മുംബൈ: ഹരിയാനയ്ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിനുള്ള മുംബൈ രഞ്ജി ടീമില്‍ ഇന്ത്യന്‍ ടി20 ഐ നായകന്‍ സൂര്യകുമാര്‍ യാദവും ഓള്‍റൗണ്ടര്‍ ശിവം ദുബെയും മത്സരത്തിന് ഇറങ്ങും. ട്വന്റി 20ക്ക് ശേഷം മത്സരത്തിനുള്ള മുംബൈ സ്വകാഡില്‍ ഇരുവരും സ്ഥാനം പിടിച്ചു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ, ശനിയാഴ്ച ലാഹ്ലിയിലാണ് ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നത്. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് മുംബൈ ക്വാര്‍ട്ടറിന് യോഗ്യത നേടിയത്. അവസാന ലീഗ് മത്സരത്തില്‍ മേഘാലയക്കെതിരെ ബോണസ് പോയന്റ് നേടിയാണ് ടീം മുന്നേറിയത്.

അതേസമയം ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 പരമ്പരയില്‍ സൂര്യകുമാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യ 4-1ന് സ്വന്തമാക്കിയ പരമ്പരയില്‍ 0, 14, 12, 0, 2 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സംഭാവന. മുംബൈക്കായി ഒരു രഞ്ജി ട്രോഫി മത്സരം മാത്രമാണ് സൂര്യ കളിച്ചിട്ടുള്ളത്. എന്നാല്‍ പരിമിത ഓവര്‍ മത്സരങ്ങളായ സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നിവയില്‍ മുംബൈക്ക് കിരീടം നേടിക്കൊടുക്കാന്‍ സൂര്യകുമാറിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

അതേസമയം രഞ്ജിയില്‍ ഇത്തവണ ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ ദുബെ ഇറങ്ങിയിരുന്നു. ഇതില്‍ മുംബൈ തോല്‍വി വഴങ്ങി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കേറ്റ് പിന്മാറിയതോടെ ദുബെക്ക് പുണെയില്‍ നടന്ന മത്സരത്തിന്റെ ഭാഗമാകാന്‍ വിളിയെത്തി. ഇതില്‍ അര്‍ധ സെഞ്ച്വറി നേടാനും താരത്തിനായി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള സ്‌ക്വാഡില്‍ സൂര്യയും ദുബെയും ഇടംനേടിയിട്ടില്ല. ഇതോടെയാണ് ഇരുവരെയും രഞ്ജി കളിക്കാന്‍ ടീമിലെത്തിച്ചത്.