വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. പത്ത് വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.ഇന്ത്യ ഉയർത്തിയ 118 റൺസെന്ന വിജയ ലക്ഷ്യം ഓസ്ട്രേലിയ വിക്കറ്റു നഷ്ടമില്ലാതെ 11 ഓവറിൽ മറികടന്നു.ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി.ആദ്യ പോരാട്ടത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു.മൂന്നാം ഏകദിനം ബുധനാഴ്‌ച്ച ചെന്നൈയിൽ നടക്കും.

ചെറിയ വിജയലക്ഷ്യം പെട്ടന്ന് മറികടക്കാനുള്ള തീരുമാനത്തിലായിരുന്നു ഓസീസ്. ഷമി മൂന്ന് ഓവറിൽ 29 റൺസും മുഹമ്മദ് സിറാജ് 37 റൺസും വിട്ടുകൊടുത്തു. ഹർദിക് പാണ്ഡ്യയുടെ ഒരോവറിൽ മാർഷ് മൂന്ന് സിക്സ് നേടി. ആറ് വീതം സിക്സും ഫോറും ഉൾപ്പെടുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്. ഹെഡ് 10 ഫോർ നേടി.

നേരത്തെ, അഞ്ച് വിക്കറ്റുകൾ വീഴ്‌ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ തീപ്പൊരി ബൗളിങ് പ്രകടനമാണ് കങ്കാരുക്കളെ തുണച്ചത്. അക്സർ പട്ടേലിന്റെ അവസാന നിമിഷത്തെ ചെറുത്ത് നിൽപ്പാണ് വൻ നാണക്കേടിൽ നിന്ന് ടീം ഇന്ത്യയെ രക്ഷിച്ചത്. അക്സറിനെ കൂടാതെ 31 റൺസെടുത്ത് വിരാട് കോലിക്ക് മാത്രമാണ് ഇന്ത്യൻ നിരയിൽ അൽപ്പമെങ്കിലും പിടിച്ച് നിൽക്കാൻ സാധിച്ചുള്ളൂ. ടോസിലെ നഷ്ടത്തിന് പിന്നാലെ ഇന്ത്യക്ക് ആദ്യ ഓവറിൽ വിക്കറ്റും നഷ്ടമായി. മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പോയന്റിൽ ലാബുഷെയ്നിന് അനായാസ ക്യാച്ച് നൽകി മടങ്ങി.

അക്കൗണ്ട് തുറക്കും മുമ്പായിരുന്നു ഗിൽ വീണത്. പിന്നീട് ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് സ്റ്റാർക്കിനെയും ഗ്രീനിനെയും അനാസായം നേരിട്ടതോടെ ഇന്ത്യക്ക് പ്രതീക്ഷയായി. നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 32 റൺസിലെത്തിയ ഇന്ത്യക്ക് മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ അഞ്ചാം ഓവറിലാണ് ഇരുട്ടടിയേറ്റത്. ഓഫ് സ്റ്റംപിന് പുറത്തുപോയ സ്റ്റാർക്കിന്റെ പന്തിൽ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച രോഹിത്തിന് പിഴച്ചു. സ്ലിപ്പിൽ സ്റ്റീവ് സ്മിത്തിന്റെ തകർപ്പൻ ക്യാച്ച്.

തൊട്ടടുത്ത പന്തിൽ ആദ്യ മത്സരത്തിന്റെ തനിയാവർത്തനമായി സൂര്യകുമാർ യാദവ് സ്റ്റാർക്കിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്ത്. തുടർച്ചയായ രണ്ട് പന്തുകളിൽ രണ്ട് വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യ ഞെട്ടി. കെ എൽ രാഹുൽ സ്റ്റാർക്കിന് ഹാട്രിക്ക് നിഷേധിച്ചെങ്കിലും ക്രീസിൽ അധികം ആയുസുണ്ടായില്ല. ഒമ്പതാം ഓവറിൽ രാഹുലിനെയും (9) സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുടുക്കി. പത്താം ഓവറിലെ രണ്ടാം പന്തിൽ ഹാർദ്ദിക് പാണ്ഡ്യയെ(1) സ്ലിപ്പിൽ സ്മിത്ത് പറന്നു പിടിച്ചതോടെ ഇന്ത്യയുടെ നടുവൊടിഞ്ഞു.

വിരാട് കോലി-രവീന്ദ്ര ജഡേജ ബാറ്റിങ് സഖ്യം ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയെങ്കിലും കോലിയെ(31) വിക്കറ്റിന് മുന്നിൽ കുടുക്കിയ നഥാൻ എല്ലിസ് ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകർത്തു. 16 റൺസെടുത്ത രവീന്ദ്ര ജഡേജയ്ക്കും അധിക നേരം ഓസീസ് ആക്രമണത്തെ പ്രതിരോധിക്കാനായില്ല. അക്സർ ഒരറ്റത്ത് ശ്രമിച്ച് നോക്കിയെങ്കിലും വാലറ്റത്തിനും ഒന്നും ചെയ്യാൻ സാധിക്കാതെ ആയതോടെ ഇന്ത്യൻ പോരാട്ടം 117 റൺസിൽ അവസാനിച്ചു. സ്റ്റാർക്കിനെ കൂടാതെ മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയ സീൻ അബോട്ടും രണ്ട് വിക്കറ്റുകൾ നേടിയ നഥാൻ എല്ലിസും ഓസീസ് നിരയിൽ തിളങ്ങി.