ഇസ്‌ലമാബാദ്: ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കനത്ത തോല്‍വിക്ക് പിന്നാലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമില്‍നിന്ന് പാക്കിസ്ഥാന്‍ പേസ് ബോളിങ്ങിന്റെ കുന്തമുനയായ ഷഹീന്‍ ഷാ അഫ്രീദി പുറത്ത്. റാവല്‍പിണ്ടിയില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനു മുന്നോടിയായി പ്രഖ്യാപിച്ച 12 അംഗ പാക്കിസ്ഥാന്‍ ടീമില്‍ അഫ്രീദിക്ക് ഇടമില്ല.

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 96 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് മാത്രം സ്വന്തമാക്കിയ അഫ്രീദി, മത്സരത്തിനു പിന്നാലെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു മടങ്ങിയിരുന്നു. രണ്ടാം ടെസ്റ്റിനു മുന്നോടിയായി വ്യാഴാഴ്ച വൈകിട്ടോടെ ടീമിനൊപ്പം തിരിച്ചെത്തിയെങ്കിലും താരത്തെ ഒഴിവാക്കുകയായിരുന്നു.

ചരിത്രത്തിലാദ്യമായി ബംഗ്ലദേശിനെതിരെ ഒരു ടെസ്റ്റ് മത്സരം പാക്കിസ്ഥാന്‍ തോറ്റത് കനത്ത വിമര്‍ശനം വരുത്തിവച്ചിരുന്നു. തുടര്‍ന്നു നടത്തിയ അഴിച്ചുപണിയിലാണ് അഫ്രീദിക്ക് ടീമിലെ സ്ഥാനം നഷ്ടമായത്.

അതിനിടെ, ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ഷഹീന്‍ അഫ്രീദിയും ടീം ക്യാപ്റ്റന്‍ ഷാന്‍ മസൂദും ഡ്രസിങ് റൂമില്‍ വച്ച് തമ്മിലടിച്ചതായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇരുവരെയും പിടിച്ചുമാറ്റാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനും മര്‍ദ്ദനമേറ്റതായാണ് പ്രചരിക്കുന്ന വാര്‍ത്ത. ഇതിന് സ്ഥിരീകരണമില്ല.

അഫ്രീദിയെ ടീമില്‍നിന്ന് പുറത്താക്കാന്‍ ഇതും കാരണമാണോയെന്നും വ്യക്തമല്ല. നേരത്തെ, ടീമംഗങ്ങള്‍ ഒരുമിച്ചു സംസാരിക്കുന്നതിനിടെ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് തോളത്തു കൈവച്ചപ്പോള്‍ അത് തട്ടിമാറ്റുന്ന ഷഹീന്‍ അഫ്രീദിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

"ഷഹീന്‍ അഫ്രീദി ഈ മത്സരം കളിക്കുന്നില്ല. അദ്ദേഹവുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. ടീമില്‍നിന്ന് ഒഴിവാക്കാനുള്ള കാരണം അദ്ദേഹത്തിന് ബോധ്യമായിട്ടുണ്ട്. മാത്രമല്ല, ടീമിനെക്കുറിച്ച് തന്റെ അഭിപ്രായങ്ങളും അദ്ദേഹം പങ്കുവച്ചു. സാധ്യാമാകുന്നത്ര മികച്ച രീതിയില്‍ പന്തെറിയുന്നതിനായി അദ്ദേഹം കഠിനാധ്വാനം െചയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ അസ്ഹര്‍ മഹ്‌മൂദും സഹായിക്കുന്നുണ്ട്. ഷഹീന്‍ അഫ്രീദി ഏറ്റവും മികവോടെ പന്തെറിയുന്നത് കാണാനാണ് ഞങ്ങള്‍ക്ക് താല്‍പര്യം. പാക്കിസ്ഥാന് വ്യത്യസ്ത ഫോര്‍മാറ്റുകളിലായി ഒട്ടേറെ മത്സരങ്ങള്‍ വരുന്നുണ്ട്. ആ മത്സരങ്ങളിലെല്ലാം വലിയ പങ്ക് വഹിക്കാനുള്ള താരമാണ് അഫ്രീദി' ഗില്ലസ്പി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി ഷഹീന്‍ അഫ്രീദിയുടെ മങ്ങിയ ഫോം പാക്കിസ്ഥാനെ തെല്ലൊന്നുമല്ല വലയ്ക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലു ടെസ്റ്റുകളില്‍നിന്ന് 14 വിക്കറ്റുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. ഓസ്‌ട്രേലിയയില്‍ നടന്ന പരമ്പരയില്‍ പോലും കാര്യമായി തിളങ്ങാന്‍ ഈ ഇടംകയ്യന്‍ പേസ് ബോളര്‍ക്കായിരുന്നില്ല. ടെസ്റ്റിനെ അപേക്ഷിച്ച് ഏകദിനത്തിലും ട്വന്റി20യിലും താരത്തിന്റെ പ്രകടനം ഭേദമാണ്.