മുംബൈ: ഇന്ത്യൻ ഏകദിന ടീം വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകിയേക്കുമെന്ന് റിപ്പോർട്ട്. പരിക്കിനെത്തുടർന്ന് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് കായികക്ഷമത പൂർണമായി വീണ്ടെടുക്കാനായിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബറിൽ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യർക്ക് ശസ്ത്രക്രിയക്ക് ശേഷം ആറ് കിലോയോളം ശരീരഭാരം കുറഞ്ഞതും താരത്തിന്റെ തിരിച്ചുവരവിന് തടസ്സമായി.

ജനുവരിയിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ശ്രേയസ് അയ്യർ കളിക്കാനുള്ള സാധ്യത കുറവാണെന്നും സൂചനയുണ്ട്. പരിക്കിൽ നിന്ന് മോചിതനായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിന് ഇറങ്ങിയെങ്കിലും, താരത്തിന് ഇതുവരെ പൂർണമായ കായികക്ഷമത കൈവരിക്കാനായിട്ടില്ല. കളിക്കാനുള്ള മെഡിക്കൽ ക്ലിയറൻസ് ലഭിക്കാൻ ശ്രേയസിന് ഒരാഴ്ച കൂടി കാത്തിരിക്കേണ്ടിവരുമെന്നാണ് വിവരം.

നേരത്തെ, വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്ക് വേണ്ടി കളിക്കാൻ താരം സന്നദ്ധത അറിയിച്ചിരുന്നെങ്കിലും മെഡിക്കൽ സംഘത്തിന്റെ അനുമതി ലഭിച്ചിരുന്നില്ല. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തണമെങ്കിൽ താരം ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തെളിയിക്കേണ്ടത് അത്യാവശ്യമാണ്. പൂർണ കായികക്ഷമത വീണ്ടെടുക്കുകയും ആഭ്യന്തര മത്സരങ്ങളിൽ മികവ് തെളിയിക്കുകയും ചെയ്താൽ മാത്രമേ ശ്രേയസ് അയ്യർക്ക് ദേശീയ ടീമിൽ വീണ്ടും ഇടം നേടാൻ സാധിക്കുകയുള്ളൂ.