- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോര്‍ഡ്‌സില്‍ നിര്‍ഭാഗ്യം വിക്കറ്റെടുത്തപ്പോള്‍ ബാറ്റില്‍ ഇടിച്ച് കണ്ണീരണിഞ്ഞ് പിച്ചില്‍ കുമ്പിട്ടിരുന്നു; ഓവലില്‍ ബ്രൂക്കിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതിന് പ്രസിദ്ധിനോട് ക്ഷമാപണം; ഓവലില്‍ അവസാന ദിനത്തിലെ ഒരൊറ്റ സ്പെല്ലില് ഇന്ത്യക്ക് സമ്മാനിച്ചത് അഭിമാന നിമിഷങ്ങള്‍; അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസര്‍; എറിഞ്ഞത് 1269 പന്തുകള്‍, 23 വിക്കറ്റും; ടീം ഇന്ത്യയുടെ വിജയ നായകനായി ഡിസിപി സിറാജ്
ടീം ഇന്ത്യയുടെ വിജയ നായകനായി ഡിസിപി സിറാജ്
ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കിന്റെ വിക്കറ്റെടുക്കാനുള്ള അവസരം നഷ്ടമാക്കിയിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. പ്രസിദ്ധ് കൃഷ്ണയുടെ പന്തിലായിരുന്നു സിറാജിന് അവസരം ലഭിച്ചത്. 35-ാം ഓവറിലായിരുന്നു സംഭവം. പ്രസിദ്ധിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമം ബ്രൂക്ക് നടത്തി. പന്ത് ഉയര്‍ന്ന് പൊന്തി ഫൈന്‍ ലെഗിലേക്ക്. അവിടെ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജ് അനായാസം പന്ത് കയ്യിലൊതുക്കി. പ്രസിദ്ധി വിക്കറ്റും ആഘോഷിച്ച് തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് പിന്നോട്ട് ഒരടി കൂടി വെച്ചപ്പോള്‍ ബൗണ്ടറി ലൈനില്‍ ചവിട്ടുകയായിരുന്നു. അവസരം നഷ്ടമാകുമ്പോള്‍ 19 റണ്‍സ് മാത്രമാണ് സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത്.
ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യങ്ങളും നിറഞ്ഞുനിന്ന ഓവല്‍ ടെസ്റ്റിന് ഒടുവില്‍ ജയം ഇന്ത്യയുടെ കൈകളിലേക്ക് എത്തിച്ചത് സിറാജിന്റെ ഒരൊറ്റ സ്‌പെല്‍ ആയിരുന്നു. അവസാന ദിനം 35 റണ്‍സ് അടിച്ചെടുക്കാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിനെ ആറു റണ്‍സകലെ എറിഞ്ഞിട്ടത് മുഹമ്മദ് സിറാജ് എന്ന ഇന്ത്യന്‍ പടക്കുതിരയുടെ മികവായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ഇന്ത്യന്‍ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. സിറാജിന്റെ പ്രായശ്ചിത്തം കൂടിയാണ് ഈ പ്രകടനമെന്ന് വേണമെങ്കില്‍ പറയാം. അഞ്ചാം ദിനം ഓവലില്‍ ഹീറോയായത് സിറാജാണെങ്കില്‍ നാലാം ദിനത്തില്‍ അതായിരുന്നില്ല സ്ഥിതി. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്ത ശേഷം ബൗണ്ടറി റോപ്പില്‍ ചവിട്ടിയ സിറാജിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഒരു പക്ഷെ ഇന്ത്യ ജയിച്ചിരുന്നില്ലെങ്കില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയേനെ എന്നു വ്യക്തം.
നാലാം ദിനത്തില്‍ വില്ലന്‍: നാലാം ദിനം ബെന്‍ ഡക്കറ്റിനെയും ഒലി പോപ്പിനെയും പുറത്താക്കി ഇന്ത്യ മത്സരത്തില്‍ പിടിമുറുക്കിയ സമയത്താണ് ഹാരി ബ്രൂക്കിനെയും പുറത്താക്കാനുള്ള അവസരം ലഭിച്ചത്. പ്രസിദ്ധ് കൃഷ്ണയെറിഞ്ഞ 35-ാം ഓവറിലെ ആദ്യ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചതായിരുന്നു ബ്രൂക്ക്. എന്നാല്‍ ടോപ്പ് എഡ്ജ് ആയ പന്ത് ലോങ് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സിറാജിന്റെ നേര്‍ക്ക്. ബൗണ്ടറി റോപ്പിന് തൊട്ടരികില്‍വെച്ച് പന്ത് പിടിച്ച സിറാജിന് പക്ഷേ ശരീരത്തെ നിയന്ത്രിക്കാനായില്ല. റോപ്പിന്റെ സ്ഥാനം കൃത്യമായി അറിയാതെ ക്യാച്ചെടുത്ത ശേഷം സിറാജ് അബദ്ധത്തില്‍ റോപ്പില്‍ ചവിട്ടുകയായിരുന്നു. ഈ സമയം പ്രസിദ്ധ് വിക്കറ്റ് ആഘോഷം തുടങ്ങിയിരുന്നു. എന്നാല്‍ സിറാജ് കാണിച്ച അബദ്ധത്തില്‍ എല്ലാവരും ഞെട്ടി. ഈ സമയം വ്യക്തിഗത സ്‌കോര്‍ 19 റണ്‍സ് മാത്രമുണ്ടായിരുന്ന ബ്രൂക്ക് സെഞ്ചുറി നേടിയാണ് പുറത്തായത്. 98 പന്തില്‍ നിന്ന് രണ്ടു സിക്‌സും 14 ഫോറുമടക്കം 111 റണ്‍സെടുത്ത ബ്രൂക്ക് ഇന്ത്യയുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. നാലാം വിക്കറ്റില്‍ ജോ റൂട്ടിനെ കൂട്ടുപിടിച്ച് 195 റണ്‍സിന്റെ നിര്‍ണായക കൂട്ടുകെട്ടും ബ്രൂക്ക് പടുത്തുയര്‍ത്തി. ആ ക്യാച്ച് നഷ്ടപ്പെടുത്തിയ ശേഷം നിരാശയോടെ നില്‍ക്കുന്ന സിറാജിന്റെ ചിത്രം ഇന്ത്യന്‍ ആരാധകരുടെ മനസില്‍ നിന്ന് മായില്ല.
ജോ റൂട്ടിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ബ്രൂക്ക് ശ്രമിക്കുന്നതിനിടെയാണ് നാലാം വിക്കറ്റ് വീഴ്ത്താനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചത്. എന്നാല്‍ മുതലാക്കാന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ഒരു രംഗം ക്രിക്കറ്റ് ലോകം ഏറ്റെടുത്തിരുന്നു. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ സിറാജ്, പ്രസിദ്ധിന്റെ അടുത്തെത്തുകയും അവസരം നഷ്ടമാക്കിയതിന് ക്ഷമാപണം നടത്തുകയും ചെയ്തു. പ്രസിദ്ധ് അതിനോട് ഒരു ചിരിയോടെ പ്രതികരിക്കുന്നുമുണ്ട്.
അഞ്ചാം ദിനത്തില്‍ നായകന്‍: അഞ്ചാം ദിനം സിറാജ് ഇറങ്ങിയത് ഉറച്ച മനസോടെയായിരുന്നു. 35 റണ്‍സ് ശേഷിക്കേ ഇംഗ്ലണ്ടിന്റെ നാലു വിക്കറ്റ് വീഴ്ത്തേണ്ടിയിരുന്ന ഇന്ത്യയുടെ പ്രതീക്ഷ മുഴുവന്‍ സിറാജിലായിരുന്നു. ബുംറയില്ലെങ്കില്‍ തീക്കാറ്റാകുന്ന അതേ സിറാജില്‍. 78-ാം ഓവറില്‍ ജാമി സ്മിത്തിനെ ധ്രുവ് ജുറെലിന്റെ കൈയിലെത്തിച്ച് സിറാജ് തുടങ്ങി. ഒരറ്റത്ത് പ്രസിദ്ധ് കൃഷ്ണ റണ്ണൊഴുക്ക് തടയാന്‍ കഷ്ടപ്പെടുമ്പോള്‍ മറുവശത്ത് സിറാജ് തകര്‍ത്ത് പന്തെറിയുകയായിരുന്നു. 80-ാം ഓവറില്‍ ജാമി ഓവര്‍ട്ടണിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് മത്സരത്തെ വീണ്ടും ആവേശകരമാക്കി. എന്നാല്‍ തോളിന് പരിക്കറ്റിട്ടും ഇംഗ്ലണ്ടിനെ രക്ഷിക്കാന്‍ ക്രീസിലിറങ്ങിയ ക്രിസ് വോക്സിനെ ഒരറ്റത്ത് സംരക്ഷിച്ച് റണ്‍സടിച്ച ഗസ് ആറ്റ്കിന്‍സണ്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയായിരുന്നു. ഒടുവില്‍ 86-ാം ഓവറിലെ ആദ്യ പന്തില്‍ ആറ്റ്കിന്‍സന്റെ കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശ ജയം സമ്മാനിച്ചു.
നിര്‍ഭാഗ്യം വിക്കറ്റെടുത്ത ലോര്‍ഡ്‌സിലെ നിമിഷം
ലോര്‍ഡ്‌സില്‍ ചരിത്ര ജയം കയ്യെത്തും ദൂരത്താണ് ഇന്ത്യ കൈവിട്ടത്. 193 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത് ഒരു ഘട്ടത്തില്‍ ഏഴിന് 82 റണ്‍സെന്ന നിലയില്‍ തകര്‍ന്ന് പരാജയം മുന്നില്‍ കണ്ട ഇന്ത്യയുടെ പോരാട്ടം കണ്ട മത്സരം. ഒരറ്റത്ത് പാറ പോലെ ഉറച്ച് രവീന്ദ്ര ജഡേജ പൊരുതിയപ്പോള്‍ ഇന്ത്യ അവിശ്വസനീയമായ ജയം നേടുമെന്ന് തോന്നി. ഒടുവില്‍ 75-ാം ഓവറിലെ അഞ്ചാം പന്തില്‍ 22 റണ്‍സകലെ ആ പോരാട്ടം അവസാനിച്ചപ്പോള്‍ നിര്‍ഭാഗ്യം പിടികൂടിയത് സിറാജിനെയായിരുന്നു. അന്ന് ഇന്ത്യന്‍ ഇന്നിങ്‌സില്‍ അവസാനം പുറത്തായത് മുഹമ്മദ് സിറാജായിരുന്നു. തീര്‍ത്തും നിര്‍ഭാഗ്യമെന്ന് പറയാവുന്ന പുറത്താകല്‍.
അന്ന് 147 റണ്‍സില്‍ ഇന്ത്യയ്ക്ക് ഒമ്പതാം വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഒരറ്റത്ത് രവീന്ദ്ര ജഡേജയുടെ പോരാട്ടമായിരുന്നു ഇന്ത്യയ്ക്ക് പ്രതീക്ഷ. വാഷിങ്ടണ്‍ സുന്ദറിനെയും നഷ്ടമായി ഏഴിന് 82 റണ്‍സെന്ന നിലയിലായിരുന്ന ടീമിനെ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാറിനൊപ്പം 30 റണ്‍സും ഒമ്പതാം വിക്കറ്റില്‍ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം 35 റണ്‍സും അവസാന വിക്കറ്റില്‍ സിറാജിനൊപ്പം 23 റണ്‍സും ചേര്‍ത്ത ജഡേജയാണ് വിജയത്തിന്റെ വക്കോളമെത്തിച്ചത്.
എന്നാല്‍ ഷോയബ് ബഷീര്‍ എറിഞ്ഞ 75-ാം ഓവറിലെ അഞ്ചാം പന്തില്‍ ഇന്ത്യയുടെ ദൗര്‍ഭാഗ്യമുണ്ടായിരുന്നു. സാധാരണ പോലെ ടേണ്‍ ചെയ്തുവന്ന പന്ത് സിറാജ് കൃത്യമായി പ്രതിരോധിച്ചു. പക്ഷേ പന്തിന്റെ കറക്കം അപ്പോഴും നിലച്ചിട്ടുണ്ടായിരുന്നില്ല. സിറാജിന്റെ ബാറ്റില്‍ തട്ടി ഉരുണ്ട പന്ത് നേരേ ചെന്നുപതിച്ചത് വിക്കറ്റില്‍. ഒരു ബെയ്ല്‍ മാത്രം വീഴാന്‍ പാകത്തിന് അത്ര ശക്തികുറഞ്ഞാണ് പന്ത് വിക്കറ്റില്‍ പതിച്ചത്. ഇംഗ്ലണ്ടിന് ഭാഗ്യവും ഇന്ത്യയ്ക്ക് നിര്‍ഭാഗ്യവുമായി ആ പന്ത്. 30 പന്തുകള്‍ പ്രതിരോധിച്ചുകഴിഞ്ഞിരുന്നു അപ്പോഴേക്കും സിറാജ്. നിരാശ സഹിക്കാനാകാതെ ഒരറ്റത്ത് സിറാജ് തലകുമ്പിട്ടിരുന്നപ്പോള്‍ മറ്റേ അറ്റത്ത് 181 പന്തില്‍ നിന്ന് 61 റണ്‍സുമായി ജഡേജ നില്‍ക്കുന്നുണ്ടായിരുന്നു.
മറ്റൊരു തരത്തിലും ഒരുപക്ഷേ സിറാജിന്റെ പോരാട്ടവീര്യത്തെ തകര്‍ക്കാന്‍ അവര്‍ക്കാകുമായിരുന്നില്ല. പുറത്തായതിന്റെ നിരാശയില്‍ ബാറ്റില്‍ ഇടിച്ച് കണ്ണീരണിഞ്ഞ് പിച്ചില്‍ ഇരുന്ന സിറാജിനെ ആശ്വസിപ്പിക്കാന്‍ ആദ്യം എത്തിയത് ഹാരി ബ്രൂക്കും സാക് ക്രോളിയും ജോ റൂട്ടുമായിരുന്നു. പിന്നീട് മറ്റ് ഇംഗ്ലീഷ് താരങ്ങളുമെത്തി. സിറാജിന്റെ കണ്ണുകള്‍ അപ്പോഴേക്കും ഈറനണിഞ്ഞിരുന്നു. സിറാജിനെ കെട്ടിപ്പിടിച്ച് നെഞ്ചില്‍ കൈ അടിച്ചാണ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് താരത്തിന്റെ പോരാട്ടവീര്യത്തെ അഭിനന്ദിച്ചത്. ആ നിരാശയെല്ലാം ഓവലില്‍ അവസാന ദിനത്തിലെ ഒരൊറ്റ സ്പെല്ലുകൊണ്ട് സിറാജ് മറികടന്നിരിക്കുന്നു. മത്സര ശേഷം ഈ പ്രകടനം കൊണ്ട് ഹൈദരാബാദ് പോലീസില്‍ ഡിഎസ്പി റാങ്കില്‍ നിന്ന് സ്ഥാനക്കയറ്റം കിട്ടുമെന്ന് കേട്ടല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ചിരിയായിരുന്നു സിറാജിന്റെ മറുപടി.
എറിഞ്ഞത് 1269 പന്തുകള്‍.... 23 വിക്കറ്റ്!
പരമ്പരയിലെ അഞ്ചു ടെസ്റ്റിലും കളിച്ച ഏക പേസറാണ് സിറാജ്. ഇംഗ്ലണ്ട് നിരയിലും അഞ്ചു മത്സരം മുഴുവനായും കളിച്ച പേസര്‍മാരില്ല. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുന കൂടിയാണ് അദ്ദേഹം. ബുമ്രയുടെ വര്‍ക്ക് ലോഡിനെക്കുറിച്ച് ബിസിസിഐ അധികൃതര്‍ ആശങ്കപ്പെടുമ്പോള്‍ ഈ ചര്‍ച്ചകളിലൊന്നും കടന്നുവരാതെ ഇന്ത്യക്കായി നിര്‍ണായകസംഭാവനകള്‍ നല്‍കിയ താരം. പരമ്പരയിലെ അഞ്ചു മത്സരങ്ങളിലുമായി 211.3 ഓവറുകള്‍ അതായത് 1269 പന്തുകളാണ് സിറാജ് എറിഞ്ഞത്. 23 വിക്കറ്റുകളുമായി പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരവും സിറാജ് തന്നെ. രണ്ട് തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ബുംറയുണ്ടെങ്കില്‍ നിഴല്‍രൂപമാണ് സിറാജ്. എന്നാല്‍ ബുംറയില്ലെങ്കില്‍ അയാള്‍ മറ്റൊരു തലത്തിലേക്ക് ഉയരുന്നത് കാണാം. ബുംറ കളിക്കാതിരുന്ന ബര്‍മിങ്ങാമിലെ ആദ്യ ഇന്നിങ്‌സിലെ ആറുവിക്കറ്റ് നേട്ടവും ഓവലില്‍ വീഴ്ത്തിയ ഒമ്പത് വിക്കറ്റുകളും അതിനു തെളിവാണ്.
ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിട്ട് മുന്നേറുമ്പോള്‍ പരമ്പരയിലുടനീളം ഏറ്റവും വിശ്വസ്തതയോടെ നായകന്‍ ശുഭ്മാന്‍ ഗില്‍ പന്തേല്‍പ്പിച്ചത് സിറാജിനെയായിരുന്നു. ആ വിശ്വാസം അവസാന പന്തുവരെ കാത്തുസൂക്ഷിച്ച സിറാജിലേക്ക് തന്നെയായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനുള്ള നിയോഗം എത്തിച്ചേര്‍ന്നതും. വില്ലനല്ല, ശരിയായ ഹീറോ. നാലാം ദിനം ഹാരി ബ്രൂക്കിന്റെ നിര്‍ണായക ക്യാച്ച് കളഞ്ഞതിന്റെ പേരില്‍ ഏറെ പഴികേട്ടെങ്കിലും ഒന്നും സിറാജിനെ തളര്‍ത്താനും മാത്രം പോന്നിരുന്നില്ല. പകരം ദൃഢനിശ്ചയത്തോടെ ഓവലില്‍ ഇന്ത്യന്‍ പ്രതീക്ഷകളെ തോളിലേല്‍ക്കുകയും ഇന്ത്യക്ക് അനുകൂലമായി മത്സരം തിരിച്ചുവിടുകയും ചെയ്തത് ഇതിന് തെളിവാണ്.