- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കക്കെതിരെ അവസാന ഏകദിനത്തില്‍ സെഞ്ചുറി; ബാറ്റിംഗ് ശരാശരി 56.66; എന്നിട്ടും സഞ്ജുവിനെ തഴഞ്ഞത് വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്നതിനാല്‍; കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നുവെന്ന് ശശി തരൂര്‍
കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുന്നുവെന്ന് ശശി തരൂര്‍
മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള പതിനഞ്ചംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍ ആകെ നിരാശയിലാണ്. അര്‍ഹതയുണ്ടായിട്ടും മലയാളി താരങ്ങളാരും ചാമ്പ്യന്‍സ് ട്രോഫി ടീമിലിടം നേടിയില്ല എന്നതാണ് അതിന് കാരണം. ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയില്‍ ടീമിലുള്ള സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ പരിണിച്ചതേയില്ല. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിക്കാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇതിന് ഇതുവരെ ബിസിസിഐയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണമില്ല
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് എന്നിവരാണ് ടീമില്‍ ഇടം നേടിയത്. ഇതില്‍ രാഹുല്‍ പ്രധാന വിക്കറ്റ് കീപ്പറാവാനാണ് സാധ്യത. എന്നാല്‍ സഞ്ജുവിന് മുകളില്‍ പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് വലിയ ചര്‍ച്ചകള്‍ വഴിവെക്കുമെന്നുറപ്പാണ്. കരിയറില്‍ ഇതുവരെ കളിച്ച 31 ഏകദിനങ്ങളില്‍ നിന്ന് 33.50 ശരാശരിയില്‍ 871 റണ്‍സാണ് പന്ത് നേടിയത്. അഞ്ച് അര്‍ധസെഞ്ചുറികളും ഒരു സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.
മറുവശത്ത്, സഞ്ജു 16 മത്സരങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ ഒരു സെഞ്ചുറിയും മൂന്ന് അര്‍ദ്ധസെഞ്ചുറികളും സഹിതം 510 റണ്‍സ് നേടിയിട്ടുണ്ട്. 2023 ഡിസംബറില്‍ പാര്‍ളില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച അവസാന ഏകദിനത്തിലും അദ്ദേഹം സെഞ്ചുറി നേടി. തന്റെ അവസാന അഞ്ച് ട്വന്റി 20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജു ഗംഭീര ഫോമിലാണ്. എന്നാല്‍ താരത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ നിന്നും തഴയുകയായിരുന്നു.
എന്തുകൊണ്ട് സഞ്ജു തഴയപ്പെട്ടുവെന്നുള്ളതില്‍ വ്യക്തമായ കാരണമൊന്നും ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറോ ക്യാപ്റ്റന്‍ രോഹിത് പറഞ്ഞിട്ടില്ല. എന്നാല്‍ സഞ്ജുവിന്റെ പേര് പറയാതെ രോഹിത് മറ്റൊരു കാര്യം പറഞ്ഞു. ആഭ്യന്തര സീസണ്‍ കളിക്കുന്നതിനെ കുറിച്ചാണിത്. ''സീസണില്‍ ഒരു താരം എങ്ങനെ കളിച്ചു, എത്രത്തോളം വിശ്രമം വേണം എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ടീം തിരഞ്ഞെടുപ്പ്. താരങ്ങളെ കൈകാര്യം ചെയ്യുന്നത് ഇങ്ങനെയൊക്കെയാണ്.'' രോഹിത് പറഞ്ഞു.
സഞ്ജു ഇത്തവണ കേരളത്തിന് വേണ്ടി വിജയ് ഹസാരെ കളിച്ചിരുന്നില്ല. രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും കളിച്ചെങ്കിലും വിജയ് ഹസാരെ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിശീലന ക്യാംപില്‍ പങ്കെടുത്തുവര്‍ക്കാണ് പരിഗണനയെന്നാണ് കെസിഎ വ്യക്തമാക്കിയത്. സഞ്ജുവാകട്ടെ ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരം തൊട്ട് തയ്യാറാണെന്നും സഞ്ജു കെസിഎയെ അറിയിച്ചു. എന്നാല്‍ കെസിഎ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
സഞ്ജു സാംസണെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതില്‍ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കടുത്ത വിമര്‍ശനമാണ് ശശി തരൂര്‍ എംപി ഉന്നയിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍(കെസിഎ) ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്റെ കരിയര്‍ തകര്‍ക്കുക്കുയാണെന്ന് ശശി തരൂര്‍ തുറന്നടിച്ചു.
വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി നടന്ന പരിശീലന ക്യാംപില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് സഞ്ജു കേരള ക്രിക്കറ്റ് അസോസിയേഷനെ മൂന്‍കൂട്ടി അറിയിച്ചിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ച് പിന്നീട് കെസിഎക്ക് കത്ത് നല്‍കുകയും ചെയ്തു. എന്നിട്ടും കെസിഎ വിജയ് ഹസാരെക്കുള്ള കേരള ടീമില്‍ സഞ്ജുവിനെ ഉള്‍പെടുത്തിയില്ല. അതാണിപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിന്റെ പുറത്താകലിന് കാരണമായത്.
വിജയ് ഹസാരെയിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും(212*), ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തില്‍ സെഞ്ചുറിയും ഏകദിനത്തില്‍ 56.66 ബാറ്റിംഗ് ശരാശരിയുമുള്ള ഒരു ബാറ്ററാണ് സഞ്ജു. അതാണിപ്പോള്‍ കെസിഎ ഭാരവാഹികളുടെ ഈഗോ കാരണം നശിപ്പിക്കുന്നത്. സഞ്ജുവിനെ തഴഞ്ഞതിലൂടെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ സാധ്യത കൂടിയാണ് കെസിഎ തകര്‍ത്തതെന്നും ശശി തരൂര്‍ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
സമീപകാലത്ത് ഋഷഭ് പന്തിന്റെ മോശം പ്രകടനം ഏകദിന ടീമില്‍ തിരിച്ചെത്താന്‍ സഞ്ജുവിന് അഴസരമൊരുക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പിന്നാലെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതും സഞ്ജുവിന്റെ സാധ്യതകള്‍ ഇല്ലാതാക്കുകയായിരുന്നു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്,രവീന്ദ്ര ജഡേജ.