്ചു. മുന്‍നിര ബാറ്ററായാണ് താരത്തെ അവര്‍ ടീമിലെടുത്തത്.
2017 ജനുവരിയില്‍ നൈറ്‌സുമായുള്ള മല്‍സരത്തില്‍ കരിയര്‍ ബെസ്റ്റ് സ്‌കോറായ 181 റണ്‍സ് കുറിക്കാന്‍ മുത്തുസാമിക്കായിരുന്നു. പക്ഷെ പിന്നീട് അദ്ദേഹത്തിന്റെ ബാറ്റിങില്‍ വലിയ രീതിയില്‍ ഇടിവുണ്ടാവുകയും പക്ഷെ ബൗളിങ് വേറെ ലെവലിലേക്കു ഉയരുകയും ചെയ്തു. ഇതാണ് 2019ല്‍ മുത്തുസാമിയുടെ റോളിലേക്കു വളരാന്‍ വഴിയൊരുക്കിയത്. 2019ല്‍ സൗത്താഫ്രിക്കയുടെ ഇന്ത്യന്‍ പര്യടത്തിനുള്ള സൗത്താഫ്രിക്കന്‍ ടീമില്‍ അദ്ദേഹത്തിനു അവസഹവും നേടിക്കൊടുത്തു.
ഈ പരമ്പരയിലൂടെ അരങ്ങേറിയ മുത്തുസാമിയുടെ കന്നി വിക്കറ്റ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയുടേതുമായിരുന്നു. സ്വന്തം ബൗളിങിലാണ് ഇന്ത്യന്‍ റണ്‍മെഷീനെ അദ്ദേഹം പുറത്താക്കിയത്. എങ്കിലും ദേശീയ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ മുത്തുസാമിക്കായില്ല.
പകരം മറ്റൊരു ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജാണ് മികച്ച പ്രകടനങ്ങളൂടെ സൗത്തഫ്രിക്കന്‍ ടെസ്റ്റ് ടീമിലെ സജീവ സാന്നിധ്യമായി മാറിയത്. 31 കാരനായ മുത്തുസാമി സൗത്താഫ്രിക്കയ്ക്കു വേണ്ടില്‍ വിരലില്‍ എണ്ണാവുന്ന മല്‍സരങ്ങളില്‍ മാത്രമേ മൂന്നു ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ളൂ. എട്ടു ടെസ്റ്റുകളില്‍ ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റിയുമടക്കം 388 റംണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. 3.86 ഇക്കോണമി റേറ്റില്‍ 22 വിക്കറ്റുകളും നേടി. ഏകദിത്തില്‍ അഞ്ചു മല്‍സരവും (22 റണ്‍സ്, 6 വിക്കറ്റ്), ടി20യില്‍ അഞ്ചു മല്‍സരവും (24 റണ്‍സ്, 5 വിക്കറ്റ്) മുത്തുസാമി നേടിയിട്ടുണ്ട്.
പാകിസ്താനെതിരേ റാവല്‍പിണ്ടിയില്‍ പുറത്താകാതെ 89 റണ്‍സ് നേടിയ ശേഷമാണ് മുത്തുസാമി ഇന്ത്യയിലേക്കെത്തുന്നത്. ഗുവാഹാട്ടിയിലെ പിച്ച് രണ്ടാം ദിനം ബാറ്റര്‍മാര്‍ക്ക് അനുകൂലമാകുമെന്ന പ്രവചനം മുത്തുസാമിയിലൂടെ യാഥാര്‍ഥ്യമാകുന്നത് ക്രിക്കറ്റ് ലോകം കണ്ടു. ക്ഷമയോടെ ബാറ്റ് വീശിയാണ് താരം കന്നിസെഞ്ചുറിയിലേക്ക് എത്തിയത്. ആറിന് 247 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഇന്നിങ്‌സ് പുനരാരംഭിച്ചത്. ഏഴാം വിക്കറ്റില്‍ മുത്തുസാമിയും വെറാനും ചേര്‍ന്ന് 237 പന്തില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 334 റണ്‍സിലെത്തിയപ്പോള്‍ വെറാന്‍ വീണു. ജഡേജയുടെ പന്തില്‍ ഋഷഭ് പന്ത് സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്. എന്നാല്‍, യാന്‍സന്‍ കളത്തിലെത്തിയതോടെ കളി മാറി. ഇരുവരും ആക്രമണമൂഡിലാണ് കളിച്ചത്. 107 പന്തില്‍ 97 റണ്‍സാണ് പിന്നെ വന്നത്. ഈ കൂട്ടുകെട്ടില്‍ 46 പന്ത് നേരിട്ട മുത്തുസാമി 42 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. സ്‌കോര്‍ 431-ലെത്തിയപ്പോള്‍ മുത്തുസാമി മടങ്ങി.
രണ്ടാം ഇന്നിങ്ങ്സില്‍ മുത്തുസ്വാമിക്ക് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്നില്ല.എന്നാല്‍ ബൗളില്‍ ഒരു സമനിലക്കായെങ്കിലും കിണഞ്ഞു പരിശ്രമിച്ച് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ 139 പന്തുകള്‍ പ്രതിരോധിച്ച സായിസുദര്‍ശനെ മാര്‍ക്രത്തിന്റെ കൈയ്യിലെത്തിച് ഇന്ത്യയുടെ തോല്‍വിയും മുത്തുസ്വാമി ഉറപ്പാക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ജാന്‍സണെ കളിയിലെ താരമായി തിരഞ്ഞെടുത്തെങ്കിലും മത്സരത്തില്‍ നിര്‍ണ്ണായകമായത് മുത്തുസ്വാമിയുടെ ശതകം തന്നെയാണ്. നാഗപട്ടണത്തുള്ള കുടുംബക്കാരുമായി അടുത്തബന്ധവും ഇന്നും താരം നിലനിര്‍ത്തുന്നുണ്ട്.




