- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സഞ്ജു മികച്ച താരം..ടീം ഇന്ത്യയുടെ പദ്ധതികളിൽ കൃത്യമായ സ്ഥാനമുണ്ട്; നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗൂലി; താൻ ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനാകുന്നത് കേരളത്തിൽ വച്ച്; കേരളത്തിലേത് മികച്ച കാണികളെന്നും കളിയോർമ്മകൾ പങ്കുവെച്ച് ബിസിസിഐ പ്രസിഡന്റ്
തിരുവനന്തപുരം: സഞ്ജു സാംസൺ മികച്ച താരമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. വരും മത്സരങ്ങളിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാകുമെന്ന് ഗാംഗുലി തിരുവനന്തപുരത്തു മാധ്യമങ്ങളോടു പറഞ്ഞു. ഇന്ത്യദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം കാണാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഗാംഗുലി.
''സഞ്ജുവിന് ഇന്ത്യൻ ടീമിന്റെ പദ്ധതികളിൽ കൃത്യമായ സ്ഥാനമുണ്ട്. സഞ്ജു നന്നായി കളിക്കുന്നുണ്ട്. എന്നാൽ ലോകകപ്പ് ടീമിൽ ഇടം നേടാനായില്ല. വരും മത്സരങ്ങളിൽ അദ്ദേഹം ടീമിലുണ്ടാകും.'' ഗാംഗുലി പറഞ്ഞു. മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണ് കേരളത്തിലേതെന്നും ബിസിസിഐ പ്രസിഡന്റ് പറഞ്ഞു.തനിക്കും നല്ല ഓർമ്മകൾ മാത്രമാണ് കേരളത്തെ കുറിച്ചുള്ളത്. താൻ ആദ്യമായി ക്യാപ്റ്റൻ ആയത് കേരളത്തിലെ മത്സരത്തിലായിരുന്നുവെന്നും ഗാംഗൂലി ഓർത്തെടുത്തു.
''കേരളത്തെക്കുറിച്ച് എക്കാലവും മികച്ച ഓർമകളാണുള്ളത്. ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനാകുന്നതു കേരളത്തിൽവച്ചാണ്.''''സ്വകാര്യ ആവശ്യത്തിനായി വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു വന്നിട്ടുണ്ട്. ഈ നഗരം മനോഹരമാണ്. കഴിഞ്ഞ തവണ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യൻ ടീം കളിച്ചപ്പോൾ തിരുവനന്തപുരത്തെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ കളി കാണാം. റൊട്ടേഷൻ പോളിസി അനുസരിച്ച് കേരളത്തിലേക്കു കൂടുതൽ മത്സരങ്ങൾ എത്തിക്കാൻ ശ്രമിക്കും'' ഗാംഗുലി വ്യക്തമാക്കി.രോഹൻ കുന്നുമ്മൽ, ബേസിൽ തമ്പി എന്നിവരെയും ബിസിസിഐ അധ്യക്ഷൻ പേരെടുത്തു പ്രശംസിച്ചു.
അതേസമയം മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ഇന്ത്യയുടെ ഭാവി താരമെന്നാണ് ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് പ്രതികരിച്ചത്. ബാറ്റിങ് മെഷീനുകളായ വിരാട് കോലിക്കും രോഹിത് ശർമ്മയ്ക്കും സൂര്യകുമാർ യാദവിനും പകരക്കാരനായാണ് സഞ്ജുവിനെ കരുതുന്നത്.സഞ്ജുവിനെ തഴഞ്ഞെന്ന വാദം തെറ്റെന്നും ജയേഷ് ജോർജ് പറഞ്ഞു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിലെത്തിച്ചിട്ടും 2022ൽ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിട്ടും ഏഷ്യാ കപ്പ് സ്‌ക്വാഡിലോ ടി20 ലോകകപ്പ് ടീമിലോ സഞ്ജു സാംസണിനെ ഉൾപ്പെടുത്താതിരുന്നത് വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. അടുത്തിടെ വിൻഡീസ്, സിംബാബ്വെ പര്യടനങ്ങളിൽ മികച്ച പ്രകടനം സഞ്ജു കാഴ്ചവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ എ ക്യാപ്റ്റൻ പദവി സഞ്ജുവിനെ തേടിയെത്തിയത്. ഇനിയും സഞ്ജുവിന് മുന്നിൽ അവസരങ്ങൾ തുറക്കും എന്നാണ് ബിസിസിഐ നൽകുന്ന സൂചന. ഇനി വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ സഞ്ജു ടീമിലെത്തും എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്.
സ്പോർട്സ് ഡെസ്ക്