നേപ്പിയർ: ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറി നേടി അന്താരാഷ്ട്ര ക്രിക്കറ്റിൽ ചരിത്രനേട്ടത്തിന് ഉടമയായി വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പ്. ലോകക്രിക്കറ്റിലെ പ്രമുഖരായ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി തുടങ്ങിയവർക്ക് പോലും നേടാൻ കഴിയാതിരുന്ന ഒരു അപൂർവ റെക്കോർഡാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്വന്തം പേരിൽ കുറിച്ചത്. മഴ കാരണം 34 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 69 പന്തിൽ 13 ഫോറുകളും 4 സിക്സറുകളും സഹിതം 109 റൺസെടുത്ത് പുറത്താകാതെ നിന്ന ഹോപ്പിന്റെ ഒറ്റയാൾ പോരാട്ടമാണ് വിൻഡീസിനെ 247 എന്ന മികച്ച സ്കോറിലെത്തിച്ചത്.

ക്രിക്കറ്റിലെ 12 ടെസ്റ്റ് പദവിയുള്ള രാജ്യങ്ങൾക്കെതിരെയും അന്താരാഷ്ട്ര മത്സരങ്ങളിൽ സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യ കളിക്കാരനാണ് ഷായ് ഹോപ്പ്. ന്യൂസിലാൻഡിനെതിരെ നേടിയ ഈ സെഞ്ച്വറിയിലൂടെയാണ് അദ്ദേഹം ഈ അസാധ്യനേട്ടം പൂർത്തിയാക്കിയത്. ടെസ്റ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങൾക്കെതിരെയും സെഞ്ച്വറി നേടാൻ സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്‌ലി എന്നിവർക്ക് സാധിച്ചിട്ടില്ല എന്നത് ഈ നേട്ടത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു. വിരാട് കോഹ്‌ലിക്ക് നിലവിൽ അയർലൻഡിനെതിരെ സെഞ്ച്വറി നേടാൻ കഴിഞ്ഞിട്ടില്ല, ഇതാണ് ഹോപ്പിന്റെ റെക്കോർഡിനെ ശ്രദ്ധേയമാക്കുന്നത്.

ഈ ഇന്നിങ്സോടെ ഹോപ്പ് മറ്റ് രണ്ട് പ്രധാന നേട്ടങ്ങൾ കൂടി സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 6000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഇൻഡീസ് താരമായി അദ്ദേഹം മാറി. 142 ഇന്നിംഗ്സുകളിൽ നിന്നാണ് ഹോപ്പ് ഈ നേട്ടം കൈവരിച്ചത്. 141 ഇന്നിംഗ്സുകൾ മാത്രം വേണ്ടിവന്ന ഇതിഹാസതാരം വിവിയൻ റിച്ചാർഡ്‌സാണ് ഈ പട്ടികയിൽ ഹോപ്പിന് മുന്നിലുള്ളത്.

കൂടാതെ, 19 ഏകദിന സെഞ്ച്വറികളോടെ വെസ്റ്റ് ഇൻഡീസിനുവേണ്ടി ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ നേടിയവരുടെ പട്ടികയിൽ ബ്രയാൻ ലാറയ്ക്കൊപ്പം ഹോപ്പ് രണ്ടാം സ്ഥാനത്തെത്തി. 25 സെഞ്ച്വറിയുമായി ക്രിസ് ഗെയ്‌ലാണ് ഈ പട്ടികയിൽ മുന്നിലുള്ളത്. ഷായ് ഹോപ്പ് മിന്നും പ്രകടനം പുറത്തെടുത്തിട്ടും ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് വിജയം നേടാനായില്ല. 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റിന് വിജയം നേടുകയായിരുന്നു.